മുംബൈ: ലഹരിക്ക് വേണ്ടി വേദന സംഹാരികൾ ഉപയോഗിക്കുന്നത് നിയന്ത്രിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമം ഭേദഗതി ചെയ്ത് കനത്ത ശിക്ഷയും പിഴയും ചുമത്താനാണ് നീക്കം. രാജ്യത്തെ 50 ബില്യൺ ഡോളറിന്റെ ഔഷധ വിപണിയിൽ നിരീക്ഷണം കർശനമാക്കുന്നതാണ് നിയമം. ഔഷധ വ്യവസായികൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടും നിയമ ഭേദഗതിയുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം.
വേദന സംഹാരികൾ ദുരുപയോഗം ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവും കനത്ത പിഴയും ചുമത്താനുള്ള നിയമമാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ പദ്ധതി തയാറാക്കിയത്. തടവ് ശിക്ഷയിൽ മൂന്നര ഇരട്ടിയും പിഴയിൽ 28 ഇരട്ടിയും വർധനവാണ് വരുത്തുക. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈകോട്രോപിക് സബ്സ്റ്റൻസസ് നിയമത്തിന് സമാനമായ ഭേദഗതിയാണ് ആലോചിക്കുന്നത്. നിലവിലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് പരിധിയുണ്ടെന്ന് മാത്രമല്ല, നടപ്പാക്കാൻ കഴിയാത്തതുമാണ്. ഈ നിയമപ്രകാരം പരമാവധി രണ്ട് വർഷം തടവും 20,000 രൂപ പിഴയുമാണ് ചുമത്തിയിരുന്നത്. ജാമ്യം ലഭിക്കുന്നതിനാൽ നിയമം ലംഘിക്കപ്പെടുന്നത് വ്യാപകമായിരുന്നു. പുതിയ നിയമ ഭേദഗതി വരുന്നതോടെ ചുരുങ്ങിയത് ഏഴ് വർഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തും. മാത്രമല്ല, ജാമ്യം ലഭിക്കുകയുമില്ല.
2019ലെ സാമൂഹിക നീതി മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 25 ലക്ഷം പേരാണ് വേദന സംഹാരി ഉപയോഗിക്കുന്നത്. എച്ച്, എച്ച്‍വൺ, എക്സ് വിഭാഗത്തിൽപെടുന്ന മരുന്നുകളുടെ ഉപയോഗമാണ് സർക്കാർ ശക്തമായി നിരീക്ഷിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.