പകർച്ചവ്യാധികളുടെ ഉറവിടം 24 മണിക്കൂറിൽ കണ്ടെത്തും; പുതിയ പദ്ധതികളുമായി ലോകാരോഗ്യ സംഘടന

ജനീവ: പുതിയ പകർച്ചവ്യാധികളുടെയും ആരോഗ്യ ഭീഷണികളുടെയും ഉറവിടം 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി വിലയിരുത്താൻ ലക്ഷ്യമിടുന്ന അഞ്ചുവർഷ തന്ത്രപരിപാടിക്ക് രൂപം നൽകി ലോകാരോഗ്യ സംഘടന. 2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാണ് ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ പാൻഡമിക് ആൻഡ് എപ്പിഡമിക് ഇന്റലിജൻസ് ഹബ് ഈ പദ്ധതി അവതരിപ്പിച്ചത്. പുതിയ പകർച്ചവ്യാധികൾ ആഗോള മഹാമാരിയോ വലിയ രോഗ വ്യാപനത്തിലേക്കോ മാറുന്നതിനു മുമ്പ് നിയന്ത്രണ വിധേയമാക്കാൻ ഈ പദ്ധതി സഹായിക്കും.

കോവിഡ് മഹാമാരിക്കാലത്ത് ആഗോളതലത്തിൽ രോഗഭീഷണികൾ കണ്ടെത്തുന്നതിലും നിരീക്ഷിക്കുന്നതിലും ഉണ്ടായ പോരായ്മകൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ 2021ൽ ജർമൻ സർക്കാറിന്റെ പിന്തുണയോടെയാണ് ഡബ്ല്യുഎച്ച്ഒയുടെ പാൻഡമിക് ആൻഡ് എപ്പിഡമിക് ഇന്റലിജൻസ് ഹബ് സ്ഥാപിച്ചത്. ഇതുവരെ 160 അംഗരാജ്യങ്ങളുമായും 190 പങ്കാളി സംഘടനകളുമായും ആയിരക്കണക്കിന് ശാസ്ത്രജ്ഞരുമായും നയരൂപകർത്താക്കളുമായും ചേർന്നാണ് ഹബ് പ്രവർത്തിക്കുന്നത്.

പുതിയ തന്ത്രത്തിന്റെ ഭാഗമായി അഞ്ച് പ്രധാന പദ്ധതികൾക്കാണ് സംഘടന മുൻഗണന നൽകുന്നത്. പൊതുവായി ലഭ്യമായ സ്രോതസ്സുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിരീക്ഷിച്ച് ആരോഗ്യഭീഷണികളുടെ സൂചനകൾ കണ്ടെത്തുന്ന സംവിധാനമാണ് ഇതിലൊന്ന്. 125ലേറെ അംഗരാജ്യങ്ങളും 30 അന്തർദേശീയ സംഘടനകളും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പുതിയ രോഗാണുക്കളെ തിരിച്ചറിയാൻ ജനിതക ശ്രേണീകരണവും ബയോഇൻഫർമാറ്റിക്സും ശക്തിപ്പെടുത്തുക, രോഗവ്യാപന സാധ്യതകൾ വിലയിരുത്താൻ ഡാറ്റാ വിദഗ്ധരുടെ സഹകരണം ഉറപ്പാക്കുക, മനുഷ്യരുടെയും മൃഗങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം സംയോജിതമായി നിരീക്ഷിക്കുക, രാജ്യങ്ങൾക്കിടയിൽ സുരക്ഷിതമായി ആരോഗ്യവിവരങ്ങൾ കൈമാറാനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കുക എന്നിവയാണ് മറ്റ് പദ്ധതികൾ.

ബെർലിനിൽ നടന്ന ലോകാരോഗ്യ ഉച്ചകോടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പുതിയ അഞ്ചുവർഷ തന്ത്രപരിപാടിയെ കുറിച്ച് സംസാരിച്ചത്.

Tags:    
News Summary - WHO Targets 24-Hour Outbreak Detection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.