മാറുന്ന കാൻസർ ചികിത്സ: കീമോതെറാപ്പി മുതൽ ഭാവിയിലെ കാൻസർ ചികിത്സകൾ വരെ

കാൻസർ ചികിത്സാരംഗം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായ കീമോതെറാപ്പിയിൽ നിന്ന് തുടങ്ങി രോഗിയുടെ ജനിതക ഘടനക്കും പ്രതിരോധ ശേഷിക്കും പ്രാധാന്യം നൽകുന്ന അത്യാധുനിക ചികിത്സാ രീതികളിലേക്ക് നാം എത്തിനിൽക്കുന്നു. 

കീമോതെറാപ്പി

കാൻസർ കോശങ്ങളെ നശിപ്പിക്കാനോ വളർച്ച തടയാനോ മരുന്നുകൾ ഉപയോഗിക്കുന്ന രീതിയാണിത്. ഏതുതരം കാൻസറാണ്, രോഗം ഏത് ഘട്ടത്തിലാണ്, രോഗാവസ്ഥ എങ്ങനെയാണ്, രോഗിയുടെ ആരോഗ്യനില എന്നിവയെ ആശ്രയിച്ചാണ് കീമോതെറാപ്പി തുടങ്ങണോ എന്ന് തീരുമാനിക്കുക. സാധാരണയായി കീമോതെറാപ്പി തുടങ്ങേണ്ട സാഹചര്യങ്ങൾ ഇവയൊക്കെയാണ്.

  • കാൻസറിനെ പൂർണമായി നീക്കംചെയ്യാൻ ശസ്ത്രക്രിയ മാത്രം മതിയാകാത്തപ്പോൾ.
  • ശസ്ത്രക്രിയക്ക് മുമ്പായി കാൻസർ ചുരുക്കാൻ (Neoadjuvant chemo).
  • ശസ്ത്രക്രിയയോ റേഡിയേഷനോ കഴിഞ്ഞ് വീണ്ടും കാൻസർ വരാനുള്ള സാധ്യത കുറക്കാൻ (Adjuvant chemo).
  • ശരീരമാകെ പടർന്ന (metastatic) കാൻസർ നിയന്ത്രിക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും (Palliative chemo).
  • ലുക്കീമിയ, ലിംഫോമ, മയലോമ പോലെയുള്ള രക്തത്തിലെ കാൻസറുകൾ ചികിത്സിക്കാൻ. ഇങ്ങനെയുള്ള പലരിലും കീമോതെറാപ്പി പ്രധാന ചികിത്സയാണ്.
  • ചില ലിംഫോമ, ലുക്കിമിയ എന്നീ കാൻസറുകൾ വേഗത്തിൽ നിയന്ത്രിക്കേണ്ട അടിയന്തര സാഹചര്യങ്ങളിൽ.

സാധാരണയായി ഇഞ്ചക്ഷൻ, ഐ.വി. ഡ്രിപ്പ് എന്നിവയിലുടെയാണ് കീമോതെറാപ്പി നൽകുക. ചിലരിൽ വായിലൂടെ കഴിക്കാവുന്ന ഗുളിക രൂപത്തിലും കീമോ നൽകും. ചർമത്തിനുതാഴെ പേശികളിൽ ഇഞ്ചക്ഷനായും (Subcutaneous /Intramuscular injection) ചിലരിൽ നൽകാറുണ്ട്. ലുക്കീമിയ, ലിംഫോമ പോലുള്ള രോഗാവസ്ഥയുള്ള ചിലരിൽ സുഷുമ്‌നാനാഡിയിലെ ബ്രെയിൻ ഫ്ലൂയിഡിലേക്ക് കീമോ നൽകുന്ന ഇൻട്രാതിക്കൽ കീമോ (Intrathecal chemo) ആയും നൽകുന്നു. ചിലർക്ക് വയറിലെ പെരിറ്റോണിയൽ കാവിറ്റിയിലുടെയും കീമോ നൽകാറുണ്ട് (ഇൻട്രാപെരിറ്റോണിയൽ കീമോതെറാപ്പി). എല്ലാകാൻസറുകൾക്കും കീമോതെറാപ്പി ആവശ്യമില്ല. ചിലതിൽ സർജറി മാത്രം മതിയാകും. ചിലതിൽ റേഡിയേഷൻ, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി എന്നിവയാകും വേണ്ടിവരിക.

ടാർഗറ്റഡ് തെറാപ്പി (Targeted Therapy)

കീമോതെറാപ്പി സാധാരണ കോശങ്ങളെയും ബാധിക്കുമ്പോൾ, ടാർഗറ്റഡ് തെറാപ്പി കാൻസർ വളരാൻ സഹായിക്കുന്ന പ്രത്യേക പ്രോട്ടീനുകളെയോ ജീനുകളെയോ മാത്രം ലക്ഷ്യം വെക്കുന്നു. കാൻസർ കോശങ്ങളെ മാത്രം നശിപ്പിക്കുന്നത് കൊണ്ട് പാർശ്വഫലങ്ങൾ കുറവായിരിക്കും. ട്യൂമർ ടിഷ്യു ടെസ്റ്റ്, എൻ.ജി.എസ് (NGS) എന്നിവയിലൂടെ കൃത്യമായ 'ടാർഗറ്റ്' ഉണ്ടോ എന്ന് കണ്ടെത്തിയ ശേഷമാണ് ഈ ചികിത്സ നൽകുന്നത്.

