ആരോഗ്യമുള്ള മിക്ക ആളുകൾക്കും ഏത് വശം ചരിഞ്ഞ് ഉറങ്ങിയാലും കുഴപ്പമില്ല. എന്നാൽ ശ്വാസംമുട്ടൽ അനുഭവപ്പെടുകയോ, ഹൃദയമിടിപ്പ് അനുഭവപ്പെടുകയോ, അല്ലെങ്കിൽ മറ്റ് ഹൃദയ പ്രശ്നങ്ങൾ അനുഭവപ്പെടുകയോ ചെയ്താൽ, നിങ്ങളുടെ ഉറങ്ങുന്ന വശത്തെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. വലതുവശം ചരിഞ്ഞ് കിടക്കുന്നത് പൊതുവെ ഗുണകരമായി കണക്കാക്കപ്പെടുന്നില്ലെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതിനും ഗുണങ്ങളുണ്ട്. വലതുവശം ചരിഞ്ഞു കിടക്കുമ്പോൾ ഹൃദയം നെഞ്ചിൽ അല്പം ഉയർന്ന നിലയിൽ ഇരിക്കും. ഇത് ഹൃദയത്തിൽ സമ്മർദം കുറയുന്നതായി തോന്നിപ്പിക്കുകയും ശ്വസനം എളുപ്പമാക്കുകയും ചെയ്യും. ഇതുകൊണ്ടാണ് ഹൃദയ സംബന്ധമായ അസ്വസ്ഥതകൾ ഉള്ള ആളുകൾ വലതുവശം ചരിഞ്ഞ് കിടക്കണമെന്ന് പറയുന്നത്.
നട്ടെല്ലിന്റെ സ്വാഭാവികമായ വളവ് നിലനിർത്താൻ വലതുവശം ചരിഞ്ഞ് കിടക്കുന്നത് സഹായിക്കും. ഇത് നടുവേദന കുറക്കാൻ സഹായിച്ചേക്കാം. ശരിയായ തലയിണയും മെത്തയും ഉപയോഗിക്കുകയാണെങ്കിൽ ഈ ഗുണം കൂടുതലായി ലഭിക്കും. വലതുവശം ചരിഞ്ഞ് കിടക്കുന്നത് ശ്വാസമെടുക്കുന്നത് കൂടുതൽ എളുപ്പമാക്കും. ഇത് ചില ആളുകളിൽ കൂർക്കംവലി കുറക്കാൻ സഹായിക്കുന്നു. മിക്ക ആളുകൾക്കും ദഹനം, ഹൃദയാരോഗ്യം തുടങ്ങിയ കാര്യങ്ങളിൽ ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ് കൂടുതൽ ഗുണകരമായി കണക്കാക്കപ്പെടുന്നത്. ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അനുസരിച്ച് ഇതിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. ആരോഗ്യമുള്ള വ്യക്തികൾക്ക് ഇരുവശത്തും ഉറങ്ങുന്നത് സുരക്ഷിതമാണ്.
ഇടതുവശം ചരിഞ്ഞ് കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്‍റെ സഹായത്തോടെ ആമാശയത്തിലെ ആഹാരം ചെറുകുടലിലേക്ക് എളുപ്പത്തിൽ നീങ്ങുന്നു. ഇത് ദഹനപ്രശ്നങ്ങൾ കുറക്കാൻ സഹായിക്കുന്നു. ശരീരത്തിന്‍റെ ഇടതുവശത്താണ് പ്രധാന രക്തക്കുഴലുകളായ അയോർട്ടയും വെയിനുകളും സ്ഥിതി ചെയ്യുന്നത്. ഗർഭിണികൾ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഗർഭസ്ഥ ശിശുവിലേക്കും വൃക്കകളിലേക്കും രക്തയോട്ടം കൂട്ടാൻ സഹായിക്കുന്നു.
രാത്രി മുഴുവൻ സമാധാനമായി ഉറങ്ങാൻ സഹായിക്കുന്നതാണ് ഏറ്റവും നല്ല വശം. വലതുവശം സുഖകരമായി തോന്നുകയും ഭാരമോ ശ്വാസതടസ്സമോ ഇല്ലാതെ ഉണരുകയും ചെയ്താൽ അതിൽ ഉറച്ചുനിൽക്കുക. ഇടതുവശം നിങ്ങളുടെ ശരീരത്തിന് നല്ലതായി തോന്നുകയാണെങ്കിൽ അതും ഫലപ്രദമാണ്. ആഴത്തിലുള്ളതും ശാന്തവുമായ ഉറക്കം നേടുക എന്നതാണ് ലക്ഷ്യം. അതാണ് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നത്. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ ഉറങ്ങാൻ ഏറ്റവും അനുയോജ്യമായ നിലയെക്കുറിച്ച് ഒരു ഡോക്ടറുമായി സംസാരിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.