പ്രായം കൂടുംതോറും പലരിലും കണ്ടുവരുന്നതാണ് കൈ -കാൽ മുട്ടുവേദന. നടക്കാൻ പ്രയാസം തോന്നുന്നതിനാൽ കാൽമുട്ട് വേദനക്ക് പലരും ചികിത്സ തേടും. എന്നാൽ, വേദന കൂടുതലായാൽ മാത്രമാണ് മിക്കവരും കൈമുട്ട് വേദനക്ക് ചികിത്സ തേടുക. കൈമുട്ടുകളിൽ അസഹനീയമായ വേദന അനുഭവപ്പെടുന്ന അവസ്ഥകളിലൊന്നാണ് ടെന്നിസ് എൽബോ. ടെന്നിസ് കളിക്കുന്നവരില്‍ കൂടുതലായി കണ്ടുവന്നിരുന്നതിനാലാണ് രോഗത്തിന് ഈ പേരു വന്നതും.
ഒരേ രീതിയില്‍ കൈകളുടെ ചലനം ആവശ്യമായി വരുന്ന തരത്തിലുള്ള ജോലി ചെയ്യുന്നവരിലാണ് കൂടുതലായും ടെന്നിസ് എൽബോ കണ്ടുവരുന്നത്. ക്രിക്കറ്റ്, ബാഡ്മിന്റൺ തുടങ്ങിയ കായിക ഇനങ്ങളിൽ ഏർപ്പെടുന്നവരിലും മെക്കാനിക്ക്, കാര്‍പെന്റ്രി, പെയ്ന്റിങ്, വീട്ടുജോലികള്‍ തുടങ്ങിയവ ചെയ്യുന്നവരിലും ടെന്നിസ് എൽബോ അനുഭവപ്പെടാനുള്ള സാധ്യത കൂടും.
കൈമുട്ടിന്റെ പുറംഭാഗത്ത് വേദന അനുഭവപ്പെടുന്നതാണ് ആദ്യ ലക്ഷണം. കൈമുട്ടുകളുടെ സുഗമമായ ചലനം സാധ്യമാക്കുന്ന പേശികള്‍ക്ക് പല വിധത്തിലുള്ള പരിക്കുകള്‍ സംഭവിക്കുന്നതാണ് വേദനക്ക് കാരണം. കൈമുട്ടിനു താഴെയുള്ള ഭാഗത്താണ് വേദന കൂടുതലായി അനുഭവപ്പെടുക. നിരന്തരമായി ഒരേ രീതിയിൽ ഈ ഭാഗം ചലിപ്പിക്കേണ്ടി വരുമ്പോൾ ഈ ഭാഗങ്ങളിലെ പേശികൾക്ക് പരിക്കുകൾ സംഭവിക്കാം.
ആദ്യഘട്ടത്തിൽ ജോലികളിൽ ഏർപ്പെടുമ്പോൾ മാത്രമാണ് വേദനയും നീരും അനുഭവപ്പെടുക. കൃത്യമായ ചികിത്സ തേടിയില്ലെങ്കിൽ നീര് കുറയാതിരിക്കുകയും വേദന കൂടുകയും ചെയ്യും. രോഗം മൂർച്ഛിച്ചാൽ ദൈനംദിന ജീവിതത്തെ പോലും ബാധിക്കുന്ന തരത്തിലേക്ക് മാറും. ചെറിയ ഭാരമുള്ള വസ്തുക്കള്‍പോലും കൈയിലെടുക്കുന്ന സമയങ്ങളില്‍ വേദന അനുഭവപ്പെടുന്നതും കൈകള്‍ ആവശ്യാനുസരണം ചലിപ്പിക്കാന്‍ സാധിക്കാതെ വരുന്നതും ടെന്നിസ് എല്‍ബോയുടെ ലക്ഷണങ്ങളാണ്. അതിനാൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറുടെ സേവനം തേടണം.
കൈപ്പത്തി, വിരലുകള്‍ തുടങ്ങിയവയുടെ ചലനങ്ങള്‍ പരിശോധിച്ചും എക്സ്റേ വഴിയും രോഗനിര്‍ണയം സാധ്യമാണ്. ചുരുക്കം രോഗികളില്‍ മാത്രമാണ് എം.ആർ.ഐ പോലുള്ള പരിശോധനകള്‍ ആവശ്യമായി വരിക. മരുന്നുകള്‍, ഫിസിയോ തെറപ്പി എന്നിവയിലൂടെ ഈ രോഗാവസ്ഥക്ക് പരിഹാരം കാണാനാകും.
എന്നാല്‍, കൃത്യസമയത്ത് ചികിത്സ തേടാതിരുന്നാല്‍ രോഗം ഗുരുതരമാകുകയും ശസ്ത്രക്രിയ ആവശ്യമാകുകയും ചെയ്യും. രോഗാവസ്ഥയില്‍നിന്ന് മുക്തിനേടാന്‍ വേദനക്ക് കാരണമാകുന്ന ജോലികളില്‍നിന്ന് ആവശ്യമായത്ര സമയം വിട്ടുനില്‍ക്കേണ്ടതും ജോലിചെയ്യുന്ന സമയം കുറക്കേണ്ടതും അത്യാവശ്യമാണ്. വേദനയുള്ള ഭാഗത്ത് ഐസ് പാക്ക്, ചൂടുവെള്ളത്തില്‍ തുണി നനച്ച് ചൂടുപിടിക്കുക തുടങ്ങിയവ താല്‍ക്കാലികാശ്വാസം നല്‍കും.
