തണുത്ത് മരവിച്ച് ഹൃദയമിടിപ്പ് നിലച്ചുപോയ ഒന്നരവയസുകാരനെ മരണത്തിന് വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ഒരാശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഒന്നിച്ചു പ്രവർത്തിച്ചു. വിജയിക്കുമെന്നുറപ്പില്ലാതിരുന്നിട്ടും തോൽവിക്ക് വിട്ടുകൊടുക്കാതെ അവർ നടത്തിയ കഠിന പ്രയത്നമാണ് ഈ ഒന്നര വയസുകാരന്റെ ചിരി.
ജനുവരി 24ന് ഡേകെയറിനു മുറ്റത്തെ തണുത്തുറഞ്ഞ സ്വിമ്മിങ് പൂളിൽ വീണ് അഞ്ചു നിമിഷത്തോളം പൂളിൽ തന്നെ കിടക്കേണ്ടി വന്ന ഒന്നരവയസുകാരൻ വൈലൻ സൺഡേർസ് വൈദ്യശാസ്ത്ര നിർവചന പ്രകാരം മരിച്ചു കഴിഞ്ഞിരുന്നു.
സ്വിമ്മിങ്പൂളിൽ മുഖമടിച്ച് വീണ് കിടക്കുന്ന നിലയിലായിരുന്നു കുഞ്ഞ്. അഞ്ചു നിമിഷം കുട്ടി സ്വിമ്മിങ്പൂളിൽ തന്നെയായിരുന്നു. രക്ഷാ പ്രവർത്തകരെത്തി കുഞ്ഞിനെ സ്വിമ്മിങ്പൂളിൽ നിന്ന് രക്ഷിച്ച് കാനഡയിലെ പെട്രോലിയയിലെ ഒന്റാറിയോയിലുള്ള കർലൊതെ എലീനർ ഇഗ്ലെഹാർട് ആശുപത്രിയിൽ എത്തിക്കുമ്പോൾ കുഞ്ഞ് തണുത്ത് മരവിച്ചു കഴിഞ്ഞിരുന്നു. ഹൃദയമിടിപ്പുണ്ടായിരുന്നില്ല.
ഈ ആശുപത്രിയിലാണെങ്കിൽ കുഞ്ഞുങ്ങളെ ചികിത്സിക്കാനാവശ്യമായ വലിയ സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ആ ദിവസം നഴ്സുമാർ മുതൽ ലാബ് ടെക്നീഷ്യൻമാർ വരെ എല്ലാവരും അവരുടെ ജോലി നിർത്തിവെച്ച് കുഞ്ഞിനെ രക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. മൂന്നു മണിക്കൂർ തുടർച്ചയായി അവരോരോരുത്തർ ഊഴമിട്ട് കുഞ്ഞിന് സി.പി.ആർ നൽകി.
‘ഒരു കൂട്ടം ആളുകൾ ചേർന്ന് കുഞ്ഞിന് സി.പി.ആർ നൽകിക്കൊണ്ടിരുന്നു. പല സംവിധാനങ്ങൾ ഉപയോഗിച്ച് അവർ അവന്റെ തണുത്തുമരവിച്ച ശരീരം ചൂടാക്കി.’ -ലണ്ടൻ ഹെൽത്ത് സയൻസ് സെന്ററിലെ പീഡിയാട്രിക് കെയർ യൂനിറ്റ് ഡയറക്ടർ ഡോ. ജാൻസി തിജ്സെൻ പറഞ്ഞു.
കുട്ടിയുടെ ശരീരോഷ്മാവ് 28 ഡിഗ്രി സെൽഷ്യസ് ആയിത്തുടങ്ങിയപ്പോർ അവർക്ക് അവനെ രക്ഷിക്കാനാകുമെന്ന് പ്രതീക്ഷ വന്നു തുടങ്ങി. ആ സമയം, ലണ്ടനിൽ നിന്നുള്ള ക്രിട്ടിക്കൽ കെയർ ടീം പെട്രോലിയയിലേക്ക് യാത്ര തിരിക്കുകയും കുഞ്ഞിന് സി.പി.ആർ തുടർന്നുകൊണ്ട് തന്നെ തിരികെ ക്രിട്ടിക്കൽ കെയർ യൂനിറ്റിലേക്ക് മാറ്റുകയും ചെയ്തു.
ഒരു വലിയ സംഘം തന്നെ അവന് വേണ്ടി നിലകൊണ്ടു. അവന്റെ ശരീരാവയവങ്ങൾ പ്രവർത്തിക്കാൻ തുടങ്ങുന്നത് തിരിച്ചറിഞ്ഞ് വേണ്ട എല്ലാ സഹായവും ചെയ്തു. പിന്നീട് സാവധാനം അവനെ ഉണരാൻ അനുവദിച്ചു. എല്ലാ പ്രതീക്ഷകൾക്കുമപ്പുറം അവൻ കണ്ണുകൾ തുറന്ന് പുഞ്ചിരിച്ചു.
വൈലൻ നിലവിൽ വെന്റിലേറ്റർ സഹായത്തോടെ ഇൻക്യുബേറ്ററിലാണ് കഴിയുന്നത്. അവയവങ്ങളുടെ അസ്ഥിരാവസ്ഥ പരിഹരിച്ചുകൊണ്ടിരിക്കുകയാണ്.
അവനെ ജീവനോടെ നിലനിർത്താൻ ഞങ്ങൾ വളരെയധികം പരിശ്രമിച്ചു. അതിനാൽ അവൻ പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ വേണ്ടതെല്ലാം ഞങ്ങൾ ചെയ്യും. -തിജ്സെൻ പറഞ്ഞു.
ആ മെഡിക്കൽ സംഘം എന്റെ ഹൃദയത്തിന്റെ ഭാഗമാണെന്നും ജീവതകാലം മുഴുവൻ അവരോട് നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്നും വൈലന്റെ അമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.