ഇമ്യൂണോ തെറാപ്പി (Immunotherapy)

ശരീരത്തിന്റെ സ്വന്തം പ്രതിരോധ സംവിധാനത്തെ (Immune System) കാൻസറിനെതിരെ പോരാടാൻ സജ്ജമാക്കുന്ന രീതിയാണിത്. കാൻസർ കോശങ്ങൾ പ്രതിരോധ വ്യൂഹത്തെ കബളിപ്പിക്കുന്നത് തടയുന്നു (Check-point Inhibitors). ഇതിലൂടെ ദീർഘകാല ഗുണഫലങ്ങൾ ലഭിക്കുന്നു എന്നതാണ് പ്രത്യേകത.

കാർ-ടി സെൽ തെറാപ്പി (CAR-T Cell Therapy)

കാൻസർ ചികിത്സയിലെ വിപ്ലവകരമായ മുന്നേറ്റമാണിത്. രോഗിയുടെ ടി-സെല്ലുകളെ (പ്രതിരോധ കോശങ്ങൾ) ശേഖരിച്ച് ലബോറട്ടറിയിൽ ജനിതക മാറ്റം വരുത്തി, കാൻസറിനെ തിരിച്ചറിയാൻ പഠിപ്പിച്ച ശേഷം തിരികെ ശരീരത്തിലേക്ക് കടത്തിവിടുന്നു. പ്രധാനമായും രക്തത്തിലെ കാൻസറുകൾക്കാണ് ഇത് ഫലപ്രദം.

കാൻസർ വാക്‌സിനുകൾ

പ്രതിരോധ വാക്‌സിനുകൾ: എച്ച്.പി.വി. (HPV), ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനുകൾ വഴി ചില കാൻസറുകൾ വരുന്നത് തടയാം.

ചികിത്സാ വാക്‌സിനുകൾ: രോഗം വന്നവർക്ക് നൽകുന്ന വാക്‌സിനുകൾ. ഓരോ രോഗിക്കും അനുയോജ്യമായ 'പേഴ്‌സണലൈസ്‌ഡ് എം.ആർ.എൻ.എ.' (mRNA) വാക്‌സിനുകൾ ഇപ്പോൾ ഗവേഷണ ഘട്ടത്തിലാണ്.

ചികിത്സയും പാർശ്വഫലങ്ങളും

എല്ലാ ചികിത്സകൾക്കും അതിന്റേതായ പാർശ്വഫലങ്ങൾ ഉണ്ടാകാം. ക്ഷീണം, വിശപ്പില്ലായ്മ, മുടികൊഴിച്ചിൽ (ചില കീമോകളിൽ), പനി എന്നിവ ശ്രദ്ധിക്കണം. കടുത്ത പനി, ശ്വാസംമുട്ടൽ, രക്തസ്രാവം എന്നിവ കണ്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്. കൃത്യമായ ഭക്ഷണക്രമവും ശുചിത്വവും രോഗമുക്തിക്ക് അനിവാര്യമാണ്.

ഭാവിയിലെ പ്രതീക്ഷകൾ

പ്രിസിഷൻ മെഡിസിൻ: ഓരോ രോഗിയുടെയും ജനിതക പ്രത്യേകതകൾ നോക്കി മരുന്ന് നിശ്ചയിക്കുന്ന രീതി.

ലിക്വിഡ് ബയോപ്‌സി: രക്തപരിശോധനയിലൂടെ കാൻസർ സാന്നിധ്യം നേരത്തെ തിരിച്ചറിയൽ.

ആൻ്റിബോഡി-ഡ്രഗ് കോൺജുഗേറ്റ്സ് (ADC): മരുന്നിനെ ഒരു മിസൈൽ പോലെ കൃത്യമായി കാൻസർ കോശത്തിലേക്ക് മാത്രം എത്തിക്കുന്ന സാങ്കേതികവിദ്യ.

കാൻസർ ചികിത്സ എന്നത് ഇന്ന് ഭയപ്പെടേണ്ട ഒന്നല്ല, മറിച്ച് കൃത്യമായ പ്ലാനിങ്ങിലൂടെയും ആധുനിക സാങ്കേതികവിദ്യയിലൂടെയും കീഴടക്കാവുന്ന ഒന്നായി മാറിക്കഴിഞ്ഞു. കീമോതെറാപ്പിയിൽ തുടങ്ങി ജനിതക എൻജിനീയറിങ്ങും ഇമ്മ്യൂണോ തെറാപ്പിയും വരെ എത്തിനിൽക്കുന്ന ഈ വികാസം രോഗികൾക്ക് മെച്ചപ്പെട്ട ജീവിതനിലവാരവും ആത്മവിശ്വാസവും നൽകുന്നു. ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിലുള്ള ചികിത്സകൾ ലഭ്യമാകുന്നതോടെ, ഭാവിയിൽ കാൻസർ എന്ന രോഗത്തെ കൂടുതൽ ഫലപ്രദമായും വേദനാരഹിതമായും പ്രതിരോധിക്കാൻ നമുക്ക് സാധിക്കും. കൃത്യസമയത്തുള്ള രോഗനിർണ്ണയവും വിദഗ്ധ ചികിത്സയുമാണ് ഇതിൽ ഏറ്റവും പ്രധാനം.

(തയാറാക്കിയത്: ഡോ. അരുൺ ആർ വാര്യർ, സീനിയർ കൺസൽട്ടൻറ് - മെഡിക്കൽ ഓങ്കോളജി, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി)

Tags:    
News Summary - Changing cancer treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.