മനുഷ്യസമൂഹത്തെ മാറ്റിമറിച്ച ഫോൺ സാങ്കേതികവിദ്യ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ലെന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ആ റിങ് ടോൺ കേൾക്കുന്നതോടെ സമനില തെറ്റുന്നവരും പേടിക്കുന്നവരും പരിഭ്രാന്തരാകുന്നവരും നമുക്കിടയിലുണ്ടത്രെ. യുവ പ്രഫഷനലുകളിലും വിദ്യാർഥികളിലുമെല്ലാം ഇത്തരക്കാർ കൂടി വരുന്നതായും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പരസ്പരം ബന്ധിപ്പിക്കുന്ന ഉപകരണമെന്നതിൽനിന്ന് മനസ്സിന്റെ ആധി കൂട്ടുന്ന ഉപകരണമായി ഫോൺ അനുഭവപ്പെടുന്ന പ്രതിഭാസത്തെ ‘ടെലിഫോബിയ’ അഥവാ ‘ഫോൺ വിളി ആധി’ എന്നാണ് വിദഗ്ധർ വിളിക്കുന്നത്. അമിത ഉത്തേജനം, പെർഫോമൻസ് സമ്മർദം, ഡിജിറ്റൽ കാലത്തെ ആശയവിനിമയത്തിൽ വന്നിരിക്കുന്ന മാറ്റങ്ങൾ തുടങ്ങിയവയുമായി ‘ടെലിഫോബിയ’ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
റിങ്ടോണിനോടുള്ള സ്ട്രെസ് പ്രതികരണം
കടുത്ത മാനസിക സമ്മർദം കാരണമുണ്ടാകുന്ന പ്രതികരണങ്ങൾക്ക് സമാനമാണ്, ചിലർക്ക് ഫോൺ റിങ്ങിനോടുള്ളതെന്ന് പ്രമുഖ മനഃശാസ്ത്രജ്ഞ നേഹ കദംബം അഭിപ്രായപ്പെടുന്നു. ഇവരിൽ ഹൃദയ മിടിപ്പ് കൂടുക, വിയർക്കൽ, ഉൾക്കിടിലം എന്നിവയെല്ലാം ഉണ്ടാകുന്നതായും നേഹ പറയുന്നു.
‘‘ഒരു മുന്നൊരുക്കമോ, നിയന്ത്രണമോ ഇല്ലാതെ, നിങ്ങളെപ്പോഴും വൈകാരികമായി ലൈവ് ആയി നിൽക്കണമെന്നാണ് ഫോൺ കാൾ ആവശ്യപ്പെടുന്നത്. എന്തെങ്കിലും പ്രതികരണം നടത്തണമെങ്കിൽ മുന്നൊരുക്കം വേണമെന്നുള്ളവർക്ക് ഈയൊരു അടിയന്തരാവസ്ഥ താങ്ങാനാവില്ല’’ -അവർ വിശദീകരിക്കുന്നു.
‘ടെക്സ്റ്റിങ്ങും വോയ്സ് നോട്ടും കുഴപ്പമില്ല’
ഫോൺ വിളികളെ അപേക്ഷിച്ച് ടെക്സ്റ്റ് - വോയ്സ് മെസേജുകളാണെങ്കിൽ, പ്രതികരിക്കുന്നതിനു മുമ്പ് ചിന്തിക്കാനും തിരുത്താനും സമയമുണ്ടാകും. പ്രതികരണത്തിൻമേലുള്ള ഈ നിയന്ത്രണം അവരുടെ ആധി കുറക്കും. ‘തിരക്കഥയില്ലാത്ത അഭിനയം പോലെയാണ് ഫോൺ വിളി’യെന്നാണ് ഇരുപത്തഞ്ചുകാരിയായ ബാനി കൗറിന്റെ അഭിപ്രായം. ‘‘എങ്ങനെ പ്രതികരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാനാകില്ല. അപ്പുറത്തുള്ളയാളുടെ ഭാവങ്ങൾ അറിയാനും കഴിയില്ല. ഇയൊരു അനിശ്ചിതത്വം എന്നെ ഭയപ്പെടുത്തുന്നു’’ -ബാനി പറയുന്നു. ഇത്തരം മാനസികാവസ്ഥകൾക്കു പുറമെ, ചില സാഹചര്യങ്ങളും ആളുകളെ ചകിതരാക്കുന്നു. ഒരു മോശം വാർത്ത, ചില പ്രത്യേക ആളുകളുടെ വിളി പോലുള്ള സാഹചര്യങ്ങളും സമ്മർദം കൂട്ടുന്നു.
ആധി-കുറ്റബോധ ചക്രം
കാളുകൾ എടുക്കാതിരിക്കുന്നത് പലപ്പോഴും കുറ്റബോധം സൃഷ്ടിക്കും. ആധി കാരണം സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും വിളികൾക്ക് മറുപടി നൽകാത്തത്, തന്റെ അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും ആണെന്ന് തെറ്റിദ്ധരിക്കുമെന്ന ചിന്ത ഈ ആധി ഇരട്ടിപ്പിക്കും. ഭയം അവഗണിച്ച് ഫോണെടുക്കാൻ നിർബന്ധിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ചെയ്യും. മനഃശാസ്ത്രജ്ഞർ ഇതിനെ ‘കുറ്റബോധം-ആധി ചക്രം’ എന്നു വിളിക്കുന്നു. ആധി എത്ര കൂടുന്നോ, മറുപടി പറയാതിരിക്കാൻ അത്തരക്കാരുടെ മനസ്സും ശരീരവും കൂടുതൽ പ്രേരിപ്പിക്കും.
മോചനം എങ്ങനെ ?
ടെലിഫോബിയയിൽനിന്ന് മോചനം നേടാൻ വിദഗ്ധർ ചില മാർഗങ്ങളും നിർദേശിക്കുന്നുണ്ട്. വിശ്വസ്തരും ഏറെ അടുപ്പമുള്ളവരുമായവരുടെ കാളുകൾ എടുത്തുകൊണ്ട് തിരുത്തൽ നടപടി തുടങ്ങാമെന്ന് നിർദേശിക്കുന്നു. തനിക്ക് ടെലിഫോബിയ ആണെന്ന് തുറന്നു പറയുന്നത് ആശങ്കയും തെറ്റിദ്ധാരണയും കുറക്കാൻ സഹായിക്കും. ഇതു ശരീരത്തിന്റെ സ്വാഭാവിക നാഡീ പ്രതികരണമായി അംഗീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.