പ്രതീകാത്മക ചിത്രം

കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ഗുരുതരമാകുന്നത് എന്തുകൊണ്ട്‍?

പൊതുവേ ​പ്രായമായവരിൽ കണ്ട് വരുന്ന ​പ്രമേഹം കുട്ടികളിൽ ഗുരുതരമായി കാണപ്പെടുന്നതിന്റെ കാരണങ്ങൾ കണ്ടെത്തി ശാസ്ത്രഞ്ജർമാർ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന പാൻക്രിയാസിലെ കോശങ്ങളുടെ സംവിധാനത്തെ ആക്രമിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. സ്റ്റീവ് മോർഗൻ ഫൗണ്ടേഷൻ, ഡയബറ്റിസ് യു.കെ, ബ്രേക്ക്‌ത്രൂ ടി1ഡി എന്നിവർ സംഘടിപ്പിച്ച ടൈപ്പ് 1 ഡയബറ്റിസ് ഗ്രാൻഡ് ചലഞ്ചിന്റെ ഭാഗമായിട്ടായിരുന്നു ഈ ഗവേഷണം. പഠനത്തിലൂടെ ടൈപ്പ് 1 പ്രമേഹം മുതിർന്നവരേക്കാൾ കുട്ടികളിൽ വളരെ വേഗത്തിൽ പുരോഗമിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കുകയാണ് ബ്രേക്ക്‌ത്രൂ T1D യിലെ ഡയറക്ടർ റേച്ചൽ കോണർ.

ഏഴ് വയസ്സിന് താഴെയുള്ള കുട്ടികളിൽ പാൻക്രിയാസ് വികസിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷണം ചൂണ്ടിക്കാണിക്കുന്നു. എന്നാൽ പുതുതായി വികസിപ്പിച്ചെടുത്ത മരുന്നുകൾ പാൻക്രിയാസിന് വളർച്ച പ്രാപിക്കാൻ സമയം നൽകി രോഗം വൈകിപ്പിക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. യു.കെയിൽ ഏകദേശം 400,000 ആളുകളെ ടൈപ്പ് 1 പ്രമേഹം ബാധിക്കുന്നുണ്ടെന്നാണ് കണക്കുകൾ.

ചെറുപ്പത്തിൽ തന്നെ രോഗനിർണയം നടത്തുന്ന കുട്ടികൾക്ക് കൗമാരത്തിലോ അതിനുശേഷമോ രോഗനിർണയം നടത്തുന്നവരെ അപേക്ഷിച്ച് കൂടുതൽ ആക്രമണാത്മകമായ രോഗം ഉണ്ടാകുന്നത് എന്തുകൊണ്ടെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പ്രത്യേകിച്ച് ഏഴ് വയസ്സിന് താഴെയുള്ളവർക്ക്. പാൻക്രിയാസിൽ വസിക്കുന്ന ബീറ്റാ കോശങ്ങളുടെ വികാസമാണ് ഇതിന് കാരണമെന്ന് സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ ഇൻസുലിൻ ഹോർമോൺ പുറത്തുവിടുന്നത് ഈ കോശങ്ങളാണ്.

