പ്രോട്ടീന്‍ അലര്‍ജി; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

നിലക്കടല ഏറെ ആരോഗ്യദായകമാണ്. പാല്‍, കടല്‍ മത്സ്യങ്ങള്‍ എന്നിവയും രുചിയേക്കാള്‍ ശരീരത്തിന് ഗുണം നല്‍കുന്നവയാണ്. എന്നാല്‍, ചിലര്‍ക്ക് ഇത്തരം ഭക്ഷണങ്ങളെല്ലാം പേടിസ്വപ്നമാണ്. കാരണം, കഴിച്ചുതീരുംമുമ്പ് അലര്‍ജിയുടെ വിവിധ ഭാവങ്ങള്‍ ശരീരത്തില്‍ അനുഭവപ്പെട്ടുതുടങ്ങും. അതുകൊണ്ടുതന്നെ, കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇത്തരം ഭക്ഷണങ്ങളെ സ്വന്തം പ്ലേറ്റില്‍നിന്ന് അകറ്റിനിര്‍ത്താന്‍ നിര്‍ബന്ധിതരാകുന്നവര്‍ ധാരാളമുണ്ട്. പ്രോട്ടീന്‍ അലര്‍ജി എന്നറിയപ്പെടുന്ന ഈ അവസ്ഥയാണ് ഇതിനുപിന്നില്‍.

എന്താണ് പ്രോട്ടീന്‍ അലര്‍ജി?

പ്രോട്ടീന്‍ അടങ്ങിയ ആഹാര പദാർഥങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ പലതരത്തിലുള്ള അലര്‍ജി അനുഭവപ്പെടുന്ന അവസ്ഥയാണിത്‌. വലിയ അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശരീരത്തിലെത്തുമ്പോള്‍ കൃത്യമായ രീതിയില്‍ ദഹനം നടക്കാതിരിക്കുകയും ശേഷം ഇത് രക്തത്തില്‍ എത്തുന്നതോടെ ശരീരത്തിലെ പ്രതിരോധ സംവിധാനം പ്രതിപ്രവര്‍ത്തനം നടത്തുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് പ്രോട്ടീന്‍ അലര്‍ജി അനുഭവപ്പെടുന്നത്.

പാല്‍, പാലുൽപന്നങ്ങള്‍, കടല, പരിപ്പുവർഗങ്ങള്‍, തോടുള്ള മത്സ്യങ്ങള്‍, സോയ അടങ്ങിയ ഉൽപന്നങ്ങള്‍, ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ (ഗോതമ്പ്, ഓട്സ്, ബാര്‍ലി തുടങ്ങിയവ) എന്നിവ കഴിക്കുന്ന സമയത്താണ് പലരിലും അലര്‍ജി കൂടുതലായി അനുഭവപ്പെടുക. എന്നാല്‍, കൃത്യമായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ വളരെ ചെറിയ അളവില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പോലും വലിയ അസ്വസ്ഥതകള്‍ അനുഭവപ്പെടും. മാത്രമല്ല, ആരംഭഘട്ടത്തില്‍ അലര്‍ജിക്ക് കാരണമാകാത്ത പല ഭക്ഷണങ്ങളും പിന്നീട് ഇത്തരം അലര്‍ജിക്ക് കാരണമാകുകയും ചെയ്യും. പ്രോട്ടീന്‍ അലര്‍ജി അനുഭവിക്കുന്നവരിലെല്ലാം ഒരേ ഭക്ഷണങ്ങള്‍തന്നെ അലര്‍ജിക്ക് കാരണമാകണമെന്നില്ല. ഓരോരുത്തരുടെയും ശാരീരികാവസ്ഥകള്‍ക്ക് അനുസരിച്ച് വ്യത്യാസങ്ങള്‍ അനുഭവപ്പെടാം.

