കൽപറ്റ: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ നേപ്പാൾ സ്വദേശിനി 108 ആംബുലൻസിൽ ആൺകുഞ്ഞിന് ജന്മം നൽകി. നേപ്പാൾ സ്വദേശിയായ സീതാമൗണ്ടിൽ താമസിക്കുന്ന വീരേന്തിന്റെ ഭാര്യ രാജമസി (23) ആണ് ആംബുലൻസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാവിലെ 9.30ന് പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിയ രാജമസിയെ ഡോക്ടർ വിദഗ്ധ ചികിത്സക്കായി സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്തു. തുടർന്ന് പുൽപള്ളിയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിൽ സുൽത്താൻ ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
സോബിൻ ബാബുവായിരുന്നു ആംബുലൻസ് ഡ്രൈവർ. എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ രമ്യ രാഘവൻ, പുൽപള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നഴ്സിങ് ഓഫിസർ വിജി എന്നിവരും ഒപ്പമുണ്ടായിരുന്നു. ആംബുലൻസ് പാമ്പ്രക്ക് സമീപം എത്തിയപ്പോൾ രാജമസിയുടെ ആരോഗ്യനില വഷളാവുകയും പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും വ്യക്തമായി. തുടർന്ന് ആംബുലൻസിൽ തന്നെ പ്രസവത്തിനുള്ള സൗകര്യമൊരുക്കി. പത്തുമണിയോടെ വിജിയുടെ പരിചരണത്തിൽ രാജമസി കുഞ്ഞിന് ജന്മം നൽകി. മാതാവിനും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയശേഷം ആംബുലൻസ് ഡ്രൈവർ സോബിൻ ബാബു സമയംകളയാതെ ഇരുവരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.