എക്സെറ്റർ സർവകലാശാലയിലെ ഗവേഷകർ 250 ദാതാക്കളിൽ നിന്ന് പരിശോധിച്ച പാൻക്രിയാസ് സാമ്പിളുകളിൽ ടൈപ്പ് 1 പ്രമേഹത്തിലെ ബീറ്റാ കോശങ്ങൾ സാധാരണയായി എങ്ങനെ രൂപം കൊള്ളുന്നുവെന്ന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. തുടക്കത്തിൽ ഇത്തരം ബീറ്റാ കോശങ്ങൾ ചെറിയ കൂട്ടങ്ങളായോ വ്യക്തിഗത കോശങ്ങളായോ ആണ് കാണപ്പെട്ടിരുന്നത്. എന്നാൽ പ്രായമാകുന്നതോടൊപ്പം അവയുടെ എണ്ണം ഉയർന്ന് ലാംഗർഹാൻസ് ആയി രൂപപ്പെടുന്നു. ഇത് രോഗിയുടെ ശരീരത്തിലെ ശേഷിക്കുന്ന കോശങ്ങൾക്ക് മേൽ എന്താണ് ചെയ്യുന്നതെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ചെറിയ ക്ലസ്റ്ററുകളിലെ ബീറ്റാ സെല്ലുകൾ പറിച്ചെടുത്ത് നശിപ്പിച്ചത് കൊണ്ട് അവക്ക് ഒരിക്കലും പക്വത പ്രാപിക്കാൻ അവസരം ലഭിച്ചില്ല. ടൈപ്പ് 1 പ്രമേഹത്തിന് ഇത് വളരെ പ്രധാനപ്പെട്ട ഒരു കണ്ടെത്തലാണെന്നും കുട്ടികളിൽ ഈ രോഗം കൂടുതൽ ആക്രമണാത്മകമാകുന്നത് എന്തുകൊണ്ടാണെന്ന് ഇത് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എക്സെറ്റർ സർവകലാശാലയിലെ ഡോ. സാറ റിച്ചാർഡ്‌സൺ പറഞ്ഞു.

അതിനാൽ ഇപ്പോൾ ടൈപ്പ് 1 രോഗനിർണയം നടത്തുന്ന കുട്ടികളുടെ ഭാവി മെച്ചപ്പെട്ടതാണെന്നും അവർ പറഞ്ഞു. ആരോഗ്യമുള്ള കുട്ടികളെ പരിശോധിക്കുന്നതിനുള്ള സാധ്യതയും അത് വൈകിപ്പിക്കുന്നതിനുള്ള പുതിയ ഇമ്മ്യൂണോ തെറാപ്പി മരുന്നുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. രോഗപ്രതിരോധ സംവിധാനമായ ടെപ്ലിസുമാബിന് യു.കെ ലൈസൻസ് നൽകിയിട്ടുണ്ട്. ബീറ്റാ കോശങ്ങളെ ആക്രമിക്കുന്നത് തടയാനും അവ പക്വത പ്രാപിക്കാൻ സമയം നൽകാനും കഴിയുന്ന ഒരു ഇമ്മ്യൂണോ തെറാപ്പിയാണിത്. കുട്ടികളിലെ ടൈപ്പ് 1 പ്രമേഹ ചികിത്സക്കായി ഞങ്ങളുടെ പക്കൽ പുതിയ മരുന്നുകൾ ഉള്ളതിനാൽ ചെറുപ്പക്കാരിൽ പ്രമേഹം ബാധിക്കുന്നതിൽ നിന്നും തടയാനും കാലതാമസം വരുത്താനും ഇവക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. റിച്ചാർഡ്സൺ പറഞ്ഞു.

ചെറുപ്പക്കാരായ കുട്ടികളിൽ ടൈപ്പ് 1 പ്രമേഹം ഇത്ര ആക്രമണാത്മകമാകുന്നത് എന്തുകൊണ്ടെന്ന് കണ്ടെത്തുന്നത് രോഗപ്രതിരോധ ആക്രമണം മന്ദഗതിയിലാക്കുകയോ നിർത്തുകയോ ചെയ്യും. ഇൻസുലിൻ തെറാപ്പി ഇല്ലാതെ കുട്ടികൾക്ക് കൂടുതൽ വിലയേറിയ വർഷങ്ങൾ നൽകാനും, ഒരു ദിവസം അതിന്റെ ആവശ്യകത പൂർണ്ണമായും തടയാനും ലക്ഷ്യമിട്ടുള്ള പുതിയ ഇമ്മ്യൂണോ തെറാപ്പികൾ വികസിപ്പിക്കുന്നതിനുള്ള വാതിൽ തുറക്കുന്നുവെന്നും ഡയബറ്റിസ് യു.കെയിലെ ഗവേഷണ ക്ലിനിക്കൽ ഡയറക്ടർ ഡോ. എലിസബത്ത് റോബർട്ട്സൺ പറഞ്ഞു.

Tags:    
News Summary - Scientists discover why type 1 diabetes is worse in children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.