രാജ്യം മൊത്തം ദീപാവലി ആഘോഷിക്കുന്ന തിരക്കിലാണ്. വടക്കേ ഇന്ത്യയിലെയും അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെയും അത്ര വിപുലമായി കേരളത്തില്‍ ആഘോഷങ്ങള്‍ ഇല്ലെങ്കിലും അതിര്‍ത്തി ജില്ലകളില്‍ വളരെ വിപുലമായ രീതിയിലാണ് ദീപാവലി കൊണ്ടാടുന്നത്. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും പടക്കങ്ങള്‍ പൊട്ടിച്ചും ദീപാവലി കെങ്കേമമാക്കുന്നു. എന്നാൽ ദീപാവലി ആഘോഷിക്കുന്ന ദിവസങ്ങളിലും അതിന് തൊട്ടുമുമ്പുള്ളതും ശേഷമുള്ളതുമായ ദിവസങ്ങളിലും ഇന്ത്യയിലെ ആശുപത്രികളിൽ പൊള്ളലേറ്റ കേസുകൾ ഗണ്യമായി വർധിക്കാറുണ്ട്. ഈ കേസുകളിൽ ഭൂരിഭാഗവും പടക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ടാണ്. പൊള്ളലുകളും മുറിവുകളും സംഭവിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ കരുതൽ വേണമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദീപാവലിയുമായി ബന്ധപ്പെട്ട പൊള്ളലേറ്റ പരിക്കുകളിൽ 60% മുതൽ 80% വരെ പടക്കം പൊട്ടിക്കുന്നത് മൂലമാണ് എന്നാണ്. പൊതുവെ കൈകൾ, മുഖം, കണ്ണ്, താഴ്ഭാഗത്തെ കാലുകൾ എന്നിവക്കാണ് പരിക്കുകൾ കൂടുതലായി സംഭവിക്കുന്നത്. പൊട്ടാതെ കിടക്കുന്ന പടക്കങ്ങൾ വീണ്ടും കത്തിക്കാൻ ശ്രമിക്കുമ്പോഴോ, കൈയ്യിൽ വെച്ച് പൊട്ടിക്കുമ്പോഴോ, റോക്കറ്റുകൾ വഴി തെറ്റിപ്പോകുമ്പോഴോ ആണ് ഗുരുതരമായ പരിക്കുകൾ സംഭവിക്കുന്നത്. മൺചിരാതുകളിൽ നിന്നും മെഴുകുതിരികളിൽ നിന്നും തീ പിടിക്കുന്ന സംഭവങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇവ പ്രധാനമായും വസ്ത്രങ്ങളിൽ തീ പിടിക്കുന്നത് മൂലമാണ് സംഭവിക്കുന്നത്. ദീപാവലി ആഘോഷ വേളയിൽ പൊള്ളൽ ഏൽക്കാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
സുരക്ഷിത അകലം: പടക്കം പൊട്ടിക്കുമ്പോൾ ആളുകളിൽ നിന്നും പെട്രോൾ പോലുള്ള കത്തുന്ന വസ്തുക്കളിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കുക.
ശരിയായ വസ്ത്രധാരണം: കട്ടിയുള്ള കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക. നൈലോൺ, പോളിയെസ്റ്റർ, സിന്തറ്റിക് പോലുള്ള എളുപ്പം തീ പിടിക്കുന്നതും അയഞ്ഞതുമായ വസ്ത്രങ്ങൾ പൂർണ്ണമായും ഒഴിവാക്കുക.
വെളിച്ചം പകരാൻ: പടക്കം കത്തിക്കാൻ എപ്പോഴും നീളമുള്ള തിരികളോ/പൂത്തിരി കമ്പിയോ ഉപയോഗിക്കുക. കത്തിക്കുമ്പോൾ പടക്കത്തിന് മുകളിലേക്ക് കുനിഞ്ഞുനിൽക്കുന്നത് ഒഴിവാക്കുക.
നിയന്ത്രിത ഉപയോഗം: കൈയ്യിൽ വെച്ച് പൊട്ടിക്കുന്ന പടക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. പൊട്ടാത്ത പടക്കങ്ങൾ വീണ്ടും കത്തിക്കാൻ ശ്രമിക്കരുത്. അവയിൽ വെള്ളം ഒഴിച്ച് സുരക്ഷിതമായി ഒഴിവാക്കുക.
അടിയന്തര സാഹചര്യം: തീ കെടുത്തുന്നതിനായി വെള്ളം നിറച്ച ബക്കറ്റ്, മണൽ, അല്ലെങ്കിൽ ഒരു ചെറിയ ഫയർ എക്സ്റ്റിംഗ്വിഷർ എന്നിവ അടുത്തുവെക്കുക.
കുട്ടികളുടെ സുരക്ഷ: കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ മുതിർന്നവരുടെ നിരന്തരമായ ശ്രദ്ധയും മേൽനോട്ടവും ഉറപ്പാക്കുക. തീപ്പൊരികൾ കുറവായ പൂത്തിരി, മത്താപ്പ് തുടങ്ങിയവ മാത്രം കുട്ടികൾക്ക് നൽകുക. പടക്കം പൊട്ടിച്ച് കഴിഞ്ഞ ഉടൻ കുട്ടികൾ കൈകൾ നന്നായി സോപ്പിട്ട് കഴുകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. കാരണം, പടക്കങ്ങളിൽ വിഷാംശമുള്ള പൊടികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
സ്ഥലം ഉറപ്പാക്കുക: ദീപങ്ങൾ കത്തിച്ച് വെക്കുമ്പോൾ, വസ്ത്രങ്ങൾ, കർട്ടനുകൾ, പേപ്പറുകൾ, അലങ്കാര വസ്തുക്കൾ എന്നിവയിൽ നിന്ന് തീ പടരാത്ത വിധത്തിൽ സുരക്ഷിതമായ സ്ഥലത്ത് വെക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.