ചുമ മരുന്ന് ദുരന്തം; നാല് മാസം കോമയിലായിരുന്ന കുട്ടി മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ചിന്ദ്വാരയിൽ മലിനമായ ചുമ സിറപ്പുകൾ കഴിച്ച് കുട്ടികളിൽ മരിച്ച സംഭവത്തിൽ ഒരു മരണം കൂടി. വിഷാംശമുള്ള കോൾഡ്‌റിഫ് കഫ് സിറപ്പ് കഴിച്ചതിനെതുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന നാല് വയസ്സുകാരനാണ് മരിച്ചത്. നാല് മാസമായി കോമയിലായിരുന്നു കുട്ടി. നാഗ്പൂരിലെ എയിംസിൽ വെച്ചായിരുന്നു മരണം. ടിക്കബാരി ഗ്രാമത്തിൽ നിന്നുള്ള ഹർഷാണ് മരിച്ചത്.

മലിനമായ ചുമ മരുന്ന് കഴിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്റ്റംബർ മുതൽ ഹർഷ് നാഗ്പൂർ എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. അപകടകാരിയായ കോൾഡ്രിഫ് ചുമ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെ നിരവധി കുട്ടികൾ മരിച്ചിരുന്നു. ജലദോഷവും പനിയും ബാധിച്ച കുട്ടികൾക്കാണ് കഫ് സിറപ്പുകൾ ഉൾപ്പെടെയുള്ള പതിവ് മരുന്നുകൾ ഡോക്ടർ നിർദേശിച്ചത്. മരുന്ന് കഴിച്ച കുട്ടികളുടെ ആരോഗ്യനിലയിൽ ആദ്യം നേരിയ പുരോഗതി ഉണ്ടായെങ്കിലും പിന്നീട് വഷളാവുകയായിരുന്നു. തുടർന്ന് രോഗം വൃക്കകളെ ബാധിക്കുകയും ആരോഗ്യനില വഷളാക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.

മരണത്തെ തുടർന്ന് സർക്കാർ നടത്തിയ പരിശോധനയിൽ മരുന്നിന്റെ സാമ്പിളുകളിൽ 48.6 ശതമാനം ഡൈഎത്തിലീൻ ഗ്ലൈക്കോൾ കണ്ടെത്തിയിരുന്നു. പിന്നീട് മരുന്ന് നിരോധിക്കുകയും ചുമ മരുന്ന് നിർദേശിച്ച ഡോക്ടറെയും കമ്പനി സ്ഥാപകനെയും അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈയിലെ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽ ഗവൺമെന്റ് ഡ്രഗ് അനലിസ്റ്റ് പരിശോധിച്ച സിറപ്പിന്റെ സാമ്പിളിലാണ് ഡൈഎത്തിലീൻ കണ്ടെത്തിയത്. കാഞ്ചീപുരത്തെ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച കോൾഡ്രിഫ് സിറപ്പ് സാമ്പിളിൽ മായം കലർന്നതായി തമിഴ്‌നാട് ഡ്രഗ് കൺട്രോൾ അതോറിറ്റി ഒക്ടോബർ 2ന് പുറത്തിറക്കിയ റിപ്പോർട്ടിൽ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Madhya Pradesh cough syrup deaths: Four-year-old dies months after being in coma in AIIMS Nagpur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.