സർജറിയൊന്നും ചെയ്തില്ല, ചോറും ബ്രഡും പഞ്ചസാരയും പൂർണമായി ഒഴിവാക്കി; അദ്നാൻ സമി 120 കിലോ കുറച്ചത് ഇങ്ങനെ

ശരീരഭാരം കുറക്കുന്നത് പലരും പല രീതികളിലാണ്. ചിലർ കടുത്ത ഡയറ്റ് പിന്തുടരും. മറ്റ് ചിലർ നന്നായി വർക്ഔട്ട് ചെയ്യും. വർക് ഔട്ടും ഡയറ്റും ഒരുമിച്ചുകൊണ്ടുപോകുന്നവരും ഉണ്ട്. ശരീരഭാരം കുറക്കുക എന്നത് ഒരിക്കലും എളുപ്പമുള്ള ഒരു യാത്രയല്ല. വളരെ സുദീർഘമായ ഒരു പ്രക്രിയ ആണത്. ഒരുപാട് കാലമെടുക്കും ഫലം കിട്ടാൻ. ശസ്ത്രക്രിയകളും മരുന്നുകളും വഴി പെട്ടെന്ന് പരിഹരിക്കാൻ കഴിയുമെങ്കിലും സ്വാഭാവികമായി ശരീരഭാരം കുറയ്ക്കുന്നതാണ് എപ്പോഴും നല്ലത്.

പ്രശസ്ത ഗായകൻ അദ്നാൻ സമി ശരീരഭാരം കുറച്ചതിനെ കുറിച്ചതും ഇങ്ങനെയായിരുന്നു. 230 കിലോയിൽ നിന്ന് സമി 110 കിലോയിലേക്ക് എത്തിയത്. ശസ്ത്രക്രിയക്കൊന്നും വിധേയമാകാതെ, തന്റെ ഡയറ്റിൽ വലിയ മാറ്റംവരുത്തിയാണ് സമി ശരീരഭാരം കുറച്ചത്. ഒപ്പം കഠിനമായ വർക്ഔട്ടും ചെയ്തു. ആപ് കി അദാലത്ത് എന്ന ടെലിവിഷൻ ഷോയിലൂടെയാണ് സമി മനസു തുറന്നത്.

താൻ തടി കുറച്ചതിനെ കുറിച്ച് ഒരുപാട് ഊഹാപോഹങ്ങൾ ഉണ്ടായിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാരിയാട്രിക് സർജറിക്കു വിധേയനായെന്നും ലിപ്പോസക്ഷൻ നടത്തിയെന്നും മറ്റുമുള്ള പ്രചാരണങ്ങളുണ്ടായി. എന്നാൽ അതൊന്നുമുണ്ടായില. 230 കിലോയായിരുന്നു ശരീരഭാരം. കൊഴുപ്പു മുഴുവൻ നീക്കം ചെയ്യാൻ ഒരു വാക്വം ക്ലീനർ തന്നെ വേണ്ടിവരും.

ഡയറ്റിൽ മാറ്റം വരുത്തി. ന്യൂട്രീഷനിസ്റ്റിന്റെ നിർദേശമനുസരിച്ച് മൈദ, അരി, പഞ്ചസാര, എണ്ണ, മദ്യം എന്നിവ പൂർണമായി ഒഴിവാക്കി. ആദ്യമാസം തന്നെ 20 കിലോ കുറഞ്ഞു.-അദ്നാൻ സമി പറഞ്ഞു.

ഭാരം കുറക്കാനുണ്ടായ കാരണത്തെ കുറിച്ചും സമി പറഞ്ഞു.

ഒരിക്കലും ഒരു ഷോപ്പിങ് മാളിൽ പോയപ്പോൾ XL സൈസിലുള്ള ഒരു ടീഷർട്ട്കണ്ടു. എനിക്ക് ആ സമയത്ത് 9XL വേണമായിരുന്നു. ആ ടീഷർട്ട് എന്നെ കൊതിപ്പിച്ചു. എന്നാൽ എ​ന്റെ കൈ പോലും അതിനുള്ളിൽ കയറില്ല എന്ന് അമ്മ പറഞ്ഞു. തുടർന്ന് ആ ടീഷർട്ട് തിരിച്ചുകൊടുത്തു.

ഭാരം കുറയുമ്പോ​ഴൊക്കെ ആ ടീഷർട്ട് ധരിക്കാൻ പറ്റുമോയെന്ന് ഞാൻ ശ്രമിച്ചുനോക്കും. ഒരുപാടു നാളത്തെ പരിശ്രമത്തിന് ശേഷം ഒരുദിവസം എനിക്ക് ആ ടീഷർട്ട് ധരിക്കാൻ പറ്റി. ഞാനുടൻ പിതാവിനെ വിളിച്ചു. സന്തോഷം കൊണ്ടു തുള്ളിച്ചാടുകയായിരുന്നു ഞാൻ​''-സമി പറഞ്ഞു.

താൻ ശരീരഭാരം കുറച്ചത് കഠിനമായി പരിശ്രമിച്ചിട്ടാണെന്നും ജീവിതത്തിൽ കുറക്കുവഴികളില്ലെന്നും ഈ 54കാരൻ കൂട്ടിച്ചേർത്തു.

എന്താണ് ബാരിയാട്രിക് സർജറി

ബാരിയാട്രിക് സർജറി എന്നത് അമിതവണ്ണമുള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ നടത്തുന്ന ശസ്ത്രക്രിയയാണ്. ഇത് ദഹനവ്യവസ്ഥയിൽ മാറ്റങ്ങൾ വരുത്തി ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കുറയ്ക്കുകയും കലോറി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ മറ്റ് മാർഗങ്ങൾ ഫലപ്രദമല്ലാത്തവർക്കാണ് ഇത് സാധാരണയായി നിർദേശിക്കുന്നത്.

ലിപ്പോസക്ഷൻ എന്നത് ശരീരത്തിലെ അധിക കൊഴുപ്പ് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സൗന്ദര്യവർധക ശസ്ത്രക്രിയയാണ്. ഇത് വയറ്, തുടകൾ, കൈകൾ, കഴുത്ത് തുടങ്ങിയ ശരീരഭാഗങ്ങളിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് വലിച്ചെടുക്കുന്ന പ്രക്രിയയാണ്. വാക്വം, അൾട്രാസൗണ്ട് പോലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് കൊഴുപ്പ് നീക്കം ചെയ്യുന്നത്.

Tags:    
News Summary - How Adnan Sami Lost 120 Kg With A Simple Diet Plan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.