അമിതവണ്ണത്തിനെതിരായ പോരാട്ടത്തിൽ, ഒരു പുതിയ താരം എത്തിയിരിക്കുന്നു. കേട്ടാൽ അതിശയിക്കും; കാരണം ഇത് ഒരു തരം കൊഴുപ്പാണ്. മുള്ളിനെ മുള്ളുകൊണ്ട് എടുക്കുന്ന പോലൊരു രീതി. തവിട്ട് കൊഴുപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്. പൊണ്ണത്തടി ചികിത്സയിൽ ഒരു പുതിയ മാർഗമായി ഈ കൊഴുപ്പിന്റെ സാധ്യതയെ അവതരിപ്പിക്കുന്നത് ഹാർവഡ് മെഡിക്കൽ സ്കൂൾ ഗവേഷകരാണ്.
ഭാരം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും തവിട്ട് കൊഴുപ്പ് സഹായിക്കുമെന്നാണ് കണ്ടെത്തൽ. വെള്ള നിറത്തിലുള്ള കൊഴുപ്പ് പോലെ തവിട്ട് കൊഴുപ്പ് വെറുതെ ഇരിക്കുന്നില്ല. ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്ന ഈ കൊഴുപ്പ് അതിനായി കാലറി കത്തിക്കുകയും ചെയ്യുന്നു.
തവിട്ട് കൊഴുപ്പ് എന്താണ്
മുതിർന്നവരിൽ ചെറിയ അളവിൽ കാണപ്പെടുന്ന ഒരു കൊഴുപ്പാണ് ബ്രൗൺ അഡിപ്പോസ് ടിഷ്യു. തവിട്ട് കൊഴുപ്പ് എന്നറിയപ്പെടുന്ന ഇത് പ്രധാനമായും കഴുത്തിലും പുറത്തിന്റെ മുകൾ ഭാഗത്തും കാണപ്പെടുന്നു. വെളുത്ത കൊഴുപ്പ് ഊർജം സംഭരിക്കുമ്പോൾ, തവിട്ട് കൊഴുപ്പ് ചൂട് ഉൽപാദിപ്പിക്കുന്നതിനായി ഊർജം ചെലവാക്കുകയാണ് ചെയ്യുന്നത്. തണുത്ത കാലാവസ്ഥയിൽ ശരീര താപനില നിലനിർത്തുന്നതിന് ഈ താപ ഉൽപാദനം നിർണായകമാണ്. ഇതുവഴി ഊർജ ഉപയോഗം വർധിക്കുന്നതിനാൽ ശരീരഭാരം കുറയുന്നു. മെച്ചപ്പെട്ട ഹൃദയാരോഗ്യം ഉൾപ്പെടെ മറ്റ് ആരോഗ്യ ഗുണങ്ങളും തവിട്ട് കൊഴുപ്പ് വാഗ്ദാനം ചെയ്യുന്നു.
പ്രകൃതിദത്ത മാർഗങ്ങളിലൂടെ മിതമായ തോതിൽ തവിട്ട് കൊഴുപ്പ് കൂട്ടുന്നത് ഗുണം ചെയ്യും. എന്നാൽ, മരുന്നുകളോ ഹോർമോണുകളോ വഴി കൃത്രിമമായും അമിതമായും തവിട്ട് കൊഴുപ്പുണ്ടാക്കുന്നത് ഉദ്ദേശിക്കാത്ത പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന് അമേരിക്കയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്ത് (എൻ.ഐ.എച്ച്) നടത്തിയ പഠനം സൂചിപ്പിക്കുന്നു. ചുരുക്കത്തിൽ, തവിട്ട് കൊഴുപ്പിന് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്ന് ഓർക്കണം. പക്ഷേ, അമിതവണ്ണത്തിനെതിരെ ഒരു പോരാളിയായി പ്രവർത്തിക്കാൻ ഇതിനു കഴിയും.
തവിട്ട് കൊഴുപ്പ് സജീവമാക്കാൻ ജീവിതശൈലി തന്ത്രങ്ങൾ
ഒരു വ്യക്തിയിലെ തവിട്ട് കൊഴുപ്പിന്റെ അളവിന് ജനിതകമായ സ്വാധീനമുണ്ട്. എന്നിരുന്നാലും, ജീവിതശൈലിയും പരിസ്ഥിതി ഘടകങ്ങളും തവിട്ട് കൊഴുപ്പിനെ നിർണയിക്കുന്ന ഘടകങ്ങളാണ്. തവിട്ട് കൊഴുപ്പ് സജീവമാക്കാൻ സഹായിക്കുന്ന ചില തന്ത്രങ്ങൾ ഇവയാണ്:
തണുപ്പ് കൊള്ളുക: നേരിയ തണുപ്പ് കൊള്ളുന്നത് തവിട്ട് കൊഴുപ്പിെന്റ പ്രവർത്തനത്തെ ഉത്തേജിപ്പിക്കും. ചൂട് സൃഷ്ടിക്കുന്നതിനായി ശരീരം തണുപ്പിനോട് പ്രതികരിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നത്.
ഉയർന്ന തീവ്രതയിലുള്ള വ്യായാമം: ഇടവിട്ട് ഉയർന്ന തീവ്രതയിലുള്ള വ്യായാമം ചെയ്യുന്നത് വെളുത്ത കൊഴുപ്പിനെ തവിട്ട് കൊഴുപ്പാക്കാൻ സഹായിക്കുന്നതായി ജേണൽ ഓഫ് ക്ലിനിക്കൽ ആൻഡ് മെഡിക്കൽ ഇമേജസിൽ പ്രസിദ്ധീകരിച്ച പഠനം സൂചിപ്പിക്കുന്നു.
ഭക്ഷണ രീതി: മുളകിൽ കാണപ്പെടുന്ന കാപ്സൈസിൻ, ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ എന്നിവ തവിട്ട് കൊഴുപ്പ് കൂട്ടുന്നവയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.