കുറഞ്ഞ വിലയിൽ വീഴരുത്; ഉത്സവസീസണിൽ ഭക്ഷണം വാങ്ങുമ്പോൾ ജാഗ്രത വേണം

നവരാത്രി മുതൽ ദീപാവലി വരെയുള്ള തുടർച്ചയായ ഉത്സവ സീസണുകളിൽ വിപണിയിലുണ്ടാകുന്ന അമിതമായ തിരക്കും ആവശ്യകതയും ഭക്ഷണങ്ങളുടെ ഗുണമേന്മയെ ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ദർ. ഈ സമയങ്ങളിൽ വിപണിയിൽ മധുരപലഹാരങ്ങൾ, പാൽ, മറ്റ് പാൽ ഉൽപ്പന്നങ്ങൾ എന്നിവക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് പലപ്പോഴും ലാഭം മാത്രം ലക്ഷ്യമിട്ടുള്ള മായം ചേർക്കലുകളിലേക്കും ഗുണനിലവാരമില്ലാത്ത ആഹാരസാധനങ്ങളുടെ വിതരണത്തിലേക്കും നയിച്ചേക്കാം. അതിനാൽ തന്നെ പരസ്യങ്ങളിലും കുറഞ്ഞ വിലയിലും വീണുപോകാതെ ഉപഭോക്താക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഉത്സവക്കാലത്ത് മധുരപലഹാരങ്ങളിൽ നിറം വർധിപ്പിക്കുന്നതിനായി രാസവസ്തുക്കൾ ഉപയോഗിക്കുന്നതും, പാലിനും മാവുകൾക്കും പകരം സിന്തറ്റിക് വസ്തുക്കൾ ചേർക്കുന്നതും പതിവാണ്. ഇത് ഗുരുതരമായ ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് ദീർഘകാല ആരോഗ്യ വെല്ലുവിളികൾക്കും കാരണമാകും. ഇത്തരം ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ എഫ്.എസ്.എസ്.എ.ഐ (FSSAI) അംഗീകാരമുള്ള വിശ്വസനീയമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് മാത്രം ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ ശ്രദ്ധിക്കുക. കൃത്രിമ നിറങ്ങൾ അമിതമായി ചേർത്ത ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഉചിതം.

സാധ്യമെങ്കിൽ ഉത്സവങ്ങൾക്കായി മധുരപലഹാരങ്ങളും പലഹാരങ്ങളും വിപണിയിൽ നിന്ന് വാങ്ങുന്നതിന് പകരം ഗുണനിലവാരമുള്ള ചേരുവകൾ ഉപയോഗിച്ച് വീട്ടിൽ തന്നെ തയ്യാറാക്കാൻ ശ്രമിക്കുന്നതാണ് നല്ലത്. കൂടാതെ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതിന് മുമ്പും നന്നായി കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഉത്സവക്കാലത്തെ സന്തോഷം ആരോഗ്യകരമായി നിലനിർത്താൻ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Tags:    
News Summary - Festival Food Safety Tips You Should Know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.