പ്രതീകാത്മക ചിത്രം

പലചരക്ക് ചുമക്കുന്നത് വെറും ജോലിയല്ല; അറിയാതെ ചെയ്യുന്നൊരു മികച്ച വ്യായാമം

കാറിൽ നിന്ന് അടുക്കളയിലേക്ക് രണ്ട് ഭാരമുള്ള ക്യാരി ബാഗുകൾ ചുമന്ന് കൊണ്ടുപോകുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? നിങ്ങളുടെ വിരലുകൾ ബാഗുകളുടെ ഹാൻഡിലിൽ മുറുകെ പിടിക്കും. തോളുകൾ മുറുകും. നിങ്ങൾ അറിയാതെ തന്നെ വയറിലെ പേശികൾ മുറുകും. ഒരു ബാഗിന് മറ്റേതിനേക്കാൾ ഭാരം കൂടുതലാണെങ്കിൽ ഓരോ ചുവടിലും കാലുകൾ ബാലൻസ് ചെയ്യാൻ ശ്രമിക്കും. ആ ചെറിയ നടത്തം യഥാർത്ഥത്തിൽ ഒരു മികച്ച വ്യായാമത്തിന് തുല്യമാണ് എന്നാണ് വിദഗ്ധർ പറയുന്നത്.

പൂന്തോട്ടത്തിൽ കുഴിക്കുന്നതും ഒരു കസേരയിൽ നിന്ന് 10 തവണ എഴുന്നേറ്റ് നിൽക്കുന്നതും ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് ചാർട്ടേഡ് സൊസൈറ്റി ഓഫ് ഫിസിയോതെറാപ്പിയുടെചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. കാരെൻ മിഡിൽടൺ പറയുന്നു. ഓൺലൈൻ ഷോപ്പിങ് വ്യായാമത്തിന്റെ ഒരു സാധ്യതയുള്ള ഉറവിടം ഇല്ലാതാക്കിയെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കാരണം ഇന്ന് നമ്മൾ ഷോപ്പിങ് ബാഗുകൾ ചുമക്കേണ്ടതില്ല, അവ വീട്ടുപടിക്കൽ എത്തിച്ചു നൽകുന്നു.

ശക്തി പരിശീലനത്തിന് എല്ലായ്പോഴും ഡംബെല്ലുകളോ ബാർബെല്ലുകളോ വിലയേറിയ മെഷീനുകളോ ആവശ്യമില്ല. നിങ്ങൾ ബാഗ് ചുമക്കുമ്പോൾ കൈകൾ മാത്രമല്ല ജോലി ചെയ്യുന്നത്. തോളിനും മുതുകിനും ചുറ്റുമുള്ള പേശികളും ഒപ്പം പ്രവർത്തിക്കുന്നുണ്ട്. അവയാണ് നിങ്ങളുടെ കൈകൾ വീഴാതെ പിടിച്ചു നിർത്തുന്നത്. അതുകൊണ്ട് രണ്ട് കൈയിലും തുല്യ ഭാരം വെക്കാൻ ശ്രമിക്കുക. ഒരു ബാഗിന് ഭാരം കൂടുതലാണെങ്കിൽ, നടക്കുന്നതിനിടയിൽ ഇടയ്ക്ക് കൈ മാറി പിടിക്കുക. അപ്പോൾ ഒരു വശത്ത് മാത്രം ഭാരം വരില്ല.

ഭാരമുള്ള ബാഗുമായി നടക്കുമ്പോൾ നിങ്ങളുടെ കാലുകൾക്കും നല്ല അദ്ധ്വാനമുണ്ട്. തുടയിലെയും കാലിലെയും ഇടുപ്പിലെയും പേശികളാണ് നിങ്ങളെ വീഴാതെ ബാലൻസ് ചെയ്തു നടത്തുന്നത്. നിരപ്പായ സ്ഥലത്ത് എളുപ്പമെന്ന് തോന്നുന്ന ബാഗ്, പടി കയറുമ്പോൾ ഭാരമുള്ളതായി തോന്നുന്നതും ഇതുകൊണ്ടാണ്. 

പലചരക്ക് ചുമന്നാൽ ജിമ്മിൽ പോകേണ്ട എന്നല്ല ഇതിനർത്ഥം. നമ്മുടെ ദൈനംദിന ജോലികൾക്ക് തന്നെ ശക്തി വേണം. നിലത്തു നിന്ന് എന്തെങ്കിലും എടുക്കുക, എന്തെങ്കിലും തള്ളുകയോ വലിക്കുകയോ ചെയ്യുക, പടി കയറുക, കസേരയിൽ നിന്ന് എഴുന്നേൽക്കുക, തലക്ക് മുകളിലേക്ക് കൈ ഉയർത്തുക ഇതൊക്കെ നിസ്സാരമായി തോന്നുമെങ്കിലും പ്രായമാകുമ്പോൾ ഇതാണ് ഏറ്റവും ബുദ്ധിമുട്ടാകുന്നത്.

അതുകൊണ്ട് ഇതിനൊക്കെ സഹായിക്കുന്ന വ്യായാമങ്ങൾ ചെയ്യുക. സ്ക്വാട്ട് ചെയ്താൽ ഇരുന്ന് എഴുന്നേൽക്കാൻ എളുപ്പമാകും. ഭാരം പിടിച്ച് നടന്നാൽ സാധനം ചുമക്കാൻ എളുപ്പമാകും. പടി കയറി ഇറങ്ങുന്ന വ്യായാമം ചെയ്താൽ പടി കയറാൻ എളുപ്പമാകും. എല്ലാ വീട്ടുജോലിയും വ്യായാമം ആക്കണമെന്നില്ല, പക്ഷെ ദൈനംദിന കാര്യങ്ങൾ എളുപ്പമാക്കുന്ന വ്യായാമങ്ങൾ ചെയ്താൽ ഗുണമുണ്ട്.

വ്യായാമമാണെന്ന് കരുതി മനഃപൂർവം ബാഗിൽ അമിത ഭാരം കയറ്റരുത്. നടക്കുമ്പോൾ ഒരു വശത്തേക്ക് ചരിയുകയോ, കൈ വേദനിക്കുകയോ, നടത്തം ശരിയല്ലാതെ ആവുകയോ ചെയ്താൽ ആ ഭാരം നിങ്ങൾക്ക് അധികമാണ് എന്ന് മനസിലാക്കണം. തോളിലോ നടുവിലോ വേദനയുള്ളവർ ശ്രദ്ധിക്കണം. ശക്തി കാണിക്കലല്ല, നിയന്ത്രണത്തോടെ ഭാരം ചുമക്കലാണ് പ്രധാനം.

പ്രായമാകുമ്പോൾ പേശികൾ സ്വാഭാവികമായും കുറയും. ആർത്തവവിരാമത്തിന് ശേഷം ശരീരത്തിൽ വലിയ മാറ്റങ്ങൾ വരും. അതുകൊണ്ട് തന്നെ പേശികൾ നിലനിർത്താൻ ചെറിയ വ്യായാമങ്ങൾ അത്യാവശ്യമാണ്. ഇത് സൗന്ദര്യത്തിന് വേണ്ടി മാത്രമല്ല, ആരോഗ്യത്തോടെ ജീവിക്കാൻ വേണ്ടി കൂടിയാണ്. എന്തെങ്കിലും വേദനയോ അസുഖമോ ഉണ്ടെങ്കിൽ വ്യായാമം തുടങ്ങും മുൻപ് ഒരു ഡോക്ടറെ കാണുക.

Tags:    
News Summary - Carrying grocery bags is a workout too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.