ഫിസിയോതെറാപ്പിസ്റ്റുകളെ ‘ഡോക്ടർ’ എന്ന് വിളിക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫിസിയോതെറാപ്പി പാഠ്യപദ്ധതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) ആവശ്യപ്പെട്ടു. രോഗികളെ തെറ്റിദ്ധരിപ്പിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ഇത് കാരണമാകും എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ആവശ്യം. 2025 ലെ ഫിസിയോതെറാപ്പിക്കായുള്ള കോംപിറ്റൻസി ബേസ്ഡ് കരിക്കുലത്തിലെ വ്യവസ്ഥക്കെതിരെ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (ഐ.എ.പി.എം.ആർ) ഉൾപ്പെടെ നിരവധി ഗ്രൂപ്പുകൾ എതിർപ്പുകൾ ഉന്നയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) അയച്ച കത്തിൽ പറയുന്നു. അതേസമയം ഈ വിഷയത്തിൽ കൂടുതൽ പരിശോധനകളും ചർച്ചകളും ആവശ്യമാണെന്ന് നിവേദനങ്ങൾ ലഭിച്ചതിനാൽ ഉത്തരവ് പിൻവലിച്ചതായും റിപ്പോർട്ടുണ്ട്.
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്ട് പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 'ഡോക്ടർ' എന്ന് പേരിന് മുൻപിൽ ചേർക്കാൻ അനുവാദമില്ല. അങ്ങനെ ചെയ്യുന്നത് രോഗികളെ തെറ്റിദ്ധരിപ്പിക്കാൻ ഇടയാക്കുമെന്നും ചിലപ്പോൾ തെറ്റായ ചികിത്സയിലേക്ക് നയിക്കുമെന്നും ഡി.ജി.എച്ച്.എസ് അറിയിച്ചു. ആരോഗ്യ മേഖലയിൽ ഫിസിയോതെറാപ്പിസ്റ്റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും അവർക്ക് സാധാരണ ഡോക്ടർമാർക്കുള്ള നിയമപരമായ അധികാരങ്ങളോ അംഗീകാരങ്ങളോ ഇല്ല. ഫിസിയോതെറാപ്പിസ്റ്റുകൾ പ്രാഥമിക പരിചരണ ദാതാക്കളായിട്ടല്ല മറിച്ച് ഡോക്ടർമാരുടെ റഫറൽ അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് കത്തിൽ പറയുന്നുണ്ട്.
ഫിസിയോതെറാപ്പിസ്റ്റുകൾക്ക് മെഡിക്കൽ ഡോക്ടർമാരായി പരിശീലനം ലഭിച്ചിട്ടില്ലെന്നും അവരെ അങ്ങനെ അവതരിപ്പിക്കരുതെന്നും ഡി.ജി.എച്ച്.എസ് ചൂണ്ടിക്കാട്ടി. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാഥമിക നിയന്ത്രണ സ്ഥാപനമാണ് ഡി.ജി.എച്ച്.എസ്. പൊതുജനാരോഗ്യം, മെഡിക്കൽ വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശങ്ങൾ നൽകുകയും, കേന്ദ്ര സർക്കാരിന്‍റെ ആരോഗ്യ നയങ്ങൾ നടപ്പാക്കാൻ സഹായിക്കുകയും ചെയ്യുന്ന ഒരു പ്രധാന സ്ഥാപനമാണിത്.
ഫിസിയോതെറാപ്പിസ്റ്റുകൾ ‘ഡോക്ടർ’ എന്ന വാക്ക് ഉപയോഗിക്കുന്നതിനെതിരെ കോടതികളും മെഡിക്കൽ കൗൺസിലുകളും ആവർത്തിച്ച് വിധിച്ചിട്ടുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പട്‌ന ഹൈകോടതി (2003), ബംഗളൂരു കോടതി (2020), മദ്രാസ് ഹൈകോടതി (2022) എന്നിവയുടെ വിധിന്യായങ്ങളും തമിഴ്‌നാട് മെഡിക്കൽ കൗൺസിലിന്റെ ഉപദേശങ്ങളും എല്ലാം തന്നെ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമേ ഈ പ്രിഫിക്‌സ് സംവരണം ചെയ്തിട്ടുള്ളൂ എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അംഗീകൃത മെഡിക്കൽ ബിരുദമില്ലാതെ പേര് ഉപയോഗിക്കുന്നത് 1916 ലെ ഇന്ത്യൻ മെഡിക്കൽ ഡിഗ്രി ആക്ടിന്റെ ലംഘനമാണെന്നും നിയമനടപടികൾക്ക് കാരണമായേക്കാമെന്നും കത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യ സംരക്ഷണ നിയന്ത്രണ സ്ഥാപനം ഉടൻ സിലബസ് തിരുത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ആശയക്കുഴപ്പം സൃഷ്ടിക്കാതെ ഫിസിയോതെറാപ്പി ബിരുദധാരികൾക്ക് കൂടുതൽ ഉചിതമായ ഒരു തലക്കെട്ട് പരിഗണിക്കണമെന്ന് കത്തിൽ പറയുന്നു.
ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെ പ്രധാന ജോലി ശാരീരികമായ പരിക്കുകൾ, രോഗങ്ങൾ, വൈകല്യങ്ങൾ എന്നിവ കാരണം ഉണ്ടാകുന്ന ചലനശേഷി നഷ്ടം, വേദന, ബലഹീനത എന്നിവ ചികിത്സിക്കുക എന്നതാണ്. ഇതിനായി അവർ വ്യായാമങ്ങൾ, മസാജ്, വൈദ്യുത ഉപകരണങ്ങൾ തുടങ്ങിയ മാർഗങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഒരു ഡോക്ടറാണ് രോഗനിർണയം നടത്തുകയും മരുന്നുകൾ നിർദേശിക്കുകയും ചെയ്യുന്നത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത മെഡിക്കൽ പ്രാക്ടീഷണർമാർക്ക് മാത്രമാണ് 'ഡോക്ടർ' എന്ന് ഉപയോഗിക്കാൻ അനുവാദമുള്ളൂ. ഫിസിയോതെറാപ്പിസ്റ്റുകൾക്ക് സ്വന്തമായി ഫിസിയോതെറാപ്പി പ്രാക്ടീസ് ചെയ്യാമെങ്കിലും അവർക്ക് ഒരു ഡോക്ടറുടെ മേൽനോട്ടമില്ലാതെ മരുന്ന് കുറിക്കാനോ മറ്റ് വൈദ്യപരമായ നടപടികൾ എടുക്കാനോ അനുവാദമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.