ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം
ആയഞ്ചേരി: നിപ മരണം സ്ഥിരീകരിച്ച് ഒമ്പത് വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിലായ ആയഞ്ചേരിയിൽ മതിയായ ജീവനക്കാരില്ലാതെ കടമേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താളംതെറ്റുന്നു. മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്ന മൂന്ന് ജെ.പി എച്ച്.എൻ, ഒരു ജെ.എച്ച്.ഐ, ഒരു പബ്ലിക് ഹെൽത്ത് നഴ്സ് എന്നീ തസ്തികകളിലേക്ക് നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങിയവർക്ക് പലതവണ നിവേദനം നൽകിയിട്ടും പരിഹാരമായില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു പറഞ്ഞു.
കഴിഞ്ഞദിവസം നിപ ബാധിച്ച് മരിച്ച ആളുമായുള്ള സമ്പർക്കത്തിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ, സ്റ്റാഫ് നഴ്സുമാർ, ഫാർമസിസ്റ്റ് തുടങ്ങിയ ജീവനക്കാർ ക്വാറന്റീനിൽ കഴിയുന്നതിനാൽ വൈകീട്ട് ആറുവരെ പ്രവർത്തിച്ചിരുന്ന ഒ.പി. പരിശോധന രണ്ടു വരെയാക്കി കുറച്ചിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതിനാൽ പ്രദേശത്തെ രോഗികൾക്ക് പുറത്തുപോകാൻ പറ്റാത്ത സാഹചര്യത്തിൽ ഒ.പി പരിശോധന സമയം ആറുവരെ ലഭ്യമാകാത്തത് പ്രയാസം സൃഷ്ടിക്കുകയാണ്. നിലവിലുള്ള ജീവനക്കാർക്ക് നിപ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് വീടുകളിലെ വിവരശേഖരണം അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ചുമതലയുള്ള സാഹചര്യത്തിൽ ആശുപത്രിപ്രവർത്തനം സുഗമമായി നടത്താൻ ഒഴിവുള്ള തസ്തികകളിൽ ജീവനക്കാരുടെ നിയമനം നടത്തണമെന്നാണ് ആവശ്യം.
ഒഴിവുള്ള തസ്തികകളിൽ ഉടൻ ജീവനക്കാരെ നിയമിക്കണമെന്ന് കഴിഞ്ഞദിവസം ജില്ല കലക്ടർ വിളിച്ചുചേർത്ത ദുരന്തനിവാരണ സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കാട്ടിൽ മൊയ്തു ആവശ്യപ്പെട്ടിരുന്നു.
ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആവശ്യമായ ജീവനക്കാരെ എത്തിക്കാൻ നടപടിയുണ്ടാകണമെന്ന് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ ജില്ല മെഡിക്കൽ ഓഫിസർക്ക് സമർപ്പിച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.