മഴ ശക്തമായതോടെ പകർച്ചപ്പനിയും വ്യാപകമായിരിക്കുകയാണ്. ഇതിൽ കൂടുതലും എച്ച്1എൻ1 (H1N1) അതായത് ഇൻഫ്ലുവൻസ എ ആണ്. പനി മാറിയാലും വിട്ടുമാറാത്ത കഠിനമായ ക്ഷീണം രോഗികളെ തളർത്തുന്നു.കഠിനമായ ക്ഷീണം, പേശികളുടെ ബലക്ഷയം, വിട്ടുമാറാത്ത വരണ്ട ചുമ, കുടലിന്റെ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ ലക്ഷണങ്ങൾ ആഴ്ചകളോളം നീണ്ടുനിന്നേക്കാം.
രോഗബാധയുടെ തീവ്രമായ ഘട്ടത്തിൽ വിശ്രമവും ആന്റിവൈറൽ മരുന്നുകളും എത്രത്തോളം അത്യാവശ്യമാണോ, അതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് രോഗമുക്തി നേടുന്ന വേളയിലെ ക്ലിനിക്കൽ പോഷകാഹാരവും. വൈറസ് ബാധയ്ക്ക് ശേഷമുള്ള രോഗമുക്തിക്ക് പൊതുവായൊരു ഭക്ഷണക്രമത്തേക്കാൾ വ്യക്തിഗത പോഷകങ്ങൾ ആവശ്യമാണെന്ന് ബെംഗളൂരുവിലെ ആസ്റ്റർ സി.എം.ഐ ഹോസ്പിറ്റലിലെ ക്ലിനിക്കൽ ന്യൂട്രിഷൻ ആൻഡ് ഡയറ്റിക്സ് വിഭാഗം മേധാവി ഡോ. എഡ്വിന രാജ് പറയുന്നു.
ശരീരത്തിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിന് പോഷകാഹാരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള ചിട്ടയായ സമീപനവും ആവശ്യമാണ്. നിങ്ങൾ എത്രത്തോളം ചിട്ടയായി ശരീരത്തെ പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യം വീണ്ടെടുക്കുന്നതും. മൃദുവായതും പോഷകസമൃദ്ധവുമായ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുന്നതിലൂടെയും, കുടലിന്റെ ആരോഗ്യവും ശരീരത്തിലെ വീക്കവും നിയന്ത്രിക്കുന്നതിലൂടെയും രോഗാവസ്ഥയിൽ നിന്നുള്ള വീണ്ടെടുപ്പ് വേഗത്തിലാക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സാധിക്കും. നിങ്ങളുടെ ശരീരം നൽകുന്ന സൂചനകൾ ശ്രദ്ധിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഒരു യോഗ്യതയുള്ള വൈദ്യശാസ്ത്ര വിദഗ്ദ്ധനെയോ ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റിനെയോ സമീപിക്കുകയും ചെയ്യണം. എച്ച്1എൻ1 ഭേദമായാലും രോഗികളെ അലട്ടുന്ന പ്രശ്നങ്ങളും അത് പരിഹരിക്കുന്നതിനുള്ള പോഷകാഹാര ക്രമങ്ങളും താഴെ പറയുന്നു.
1. വൈറസ് ബാധയ്ക്ക് ശേഷമുള്ള ക്ഷീണവും തലച്ചോറിലെ മരവിപ്പും
വൈറസ് ബാധയ്ക്ക് ശേഷം സെല്ലുലാർ മൈറ്റോകോൺട്രിയ താൽക്കാലികമായി ഓക്സിഡേറ്റീവ് സമ്മർദ്ദം അനുഭവിക്കുമ്പോഴാണ് വൈറസ് ബാധയ്ക്ക് ശേഷമുള്ള ക്ഷീണം ഉണ്ടാകുന്നത്. ഭക്ഷണം ഒഴിവാക്കുകയോ ലളിതമായ കാർബോഹൈഡ്രേറ്റുകളെ മാത്രം ആശ്രയിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്നുള്ള വ്യതിയാനങ്ങൾക്ക് കാരണമാവുകയും ക്ഷീണം വർദ്ധിപ്പിക്കുകയും ചെയ്യും.
ഇതിനെ പ്രതിരോധിക്കാൻ മഗ്നീഷ്യം, ബി-കോംപ്ലക്സ് വിറ്റാമിനുകൾ, കോക്യു10 (CoQ10) തുടങ്ങിയ സൂക്ഷ്മ പോഷകങ്ങൾ അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ ഭക്ഷണം കഴിക്കണം.
കുതിർത്ത മത്തങ്ങ വിത്തുകൾ, വറുത്ത മഖാന (താമരവിത്ത്), ആവിയിൽ വേവിച്ച മധുരക്കിഴങ്ങ്, പാകം ചെയ്ത ഓട്സ്, കടും പച്ച ഇലക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്.
2. തൊണ്ടവേദന, വരണ്ട ചുമ, വായ്പുണ്ണ്
ശ്വാസകോശ നാളത്തിലും വായിലും ഉണ്ടാകുന്ന വീക്കം ഖരഭക്ഷണം വിഴുങ്ങുന്നതിന് പ്രയാസം സൃഷ്ടിക്കുന്നു. ഇത് രോഗം ഭേദമാകുന്ന നിർണായക ഘട്ടത്തിൽ ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കുന്നത് തടയുന്നു.
