ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂ ട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കുമെന്ന് വീണ ജോര്‍ജ്

തിരുവനന്തപുരം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസിനെ ഗവേഷണ സ്ഥാപനമായി മാറ്റിയെടുക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. ഇന്‍സ്റ്റിറ്റ്യൂട്ടിൽ നടന്ന ലോക പ്രമേഹദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മതിയായ തസ്തികകളുള്‍പ്പെടെ സൃഷ്ടിച്ച് മികച്ച സ്ഥാപനമാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. ഇപ്പോള്‍ പ്രമേഹത്തോടൊപ്പം വയോജന ചികിത്സക്കും പരിപാലനത്തിനും പുറമെ എന്റോക്രൈനോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി തുടങ്ങിയ സൂപ്പര്‍ സ്‌പെഷാലിറ്റി സേവനങ്ങള്‍ ലഭ്യമാക്കിവരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രമേഹത്തിനും പ്രമേഹാനുബന്ധ രോഗങ്ങള്‍ക്കും അത്യാവശ്യമായ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള ആശുപത്രിയായി ഈ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഉയര്‍ത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ആരോഗ്യ രംഗത്ത് കേരളം ഏറെ മുന്നിലാണെങ്കിലും ജീവിതശൈലീ രോഗങ്ങള്‍ വലിയ വെല്ലുവിളിയാണ്. രോഗ നിര്‍ണയം നടത്തി മതിയായ ചികിത്സ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി 42 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിങ് നടത്തി.

പ്രമേഹം, രക്താദിമര്‍ദം എന്നിവക്ക് പുറമെ വൃക്കകളുടെ കാര്യക്ഷമത, കണ്ണുകളിലും കാലുകളിലും ബാധിക്കുന്ന പ്രമേഹത്തിന്റെ പരിശോധന, പള്‍മണറി ഫങ്ഷന്‍ ടെസ്റ്റ്, ഡയറ്റ് കൗണ്‍സിലിങ് തുടങ്ങിയ എല്ലാ സേവനങ്ങളും ഒറ്റ കുടക്കീഴില്‍ ഈ സെന്ററുകളിലൂടെ ലഭ്യമാക്കും.

18 വയസ്സിൽ താഴെയുള്ള പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതി വഴി സൗജന്യ മരുന്ന് ലഭ്യമാക്കി വരുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സ്‌കീമില്‍ ഉള്‍പ്പെടുത്തി മരുന്ന് നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ ഓഫിസര്‍ ഡോ. അബ്ദുല്‍ റഷീദ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ഡയറക്ടര്‍ ഡോ. ജബ്ബാര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ക്ലീറ്റസ് എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - Veena George said that the Indian Institute of Diabetes will be converted into a research institute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.