അശ്രദ്ധമായ ജീവിത ശൈലിയും തെറ്റായ ഭക്ഷണക്രമവും മൂലം ഒരു പ്രായമെത്തുമ്പോൾ കണ്ടുവരുന്ന രോഗമാണ് അൾസർ. തിരക്കുപിടിച്ച ജീവിത ശൈലിക്കിടയിൽ ഭക്ഷണക്രമം പാലിക്കാൻ സാധിക്കാതെ വരുന്നതോടെ അൾസർ രോഗികളുടെ എണ്ണവും കൂടി. കുടലിന്റെ ഭിത്തിയും ഉള്‍വശവും തമ്മില്‍ വേര്‍തിരിക്കുന്ന മ്യൂക്കോസ എന്ന ആവരണത്തില്‍ ആസിഡ് അമിതമായി ഉൽപാദിപ്പിക്കപ്പെടുന്നതിനാല് ഉണ്ടാകുന്ന ചെറിയ വിള്ളലുകളാണ് അള്‍സര്‍. ദ
ഹനവ്യവസ്ഥയുടെ ഏതുഭാഗത്ത് വേണമെങ്കിലും അള്‍സര്‍ ബാധിക്കാം. ആമാശയ അള്‍സര്‍, ചെറുകുടലിന്റെ ആരംഭഭാഗത്ത് കണ്ടുവരുന്ന അള്‍സര്‍ എന്നിവയാണ് സാധാരണ കണ്ടുവരുന്നത്. തെറ്റായ ഭക്ഷണരീതിയാണ് അൾസറിന്റെ പ്രധാന കാരണം. സമയക്രമം പാലിക്കാതെ ഭക്ഷണം കഴിക്കുന്നതാണ് ഇതിൽ പ്രധാനം. എരിവ്, മസാല തുടങ്ങിയവ ധാരാളമായി അടങ്ങിയ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതുവഴിയും അൾസർ ബാധയുണ്ടാകാം. അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങളും ഇതിന് കാരണമാകും.
സന്ധിവേദന, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗാവസ്ഥകള്‍ അനുഭവിക്കുന്നവര്‍ കഴിക്കുന്ന മരുന്നുകള്‍, മറ്റു വേദനസംഹാരികള്‍ എന്നിവയുടെ ദീര്‍ഘനാളത്തെ ഉപയോഗവും അൾസറിന് കാരണമാകാറുണ്ട്. മദ്യപാനം,പുകവലി തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപഭോഗവും മാനസിക സമ്മർദം അനുഭവിക്കുന്നതും അള്‍സറിന് കാരണമാകാം. സാധാരണയായി കണ്ടുവരാറില്ലെങ്കിലും ഭക്ഷണം, വെള്ളം എന്നിവയിലൂടെയെത്തുന്ന അണുബാധയിലൂടെയും അൾസർ ബാധിക്കാം.
വയറിന്റെ മുകള്‍ഭാഗത്തോ നെഞ്ചിന്റെ താഴ്ഭാഗത്തോ അനുഭവപ്പെടുന്ന വേദനയാണ് അള്‍സറിന്റെ പ്രധാന ലക്ഷണം. തുടര്‍ച്ചയായ ഏമ്പക്കം, വയര്‍സ്തംഭനം, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, വയര്‍ വീര്‍ത്തുവരുക, ഭക്ഷണം കഴിച്ചയുടന്‍ മലവിസര്‍ജനം നടത്തേണ്ടിവരുക തുടങ്ങിയവയെല്ലാം അള്‍സറിന്റെ ലക്ഷണങ്ങളാണ്.
അള്‍സര്‍ ഗുരുതരമാവുകയും കൃത്യമായ ചികിത്സ സ്വീകരിക്കാതിരിക്കുന്നതും ഈ ഭാഗത്ത് ട്യൂമര്‍ അല്ലെങ്കില്‍ കാന്‍സര്‍ സാധ്യതയിലേക്ക് വഴിമാറുകയും ചെയ്യും. അള്‍സര്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ തുടർച്ചയായി രണ്ടോ മൂന്നോ മാസം മരുന്ന് കഴിച്ചാൽ വ്യത്യാസം കാണാനാകും. ഗുരുതരമാണെങ്കിൽ ബയോപ്സി പരിശോധന നടത്തി കാന്‍സര്‍ സാന്നിധ്യവും പരിശോധിക്കണം.
ഭക്ഷണ രീതിയിൽ മാറ്റം വരുത്തുന്നതിലൂടെ അൾസറിനെ ഒരു പരിധിവരെ തടയാം. കൃത്യസമയത്ത് കഴിക്കുക, ആരോഗ്യകരമായ ഭക്ഷണം എന്നിവയിൽ ശ്രദ്ധ നൽകണം. എരിവ്, മസാല, എണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗവും ജങ്ക് ഫുഡ് ഇനങ്ങളും ഒഴിവാക്കുന്നത് നന്നാകും. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് നല്ലതാണ്. കൂടാതെ മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.