അന്തരീക്ഷ താപനില വർധിക്കുന്നതിനെതുടർന്ന് മനുഷ്യനെ കാർന്നു തിന്നുന്ന മാരക ഫംഗസുകൾ ആഗോളതലത്തിൽ വ്യാപിക്കുമെന്ന് ഗവേഷകർ

അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനപഹരിക്കാൻ ശേഷിയുള്ള മാരകമായ ഫംഗസുകൾ ആഗോളതലത്തിൽ വ്യാപിക്കുമെന്ന് ഗവേഷണ റിപ്പോർട്ട്. ആസ്പർഗില്ലസ് കുടുംബത്തിൽപ്പെട്ട അപകടകാരികളായ ഫംഗസുകളെകുറിച്ചാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിലെ ശാസ്ത്ജ്ഞർ നടത്തിയ പഠന റിപ്പോർട്ട് ഈ മാസമാണ് പുറത്ത് വന്നത്.

ശ്വാസ കോശത്തെ ബാധിച്ച് പീന്നീട് തലച്ചോറിലേക്ക് വരെ വ്യാപിക്കാൻ സാധ്യതയുള്ള ആസ്പർഗില്ലോസ് ഫംഗസുകളുടെ ഗ്രൂപ്പാണ് ആസ്പർഗില്ലസ്. ചില ഭക്ഷണ പദാർഥങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ചില ആസ്പർഗില്ലസ് സ്പീഷിസുകൾ ഉപയോഗിക്കാറുണ്ടെങ്കിലും ഇത്തരം ഫംഗസുകൾ ആരോഗ്യത്തിന് അപകടകരമാണ്.

ആസ്പർഗില്ലസുകൾ അന്തരീക്ഷത്തിലേക്ക് വലിയ തോതിൽ ബീജ കോശങ്ങൾ പുറന്തള്ളുന്നുണ്ട്. അവ ശ്വസിക്കുന്നതുകൊണ്ട് വലിയ ആരേോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറില്ലെങ്കിലും ക്യാൻസർ, ആസ്തമ, കോവിഡ്-19, മറ്റ് ശ്വാസ, കോശ അസുഖങ്ങൾ എന്നിവ ഉള്ളവരിൽ ആരോഗ്യ സ്ഥിതി ഗുരുതരമാക്കും.

ശരീരത്തിലെത്തുന്ന ഫംഗസിന്റെ ബീജ കോശങ്ങളെ പ്രതിരോധിക്കാൻ ശരീരത്തിനു കഴിഞ്ഞില്ലെങ്കിൽ അവ ശരീരത്തിൽ തങ്ങി ശരീരം തിന്നാൻ തുടങ്ങുമെന്നാണ് മാഞ്ചസ്റ്റർ യൂനിവേഴ്സിറ്റിയിലെ ഗവേഷകനായ നോർമൻ വാൻ റിജിൻ പറയുന്നത്.

ഏകദേശം 20 മുതൽ 40 ശതമാനം വരെയാണ് ആസ്പർഗില്ലോസിസിന്റെ മരണ നിരക്ക്. സാധാരണ അസുഖ ലക്ഷണങ്ങളായ പനി, ചുമ എന്നിവയാണ് ഇതിൻറെ ലക്ഷണങ്ങൾ എന്നതുകൊണ്ട് തന്നെ എളുപ്പം തിരിച്ച‍റിയാനാകില്ല. അന്തരീക്ഷത്തിലെ ചൂട് വർഷംപ്രതി വർധിക്കുന്നതിനനുസരിച്ച് ചൈന, റഷ്യ, നോർത്ത അമേരിക്ക, ഏഷ്യ എന്നിവിടങ്ങിൽ ഫംഗസ് വ്യാപിക്കുമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ആസ്പർഗില്ലസുകളുടെ വ്യാപനത്തെക്കുറിച്ച് വിലയിരുത്താൻ വെൽകം ട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റിൻറെ ധനസഹായത്തോടെ നടത്തിയ പഠനത്തിലാണ് വെളിപ്പെടുത്തൽ. വൈറസുകളുമായി താരതമ്യം ചെയ്യുമ്പോൾ ഫംഗസുകളെകുറിച്ച് പഠനങ്ങൾ കുറവാണ്. എന്നാൽ ഭാവിയിൽ ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് വാൻ റിജിൻ പറയുന്നത്.

ഉയർന്ന ഊഷ്മാവിൽ ഫംഗസിന് അധിവേഗം വളരാൻ കഴിയുമെന്ന് എക്സീറ്റർ യൂനിവേഴ്സിറ്റിയിലെ എം.ആർ.സി സെന്റ്ർ ഫോർ മെഡിക്കൽ മൈക്കോളജി സഹ ഡയറക്ടർ പ്രൊഫസർ എലയ്ൻ ബിഗ്നെൽ പറയുന്നു. 2022ൽ ലോകാരോഗ്യ സംഘടന ആസ്പർഗില്ലസിനെ അപകടകാരികളായ ഫംഗസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

Tags:    
News Summary - Research report on Aspergillus fungus spread

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.