മധുരമില്ലാതെ എന്ത് ആഘോഷം. ആഘോഷവേളകളിൽ മധുര പലഹാരങ്ങളും എണ്ണക്കടികളും കഴിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന്റെകൂടി ഭാഗമാണ്. എന്നാൽ, പഞ്ചസാരയും എണ്ണയും അടങ്ങിയ ഇത്തരം ആഹാരപദാർഥങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. മാത്രമല്ല, ഡയറ്റ് പിന്തുടരുന്നവരാണെങ്കിൽ ഇവ കഴിച്ചതിനു ശേഷം കുറ്റബോധവും തോന്നാം. നെയ്യ്, പഞ്ചസാര, ശുദ്ധീകരിച്ച മാവ് എന്നിവയാൽ നിർമിക്കുന്ന ലഡു, ബർഫി, ഗുലാബ് ജാമുൻ പോലുള്ള പലഹാരങ്ങൾ ആഘോഷങ്ങളുടെ ഭാഗമാണ്. ഇവ സന്തോഷം നൽകുമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വർധനക്കും കാരണമാകും. ഈ അവസ്ഥ നിങ്ങളെ ക്ഷീണിതരാക്കുകയോ പെട്ടെന്ന് അസ്വസ്ഥരാക്കുകയോ ചെയ്യും. ഇത്തരം വിഷമഘട്ടങ്ങൾ ഒഴിവാക്കാനുള്ള വഴികൾ നിർദേശിക്കുകയാണ് മുംബൈയിലെ എസ്.ആർ.സി.സി ചിൽഡ്രൻസ് ഹോസ്പിറ്റലിലെ ന്യൂട്രീഷനിസ്റ്റായ ദിവ്യ അച്രേക്കർ.
പ്രോട്ടീനോ നാരുകളോ ചേർത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഊർജം നിലനിർത്താൻ സഹായിക്കും. നിങ്ങൾ മധുരപലഹാരങ്ങൾ കഴിക്കുകയാണെങ്കിൽ ഒരു പാത്രത്തിൽ തൈര്, ഒരു ഗ്ലാസ് പാൽ, അല്ലെങ്കിൽ ഒരുപിടി നട്സ് എന്നിവ കൂടി കഴിക്കുക. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും മധുരത്തോടുള്ള ആസക്തി കുറക്കുകയും ചെയ്യുന്നു. പലഹാരങ്ങൾ ചെറിയ അളവിൽ കഴിക്കുക എന്നതാണ് മറ്റൊരു പോംവഴി. കുറ്റബോധമില്ലാതെ ആസ്വദിക്കാൻ കഴിയുന്ന തരത്തിൽ ചെറു കഷണങ്ങളാക്കി കഴിക്കുക. ഇവയെ ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നതിലല്ല, മറിച്ച്, സന്തുലിതാവസ്ഥ നിലനിർത്തുകയാണ് പ്രധാനം. ശുദ്ധീകരിച്ച പഞ്ചസാരക്ക് പകരം ശർക്കരയോ ഈത്തപ്പഴമോ കഴിക്കുന്നതും കൊഴുപ്പ് കുറഞ്ഞ പാൽ പാചകത്തിനായി തിരഞ്ഞെടുക്കുന്നതും രുചിയും പോഷകവും വർധിപ്പിക്കും.
വീട്ടിൽ തയാറാക്കാം
പലഹാരങ്ങൾ നിങ്ങൾ സ്വയം ഉണ്ടാക്കിയാൽ എണ്ണയുടെ ഗുണനിലവാരവും ഉപ്പിന്റെ അളവും നിയന്ത്രിക്കാം. ഓട്സ് അല്ലെങ്കിൽ തിന പോലുള്ള ധാന്യങ്ങൾ ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുന്ന ലഘുഭക്ഷണങ്ങളിലെ നാരുകൾ ദഹനം മെച്ചപ്പെടുത്തും. ഇത് ആവശ്യത്തിന് മാത്രം കഴിക്കാൻ പ്രേരിപ്പിക്കുന്നു. എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. ഭക്ഷണത്തിനും ലഘുഭക്ഷണത്തിനും നിശ്ചിത സമയം നിശ്ചയിക്കുക. ഇടക്കിടെ കഴിക്കുന്നത് ഒഴിവാക്കുക. സാവധാനം കഴിക്കുക. കുട്ടികൾ പലപ്പോഴും മുതിർന്നവരുടെ ഭക്ഷണശീലങ്ങൾ അനുകരിക്കാറുണ്ട്. മാതാപിതാക്കൾ ശ്രദ്ധയോടെ ഭക്ഷണം കഴിക്കുന്നത് കുട്ടികൾ മാതൃകയാക്കും. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ ഇങ്ങനെയാണ് കെട്ടിപ്പടുക്കുന്നത്.
വെള്ളം കുടിക്കാൻ മറക്കരുത്
ആഘോഷ വേളകൾ തിരക്കേറിയതായിരിക്കും. അതിഥികൾ, അലങ്കാരങ്ങൾ, മധുരപലഹാരങ്ങൾ എന്നിവയാൽ വീട് നിറഞ്ഞിരിക്കും. ആഘോഷത്തിനിടയിൽ, ആളുകൾ പലപ്പോഴും ആവശ്യത്തിന് വെള്ളം കുടിക്കാൻ മറക്കുന്നു. നിർജലീകരണം അസിഡിറ്റിക്ക് കാരണമാകുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.