മിക്ക ഡിമെൻഷ്യ രോഗികൾക്കും ഒന്നിലധികം തലച്ചോറ് രോഗങ്ങളുണ്ടെന്ന് കണ്ടെത്തൽ

ന്യൂയോർക്ക്: ഡിമെൻഷ്യ ബാധിച്ച ഭൂരിഭാഗം ആളുകളുടെയും തലച്ചോറിൽ ഒന്നിലധികം രോഗങ്ങളുടെ സാന്നിധ്യമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി ശാസ്ത്രലോകം. അൽഷിമേഴ്സ്, പാർക്കിൻസൺസ് തുടങ്ങിയ മാരക ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങൾ ഒരേസമയം ഒരാളുടെ തലച്ചോറിനെ ഒന്നിച്ച് ആക്രമിക്കുന്ന 'കോപത്തോളജി' (Copathology) എന്ന പ്രതിഭാസമാണ് പുതിയ പഠനങ്ങളിൽ തെളിഞ്ഞിരിക്കുന്നത്.

ഇതുവരെ ഓരോ രോഗത്തെയും വ്യത്യസ്തമായ പ്രോട്ടീനുകളുടെ സാന്നിധ്യം വെച്ചാണ് മെഡിക്കൽ ലോകം തരംതിരിച്ചിരുന്നത്. എന്നാൽ, പുതിയ കണ്ടെത്തലുകൾ നിലവിലെ ചികിത്സാ രീതികളെയും രോഗനിർണ്ണയങ്ങളെയും പാടെ മാറ്റിയെഴുതാൻ പോന്നതാണെന്ന് പ്രമുഖ ന്യൂറോപത്തോളജിസ്റ്റുകൾ വ്യക്തമാക്കുന്നു.

പഠനങ്ങൾ പ്രകാരം, അൽഷിമേഴ്സ് ബാധിച്ച പകുതിയോളം രോഗികളുടെ തലച്ചോറിലും പാർക്കിൻസൺസ് രോഗത്തിന് കാരണമാകുന്ന 'ആൽഫ സിന്യൂക്ലിൻ' എന്ന പ്രോട്ടീന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ, പാർക്കിൻസൺസ് ബാധിച്ച് ഡിമെൻഷ്യയിലേക്ക് വഴിമാറുന്ന രോഗികളിൽ അൽഷിമേഴ്സിന്റെ ലക്ഷണങ്ങളായ 'ബീറ്റാ അമിലോയ്ഡ്', 'ടൗ' എന്നീ പ്രോട്ടീനുകളും ഉയർന്ന അളവിൽ കാണപ്പെടുന്നു.

ഈ പ്രോട്ടീനുകൾ തലച്ചോറിൽ ഒന്നിച്ച് ചേരുമ്പോൾ അവ പരസ്പരം ഉത്തേജിപ്പിക്കുകയും രോഗിയുടെ ഓർമശക്തിയും ദൈനംദിന പ്രവർത്തനങ്ങളും വളരെ വേഗത്തിൽ തകരാറിലാക്കുകയും ചെയ്യും. ചില രോഗികളിൽ നിലവിലെ അൽഷിമേഴ്സ് മരുന്നുകൾ ഫലിക്കാത്തതിനും, ലക്ഷണങ്ങൾ പ്രവചനാതീതമായി മാറുന്നതിനും കാരണം ഈ ഇരട്ട ആക്രമണമാണെന്ന് മയോ ക്ലിനിക്കിലെ ഡോ. ലിയ ഗ്രിൻബെർഗ് വ്യക്തമാക്കുന്നു.

80 വയസ്സ് കഴിഞ്ഞവരിൽ ഭൂരിഭാഗം പേരുടെയും തലച്ചോറിൽ ഒന്നിലധികം രോഗങ്ങളുടെ പ്രോട്ടീനുകൾ കാണാറുണ്ട്. എന്നാൽ ഈ അവസ്ഥ പ്രായമായവരിൽ മാത്രം ഒതുങ്ങുന്നതല്ലെന്നാണ് പുതിയ ഗവേഷണങ്ങൾ പറയുന്നത്. 40കളിൽ തന്നെ അൽഷിമേഴ്സ് ബാധിച്ചവരിൽ നടത്തിയ പഠനത്തിൽ, പകുതിയോളം പേർ മരിക്കുമ്പോൾ അവരുടെ തലച്ചോറിൽ പാർക്കിൻസൺസിന് കാരണമാകുന്ന 'ലെവി ബോഡികളും' കണ്ടെത്തിയിരുന്നു.

ജീവിച്ചിരിക്കുന്ന രോഗികളിൽ ഈ സമ്മിശ്ര രോഗാവസ്ഥ കണ്ടെത്തുക എന്നത് നിലവിൽ പ്രയാസകരമാണ്. എന്നാൽ കൃത്രിമ ബുദ്ധി ഉപയോഗിച്ച് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ രക്തപരിശോധനയിലൂടെ തലച്ചോറിലെ വിവിധ പ്രോട്ടീനുകളുടെ അളവ് കൃത്യമായി അളക്കാൻ കഴിയും. ‘നിങ്ങളുടെ മറവിരോഗത്തിന് പിന്നിൽ 75% അൽഷിമേഴ്സും 20% പാർക്കിൻസൺസും 5% ഫ്രണ്ടോടെമ്പറൽ ഡിമെൻഷ്യയുമാണ് എന്ന് കൃത്യമായി ശതമാനക്കണക്കിൽ പറയാൻ ഈ ടെസ്റ്റിന് സാധിക്കും’ എന്ന് ശാസ്ത്രജ്ഞനായ കാർലോസ് ക്രൂച്ചാഗ പറയുന്നു.

നിലവിൽ ഏതെങ്കിലും ഒരു രോഗത്തെ പൂർണ്ണമായി മാറ്റാനുള്ള മരുന്നുകൾ വിപണിയിലില്ല. എങ്കിലും, അൽഷിമേഴ്സ് മാറ്റാൻ ഉപയോഗിക്കുന്ന 'ഡൊണാനെമാബ്' എന്ന മരുന്ന്, തലച്ചോറിൽ അമിലോയ്ഡും ഒപ്പം ലെവി ബോഡികളുമുള്ള (പാർക്കിൻസൺസ് ലക്ഷണം) രോഗികളിൽ എത്രത്തോളം ഫലപ്രദമാണെന്ന് കണ്ടെത്താനുള്ള പുതിയ ക്ലിനിക്കൽ ട്രയലുകൾ ഈ വർഷം ആരംഭിക്കും.

ഭാവിയിൽ 'അൽഷിമേഴ്സ്' എന്നോ 'പാർക്കിൻസൺസ്' എന്നോ ഉള്ള ഒറ്റപ്പെട്ട രോഗപ്പേരുകൾക്ക് പ്രസക്തിയുണ്ടാകില്ലെന്ന് ഓസ്ട്രിയയിലെ ഇൻസ്ബ്രക്ക് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജോഹന്നാസ് ആറ്റെംസ് പറയുന്നു. പകരം, രോഗിയുടെ തലച്ചോറിൽ ഏതൊക്കെ പ്രോട്ടീനുകൾ എത്രത്തോളമുണ്ടെന്ന് നോക്കി, അവക്ക് ഓരോന്നിനുമുള്ള മരുന്നുകളുടെ ഒരു മിശ്രിതം നൽകുന്ന രീതിയിലേക്ക് മെഡിക്കൽ ലോകം മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - Most dementia patients have multiple brain diseases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.