ഇതിന് പ്രതിവിധിയായി തൊണ്ടയ്ക്ക് ആശ്വാസം നൽകാൻ ചൂടുള്ള ദ്രാവകങ്ങളും മൃദുവായ ഭക്ഷണങ്ങളും കഴിക്കണം. ഇഞ്ചിയും മഞ്ഞളും ചേർത്ത് തയ്യാറാക്കിയ ചൂടുള്ള എല്ലിന്റെ സൂപ്പ് അല്ലെങ്കിൽ പച്ചക്കറി സൂപ്പ്, നെയ് ചേർത്ത കിച്ചടി, ആവിയിൽ വേവിച്ച ആപ്പിൾ, ശുദ്ധമായ തേൻ കലക്കിയ ചൂടുള്ള വെള്ളം എന്നിവ കഴിക്കാം. അതേസമയം അസിഡിറ്റി കൂടിയ പഴങ്ങൾ (സിട്രസ് പഴങ്ങൾ), മൊരിഞ്ഞ പലഹാരങ്ങൾ, സംസ്കരിച്ച ബിസ്കറ്റുകൾ, അമിതമായി മസാലകൾ ചേർത്ത കറികൾ എന്നിവ ഒഴിവാക്കണം.
3. രുചി നഷ്ടപ്പെടൽ, ഓക്കാനം, വിശപ്പില്ലായ്മ
വൈറസ് ബാധയെത്തുടർന്നുള്ള ഗന്ധം നഷ്ടപ്പെടലും, രുചി നഷ്ടപ്പെടലും, മരുന്നുകൾ മൂലമുണ്ടാകുന്ന ഓക്കാനവും കാരണം ആളുകൾ ആവശ്യത്തിന് ഭക്ഷണം കഴിക്കാതിരിക്കുന്നു. ഇതിനെ മറികടക്കാൻ സിങ്ക് അടങ്ങിയ ഭക്ഷണങ്ങളും, അധികം ചൂടോ തണുപ്പോ ഇല്ലാത്തതും ചെറിയ അളവിലുമുള്ള പോഷകസമൃദ്ധമായ ഭക്ഷണങ്ങളും കഴിക്കണം.
പുഴുങ്ങിയ മുട്ട, പരിപ്പ് സൂപ്പുകൾ, ആവിയിൽ വേവിച്ച ചെറുപയർ മുളപ്പിച്ചത്, ഇഞ്ചി-നാരങ്ങ ചായ, പച്ചത്തൈര് എന്നിവ കഴിക്കാം. വേവിച്ച പയർവർഗ്ഗങ്ങൾ, വിത്തുകൾ, മുട്ടകൾ തുടങ്ങിയ എളുപ്പത്തിൽ ദഹിക്കുന്ന സിങ്ക് ഉറവിടങ്ങൾ രോഗമുക്തിയുടെ ആദ്യഘട്ടത്തിൽ തന്നെ ഉൾപ്പെടുത്തുന്നത് വിശപ്പും രുചിയും വേഗത്തിൽ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റും വെൽനസ് കൺസൾട്ടന്റുമായ പൂജ മൽഹോത്ര പറയുന്നു.
4. ദഹനപ്രശ്നങ്ങൾ, വയർവീർക്കൽ
ആന്റിവൈറൽ കോഴ്സുകൾ, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ എന്നിവ കുടലിലെ സൂക്ഷ്മാണുക്കളുടെ ഘടനയെ തടസ്സപ്പെടുത്തുകയും ദഹനവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തകരാറിലാക്കുകയും ചെയ്യുന്നു. ഇതിനായി കുടലിന്റെ ആരോഗ്യവും നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയും വീണ്ടെടുക്കുന്നതിന് പ്രീബയോട്ടിക് ഫൈബറുകൾ, റെസിസ്റ്റന്റ് സ്റ്റാർച്ചുകൾ, സ്വാഭാവികമായി പുളിപ്പിച്ച പ്രോബയോട്ടിക്സ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം. വീട്ടിൽ തയ്യാറാക്കിയ തൈര്, വറുത്ത ജീരകം പൊടിച്ചത് ചേർത്ത മോര്, ഇളനീർ, നന്നായി വേവിച്ച കഞ്ഞി എന്നിവ കഴിക്കുന്നതാണ് ഉത്തമം.
5. പേശികളുടെ വേദനയും സന്ധികളുടെ ബലക്ഷയവും
സ്വൈൻ ഫ്ലൂ ശരീരത്തിലെ പേശി തകർച്ചയ്ക്കും (muscle catabolism) സിസ്റ്റമിക് സൈറ്റോകോൺ റിലീസിനും കാരണമാകുന്നു. ഇത് പേശികളെ ദുർബലപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നു. ഇതു പരിഹരിക്കാൻ ബ്രാഞ്ച്ഡ്-ചെയിൻ അമിനോ ആസിഡുകളും (BCAAs) വീക്കം തടയുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ മാംസ്യ ഉറവിടങ്ങൾ അടങ്ങിയ ഭക്ഷണം വേണം.ചെറുപയർ സൂപ്പ്, പനീർ, വേവിച്ച മീൻ അല്ലെങ്കിൽ ചിക്കൻ സൂപ്പ്, കുതിർത്ത ബദാം, വാൽനട്ട് എന്നിവ ഇതിന് ഉത്തമമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.