കണ്ണൂർ: കണ്ണൂർ ഫൈറ്റ്സ് കാൻസർ പദ്ധതിയിൽ കൂടുതൽ തുക വകയിരുത്താൻ ജില്ല ആസൂത്രണ സമിതി യോഗത്തിൽ ധാരണയായി. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അടുത്തവർഷം എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അർബുദം നിർണയിക്കപ്പെട്ടവരുടെ തുടർപരിശോധനകൾക്കും മരുന്നിനും ഭക്ഷണത്തിനുമായി തുക വകയിരുത്തും.
ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്കും പദ്ധതി തയാറാക്കാൻ ആരോഗ്യവകുപ്പിനും യോഗം നിർദേശം നൽകി.
ജില്ല പഞ്ചായത്തിന്റെ ആറ് സംയുക്ത പദ്ധതികൾ അടുത്ത വാർഷിക പദ്ധതിയിലും തുടരാൻ തീരുമാനിച്ചു. തദ്ദേശസ്ഥാപന പദ്ധതികളുടെ സമഗ്രമായ ആസൂത്രണത്തിന് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള കണ്ണൂർ വിവരസഞ്ചയിക, സ്മാർട്ട് ഐ, സ്ത്രീപദവി പഠനം, ജീവിതമാണ് ലഹരി -ലഹരിയല്ല ജീവിതം, പത്താമുദയം-സമ്പൂർണ സെക്കൻഡൻറി വിദ്യാഭ്യാസ പദ്ധതി, കണ്ണൂർ ഫൈറ്റ്സ് കാൻസർ എന്നിവയാണ് തുടരുക. വരുന്ന വർഷവും ഫണ്ട് നീക്കിവെക്കാനും നിർദേശം നൽകി.
ആദ്യവർഷം 2022-23ൽ, കണ്ണൂർ വിവരസഞ്ചയിക പദ്ധതി സോഫ്റ്റ്വെയർ ജില്ല പഞ്ചായത്ത് തയാറാക്കും. ഇതിനായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പത്ത് ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്. 2023-24 വർഷം ജില്ല പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും പരിശീലന പ്രവർത്തനങ്ങൾക്കും ഗ്രാമപഞ്ചായത്തുകൾ പരിശീലനത്തിനും സർവേക്കും തുക വകയിരുത്തും. സ്ത്രീപദവി പഠനം പദ്ധതിയിൽ കിലയുടെ സഹകരണത്തോടെ ജില്ലതല പരിശീലനം പൂർത്തിയായി. ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തല പരിശീലന പരിപാടികൾ നടത്തിവരുന്നു. അടുത്ത വർഷം സർവേയും ക്രോഡീകരണവും അച്ചടിയുമാണ് ലക്ഷ്യമിടുന്നത്.
ജില്ല പഞ്ചായത്തിന്റെ അടുത്ത വർഷത്തെ സംയുക്ത പദ്ധതികളുടെ കരട് യോഗത്തിൽ പ്രസിഡന്റ് പി.പി. ദിവ്യ അവതരിപ്പിച്ചു. ഫെബ്രുവരി 13 മുതൽ 15 വരെ നടന്ന ബ്ലോക്ക്തല അവലോകന യോഗങ്ങളിൽ ഉന്നയിക്കപ്പെട്ട വിവിധ വകുപ്പുകൾ പരിഹാരം കാണേണ്ട വിഷയങ്ങൾ യോഗത്തിൽ അവതരിപ്പിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ വാർഷിക പദ്ധതി പുരോഗതി യോഗം അവലോകനം ചെയ്തു. ജില്ല നിലവിൽ 13ാം സ്ഥാനത്താണ്. പദ്ധതി നിർവഹണം വേഗത്തിലാക്കാനുള്ള നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.