വേവിക്കാത്ത അരി പച്ചക്ക് കഴിക്കുന്നവരാണോ നിങ്ങൾ? അരിയുടെ മണം പച്ച അരി കഴിക്കാൻ പ്രേരിപ്പിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ശ്രദ്ധിക്കണം. പച്ച അരി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾ, പല്ലുകളിലെ കേടുപാടുകൾ, ഭക്ഷ്യവിഷബാധ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാണമാകും. ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലെ പ്രധാന ഭക്ഷണമാണ് അരി. വില കുറഞ്ഞതും ഊർജ്ജത്തിനുള്ള നല്ല ഉറവിടവുമായ അരി പലതരം ഇനങ്ങളിൽ ലഭ്യമാണ്. സാധാരണയായി വേവിച്ചാണ് അരി കഴിക്കുന്നതെങ്കിലും വേവിക്കാത്ത അരി കഴിക്കാമോ എന്നും അതിന് എന്തെങ്കിലും ആരോഗ്യ ഗുണങ്ങൾ ഉണ്ടോ എന്നും ചിലർ ആശ്ചര്യപ്പെടാറുണ്ട്. എന്നാൽ വേവിക്കാത്തതോ ശരിയായി വേവാത്തതോ ആയ അരി കഴിക്കുന്നത് ഭക്ഷ്യവിഷബാധക്കുള്ള സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
പൈക്ക- ചില സന്ദർഭങ്ങളിൽ വേവിക്കാത്ത അരി കഴിക്കാനുള്ള ആഗ്രഹം ‘പൈക്ക’ എന്നറിയപ്പെടുന്ന ഒരു ഭക്ഷണ ക്രമക്കേടിന്റെ സൂചനയായിരിക്കാം. ഇത് കാരണം പോഷകമില്ലാത്ത ഭക്ഷണങ്ങളോ വസ്തുക്കളോ കഴിക്കാനുള്ള അമിതമായ ആഗ്രഹം അനുഭവപ്പെടും. പൈക്ക സാധാരണയായി എല്ലാവരിലും കാണാറില്ലെങ്കിലും കുട്ടികളിലും ഗർഭിണികളിലും ഇത് കൂടുതലായി കാണപ്പെടാറുണ്ട്. മിക്ക കേസുകളിലും ഇത് താൽക്കാലികമാണ്. പക്ഷേ ചില സന്ദർഭങ്ങളിൽ മനശാസ്ത്രപരമായ കൗൺസിങ്ങും ഇത്തരക്കാർക്ക് ആവശ്യമായി വന്നേക്കാം. പൈക്ക കാരണം കൂടിയ അളവിൽ വേവിക്കാത്ത അരി കഴിക്കുന്നത് ക്ഷീണം, വയറുവേദന, മുടികൊഴിച്ചിൽ, പല്ലിന് കേടുപാടുകൾ, ഇരുമ്പ് സത്തിന്റെ കുറവ് മൂലമുള്ള വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇത്തരത്തിൽ ആർക്കെങ്കിലും പൈക്കയുണ്ടെന്ന് സംശയം തോന്നിയാൽ ഉടനടി വൈദ്യസഹായം തേടേണ്ടതാണ്. കാരണം ഈ അവസ്ഥ ഭാവിയിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
ബാസിലസ് സെറിയസ്- വേവിക്കാത്ത അരിയിൽ ഭക്ഷ്യവിഷബാധക്ക് കാരണമാകുന്ന ബാസിലസ് സെറിയസ് പോലുള്ള ഹാനികരമായ ബാക്ടീരിയകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അരി വിപണിയിലെ പകുതിയോളം സാമ്പിളുകളിൽ ഇത്തരം ബാക്ടീരിയകൾ കണ്ടെത്തിയതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. മണ്ണിൽ സാധാരണയായി കാണപ്പെടുന്ന ഒരു തരം ബാക്ടീരിയയാണ് ബാസിലസ് സെറിയസ്. ഇത് വേവിക്കാത്ത അരിയിൽ കലരാൻ സാധ്യതയുണ്ട്. എന്നാൽ വേവിച്ച അരിയിൽ ഈ ബാക്ടീരിയ പ്രശ്നക്കാരനല്ല. കാരണം ഉയർന്ന താപനില ബാക്ടീരിയയുടെ വളർച്ച കുറക്കും. എന്നാൽ വേവിക്കാത്ത, പാചകം ചെയ്യാത്ത, അല്ലെങ്കിൽ ശരിയായി സൂക്ഷിക്കാത്ത അരിയിലുണ്ടാകുന്ന തണുത്ത താപനില ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരത്തിലുള്ള അരികൾ കഴിച്ച ശേഷം ചുരുങ്ങിയ സമയത്തിനുളിൽ ഛർദ്ദി, വയറുവേദന, വയറിളക്കം തുടങ്ങി ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമാകുന്നവ അനുഭവപ്പെട്ടേക്കാം.
ലെക്റ്റിൻസ്- വേവിക്കാത്ത അരികളിൽ കാണപ്പെടുന്ന ഘടകങ്ങളിലൊന്നാണ് ലെക്റ്റിൻസ് എന്ന ഒരു തരം പ്രോട്ടീൻ. ഇവയെ ചിലപ്പോൾ 'ആന്റിനൂട്രിയന്റുകൾ' എന്നും വിളിക്കാറുണ്ട്. പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള നമ്മുടെ ശരീരത്തിന്റെ കഴിവിനെ കുറക്കാൻ സാധ്യതയുള്ളത് കൊണ്ടാണ് ഇങ്ങനെ അറിയപ്പെടുന്നത്. സാധാരണയായി മനുഷ്യർക്ക് ലെക്റ്റിൻസ് ദഹിപ്പിക്കാൻ കഴിയില്ല. അതിനാൽ അവ ദഹനനാളത്തിലൂടെ യാതൊരു മാറ്റവുമില്ലാതെ കടന്നുപോകുകയും കുടലിന്റെ ഭിത്തിക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യും. എന്നാൽ അരി വേവിക്കുന്ന സമയത്ത് ചൂട് കാരണം ഇവ ഭൂരിഭാഗവും നശിക്കാൻ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.