കോഴിക്കോട്: കോഴിക്കോട്ടുനിന്ന് മാരക വൈറസ് രോഗങ്ങൾ സ്ഥിരീകരിക്കാൻ മാത്രമല്ല, ഇവയെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താനും സാധിക്കും.
തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന കോഴിക്കോട്ട് ബയോ സേഫ്റ്റി ലെവൽ-4 (ബി.എസ്.എൽ-4) ലാബ് നിർമിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ എം.കെ. രാഘവൻ എം.പിക്ക് ഉറപ്പുനൽകിയതോടെയാണ് ആരോഗ്യ ഗവേഷണരംഗത്ത് കോഴിക്കോടിന് പുത്തൻ പ്രതീക്ഷയാകുന്നത്. എന്.ഐ.വി പൂണെയിലെ ലാബിന് തുല്യമായിരിക്കും കോഴിക്കോടിന് വാഗ്ദാനം ചെയ്യപ്പെട്ട ലാബ്. ഇത് യാഥാർഥ്യമാവുന്നതോടെ നിപ പോലുള്ള വൈറസ് പരിശോധനകൾ കോഴിക്കോട്ടുതന്നെ പരിശോധന നടത്തി സ്ഥിരീകരിക്കാനും കൂടുതൽ പഠനങ്ങൾ നടത്താനും സാധിക്കും.
ലെവൽ മൂന്നിൽ പരിശോധന നടത്താനും അത് റിപ്പോർട്ട് ചെയ്യാനും മാത്രമേ സാധിക്കുള്ളൂ. ഇതിനെ നാലാം കാറ്റഗറിയിലേക്ക് ഉയർത്തുന്നതോടെ പ്രതിരോധ വാക്സിനുകൾ ഉണ്ടാക്കുന്നതിനായി വൈറസുകളെ വളർത്താനും തുടർപരീക്ഷണങ്ങൾ നടത്താനും കഴിയും. അതിസുരക്ഷയോടെയാണ് ലാബ് പ്രവർത്തിപ്പിക്കുക. സംസ്ഥാനത്തെ ആരോഗ്യരംഗത്തിന് വലിയ മുതൽക്കൂട്ടായിരുക്കും നിർദിഷ്ട ലാബ്.
നിർമാണത്തിലുള്ള ബി.എസ്.എൽ-3 ലാബ് അടിയന്തരമായി പൂർത്തീകരിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച് (ഐ.സി.എം.ആർ)ന് നിർദേശം നൽകുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. കോഴിക്കോടിന് ബി.എസ്.എൽ -4 ലാബ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി നേരത്തെ കേന്ദ്രമന്ത്രിക്ക് കത്തയച്ചിരുന്നു.
കോഴിക്കോടിന് നേരത്തെ അനുവദിച്ച ബി.എസ്.എൽ-3 ലാബിനായി കെട്ടിടനിർമാണം പൂർത്തിയായിട്ടില്ല. ജില്ലയിൽ മൂന്നാം തവണയാണ് നിപ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഫലപ്രഖ്യാപനത്തിൽ വരുന്ന കാലതാമസം ഒഴിവാക്കാൻ ബി.എസ്.എൽ-4 ലാബ് കോഴിക്കോടിന് അനിവാര്യമാണ്.
സാമ്പിൾ പുണെ വൈറോളജി ലാബിലേക്കയച്ച് ഫലം വരാൻ കാലതാമസം വരുന്നത് രോഗം സ്ഥിരീകരിക്കുന്നതിലും ചികിത്സ ആരംഭിക്കുന്നതിലും പ്രതിസന്ധിക്കിടയാക്കിയിരുന്നു.
ജില്ലയിൽ കൂടുതൽ നിപ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പുണെ വൈറോളജി ലാബിന്റെ മൊബൈൽ യൂനിറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്. നിപ ആവർത്തിക്കുമ്പോഴും ജില്ലയിൽ ലാബ് സൗകര്യം ഇല്ലാത്തത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.