സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്‍റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്നും കെ.മുരളീധരൻ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് തടയുന്നതിനായി സംസ്ഥാന സർക്കാർ നിയമനിർമാണത്തിനൊരുങ്ങുന്നു. രോഗികളിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതും ചികിത്സാച്ചെലവിലെ സുതാര്യതയില്ലായ്മയും അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ നാലംഗ സമിതിക്ക് രൂപം നൽകുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനായുള്ള സമിതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടർ എന്നിവരാണ് മറ്റ് അംഗങ്ങൾ. സ്വകാര്യ ആശുപത്രിമേഖലയുമായും ബന്ധപ്പെട്ട വിഭാഗങ്ങളുമായും കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും സുതാര്യതയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകൾ ഈ സമിതി സമർപ്പിക്കും.

മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനകൾ, മുറിവാടക, വിവിധ ചികിത്സാ പ്രൊസീജറുകൾ എന്നിവയ്ക്കുള്ള നിരക്കുകൾ വിശദമായി പരിശോധിച്ചാകും നിയമനിർമാണത്തിനുള്ള നിർദേശങ്ങൾ തയ്യാറാക്കുന്നത്. കേരളത്തിന്റെ ആരോഗ്യരംഗത്ത് സ്വകാര്യ ആശുപത്രികൾ നിർണായക സാന്നിധ്യമാണെങ്കിലും ചിലയിടങ്ങളിൽ നിന്ന് പാവപ്പെട്ടവരെ അമിതമായി ചൂഷണം ചെയ്യുന്നതായി നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യരംഗത്തെ ഈ അമിത കച്ചവട താത്പര്യം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് പ്രതീക്ഷിക്കാവുന്ന ചെലവ് രോഗികളെ അറിയിക്കുക, ബില്ലിൽ ഓരോ ഇനത്തിന്റെയും നിരക്ക് വ്യക്തമായി രേഖപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ പുതിയ നിയമത്തിലൂടെ ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിൽ നൽകുന്ന മരുന്നുകൾ എം.ആർ.പിയെക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതും ലബോറട്ടറി-സ്കാനിങ് നിരക്കുകൾ നിയന്ത്രിക്കുന്നതും സമിതി പരിശോധിക്കും. കൂടാതെ, സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ സേവനം കൂടുതൽ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളും സമിതി വിലയിരുത്തും. സ്വകാര്യ ആശുപത്രികളുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഗണിച്ച്, രോഗികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിലുള്ള പ്രായോഗിക നിയന്ത്രണ സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Law Soon to Regulate Private Hospital Treatment Costs: K. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.