ചിലരില്‍ ചര്‍മം ചുവന്ന് പാടുകള്‍ വരുക, ചൊറിച്ചില്‍ അനുഭവപ്പെടുക, ശരീരം മുഴുവന്‍ തിണര്‍ത്തു പൊങ്ങുക, കറുത്ത പാടുകള്‍, ശരീരം നീരുവെക്കുക, അമിതമായ ക്ഷീണം എന്നിവ അനുഭവപ്പെടാം. തീവ്രമാകുന്ന അവസ്ഥയില്‍ എക്സിമ പോലുള്ള അവസ്ഥകളിലേക്ക് വഴിമാറുകയും ചെയ്യും. ഒരു ഭക്ഷണം കഴിക്കുമ്പോള്‍ അതിലടങ്ങിയ ഘടകങ്ങള്‍ മനസ്സിലാക്കി മാത്രം കഴിക്കേണ്ടത് പ്രധാനമാണ്. ചെറിയ അംശം പോലും പലപ്പോഴും പ്രോട്ടീന്‍ അലര്‍ജിക്ക് കാരണമാകും.


ഭക്ഷണം ദഹിക്കാത്ത അവസ്ഥയാണ് ഇത്തരം അലര്‍ജിയുടെ ആദ്യ ഘട്ടം. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാർഥങ്ങള്‍ കഴിക്കുന്ന സമയത്ത് പൂര്‍ണമായി ദഹനം നടക്കാതിരിക്കുകയും ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതിരിക്കുന്ന അവസ്ഥയില്‍ ശരീരത്തിലെ പ്രതിരോധ സംവിധാനം പ്രതിപ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്യും. ഇതാണ് പല തരത്തിലുള്ള അസ്വസ്ഥതകള്‍ സൃഷ്ടിച്ച് അലര്‍ജിയായി രൂപപ്പെടുന്നത്. ഈ അവസ്ഥ നേരേത്ത തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാല്‍ ഭാവിയിലെ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

കാരണങ്ങള്‍

തെറ്റായ ഭക്ഷണരീതി, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കല്‍, പ്രത്യേകിച്ച് രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ശീലം, പാക്കറ്റ് ഭക്ഷണം പോലെ അമിതമായി രാസവസ്തുക്കള്‍ കലര്‍ന്ന ഭക്ഷണം കഴിക്കുന്നത് തുടങ്ങിയ അനാരോഗ്യകരമായ ശീലങ്ങള്‍ കാരണം പ്രോട്ടീന്‍ അലര്‍ജി സംഭവിക്കാറുണ്ട്. പഞ്ചസാരയുടെ ഉപയോഗവും മധുരം കലര്‍ന്ന പലഹാരങ്ങള്‍ കഴിക്കുന്നതും ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാക്കാന്‍ വഴിവെക്കും.

എന്നാല്‍, ചിലരില്‍ പാരമ്പര്യഘടകങ്ങളും ഇതിനു കാരണമാകാറുണ്ട്. അങ്ങനെയെങ്കില്‍ കുട്ടിക്കാലം മുതല്‍തന്നെ അലര്‍ജി അനുഭവപ്പെട്ടുതുടങ്ങും. മുതിര്‍ന്നശേഷം കണ്ടുവരുന്ന പ്രോട്ടീന്‍ അലര്‍ജി ജീവിതശൈലിയിലെ തെറ്റായ പ്രവണതകള്‍ കാരണമാണ് ഉണ്ടാകുന്നത്.

സാധാരണ 5 - 7വരെയുള്ള കുട്ടികളിലാണ് പ്രോട്ടീന്‍ അലര്‍ജി കൂടുതലായി കാണുന്നത്. പിന്നീട് 35 വയസ്സിനുമുകളിലുള്ള ആളുകളിലാണ് ഇത് കണ്ടിരുന്നത്. എന്നാല്‍ പുതിയ കാലത്ത് കൗമാരക്കാരിലും യുവാക്കളിലും വലിയതോതില്‍ ഈ അവസ്ഥ കണ്ടുവരുന്നുണ്ട്. കൃത്യമായ ചികിത്സയും വ്യായാമവും നല്ല ഭക്ഷണശീലവും കൊണ്ട് ഈ അവസ്ഥയെ മറികടക്കാന്‍ കഴിയും.

(BAMS, Irinjalakuda)

Tags:    
News Summary - Protein allergy; Let's know these things

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.