നമ്മുടെ വീടുകളിൽ സാധാരണയായി മത്തൻ കറിവെക്കാനെടുത്തതിന് ശേഷം കുരു വലിച്ചെറിയുകയാണ് പതിവ്. എന്നാൽ മത്തൻകുരുവിന്‍റെ ആരോഗ്യഗുണങ്ങൾ കേട്ടാൽ ആരും വലിച്ചെറിയില്ല...വൈറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് ഈ കുഞ്ഞൻ കുരു. ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി പല ആരോഗ്യഗുണങ്ങളും ലഭിക്കും. മത്തൻകുരുവിന്‍റെ ആരോഗ്യ ഗുണങ്ങളറിയാം...
ആന്‍റി ഓക്സൈഡുകൾ നിറഞ്ഞതും മഗ്നീഷ്യം, സിങ്ക്, ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടവുമാണ് മത്തൻകുരു. അതിനാൽ ഹൃദയാരോഗ്യത്തിനും ഹൃദയാഘാത സാധ്യത കുറക്കുന്നതിനും കഴിയും. ദിവസവും മിതമായ രീതിയിൽ കുരു കഴിക്കുന്നത് ഗുണം ചെയ്യും. ഫാറ്റി ആസിഡുകൾ രക്തക്കുഴലുകൾ ശുദ്ധീകരിക്കുന്നതിനും മോശം കൊളസ്ട്രോൾ കുറക്കുന്നതിനും സഹായിക്കും.
മത്തൻ കുരുവിലുള്ള ട്രിപ്റ്റോഫാനിനെ ശരീരം സെറോടോണിനാക്കി മാറ്റും. ഇത് സമ്മർദവും ഉത്കണ്ഠയും അകറ്റാനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കും. മികച്ച ഉറക്കവും പ്രദാനം ചെയ്യും.
കരോട്ടിനോയ്ഡ്, വിറ്റാമിൻ ഇ എന്നീ ആന്‍റിഓക്സൈഡുകൾ അടങ്ങിയതിനാൽ മുറിവുകളും വ്രണങ്ങളും എളുപ്പത്തിൽ മാറാൻ സഹായിക്കും.
മഗ്നീഷ്യം മത്തൻകുരുവിൽ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകളുടെ ബലം മെച്ചപ്പെടുത്താൻ സഹായിക്കും. തുടർച്ചയായി കുതിർത്ത മത്തൻകുരു കഴിക്കുന്നത് എല്ലുകൾ ശക്തിപ്പെടുത്താനും അസ്ഥിക്ഷയം തടയാനും സഹായിക്കുന്നുണ്ട്.
ഡയറ്റിൽ മത്തൻകുരുവിനെ ഉൾപ്പെടുത്താം
ദിവസവും അഞ്ച് മത്തൻകുരുവെങ്കിലും കുതിർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പ്രഭാത ഭക്ഷണത്തിന്‍റെ കൂടെ കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കും.
മത്തൻകുരു വറുത്ത് കഴിക്കാവുന്നതാണ്. നിങ്ങളുടെ ആവശ്യാനുസരണം മധുരമോ എരിവോ ഉപയോഗിച്ച് വറുത്തെടുക്കാം. വെണ്ണയിലോ ഒലിവ് എണ്ണയിലോ വറുത്ത് കഴിക്കുന്നത് മത്തൻകുരുവിന്‍റെ സ്വാദ് കൂട്ടും.
പ്രഭാത ഭക്ഷണത്തിൽ സ്മൂത്തികൾ ഉൾപ്പെടുത്തുന്നവരുണ്ട്. അവർക്ക് മത്തൻകുരു ചേർക്കാവുന്നതാണ്. വെള്ളത്തിൽ കുതിർത്ത മത്തൻകുരു നിങ്ങളുടെ ആരോഗ്യം മാത്രമല്ല, സൗന്ദര്യവും വർധിപ്പിക്കും.
പ്രഭാത ഭക്ഷണത്തിന്‍റെ കൂടെയോ അല്ലെങ്കിൽ പുഡിങ്, കപ്പ് കേക്കുകൾ എന്നിവ ഉണ്ടാക്കുമ്പോൾ മത്തൻകുരു ടോപ്പിങ്ങായി ചേർക്കുന്നത് ഗുണം ചെയ്യും.
മത്തൻകുരു ഉപ്പ് പുരട്ടി ഉണക്കി എടുക്കാം. ദിവസങ്ങളോളം കേടുവരാതെ ഇരിക്കും. നാല് മണി പലഹാരമായിട്ട് കഴിക്കുകയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.