മിഠായി ഇഷ്ടമല്ലാത്ത കുട്ടികൾ ഉണ്ടാവില്ല. അവരെ സന്തോഷിപ്പിക്കാനായി മിഠായികളും ചോക്ലറ്റുകളും നൽകുന്നവരാണ് മിക്ക രക്ഷിതാക്കളും. പല നിറങ്ങളിലും രുചിയിലും ലഭ്യമാകുന്ന മിഠായികൾ കുട്ടികൾക്ക് ഇഷ്ടമാണെങ്കിലും അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ അവരുടെ കുഞ്ഞ് ശരീരത്തിന് അപകടമാണ്. പക്ഷേ, മിഠായികൾ ഇല്ലാത്തൊരു ബാല്യകാലം സങ്കൽപിക്കാനുമാവില്ല. മിഠായികൾക്ക് പകരം ചോക്ലറ്റുകൾ തിരഞ്ഞെടുക്കുന്നത് ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാണ്.
എല്ലാ മധുരപലഹാരങ്ങളും ഒരുപോലെയല്ല. ചോക്ലറ്റുകളെക്കാൾ നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യുന്നവയാണ് പല നിറങ്ങളിലും രുചികളിലും ലഭ്യമാകുന്ന മിഠായികൾ. അവയിൽ പഞ്ചസാര, കൃത്രിമ നിറങ്ങൾ, മറ്റ് രാസവസ്തുക്കൾ എന്നിവ കൂടിയ അളവിൽ അടങ്ങിയിരിക്കുന്നു. അതേസമയം ചോക്ലറ്റുകളിൽ (പ്രത്യേകിച്ചും ഡാർക്ക് ചോക്ലറ്റ്) ചെറിയ അളവിലെങ്കിലും പ്രകൃതിദത്ത ചേരുവകളുണ്ട്. ഇവ തമ്മിലുള്ള വ്യത്യാസം അറിയുന്നത് നിങ്ങളുടെ കുട്ടിക്ക് സുരക്ഷിതമായത് തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.
മിഠായികൾ പ്രധാനമായും ശുദ്ധീകരിച്ച പഞ്ചസാര, കോൺ സിറപ്പ്, കൃത്രിമ സുഗന്ധങ്ങൾ, നിറങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്. ഈ ചേരുവകളിൽ പോഷകങ്ങളൊന്നുമില്ലെന്ന് മാത്രമല്ല ഉയർന്ന കലോറിയുമടങ്ങിയിരിക്കുന്നു. അമിതമായി പഞ്ചസാര ശരീരത്തിലെത്തുന്നത് ഊർജക്ഷയത്തിനും പല്ല് തേയ്മാനത്തിനും കാരണമാകും. കൂടാതെ കുട്ടികളിൽ പൊണ്ണത്തടി, പ്രമേഹം എന്നിവക്കുള്ള സാധ്യതയും വർധിപ്പിക്കും. കൃത്രിമ നിറങ്ങളും പ്രിസർവേറ്റീവുകളും ചില കുട്ടികളിൽ ഹൈപ്പർ ആക്റ്റിവിറ്റിക്കും അലർജിക്കും കാരണമാകും.
ചോക്ലറ്റിന്റെ ആരോഗ്യ ഗുണങ്ങൾ
നല്ല നിലവാരമുള്ള ചോക്ലറ്റുകളിൽ, പ്രത്യേകിച്ചും ഡാർക്ക് ചോക്ലറ്റുകളിൽ ആന്റിഓക്സിഡന്റുകളുടെയും മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളുടെയും സ്വാഭാവിക ഉറവിടമായ കൊക്കോ അടങ്ങിയിട്ടുണ്ട്. ഇത് മിതമായ അളവിൽ കഴിക്കുന്നത് മാനസികാവസ്ഥ, തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം എന്നിവ മെച്ചപ്പെടുത്തും. എന്നിരുന്നാലും, കൊക്കോയുടെ അളവിനെ ആശ്രയിച്ചിരിക്കും ഗുണങ്ങളും. പഞ്ചസാര അടങ്ങിയ മിൽക്ക് ചോക്ലറ്റുകളിൽ ഈ ഗുണങ്ങൾ ഉണ്ടാവില്ല.
മിഠായികൾ വായിൽ വേഗത്തിൽ ലയിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുകയും ചെയ്യുന്നു. ഇത് കുട്ടികളെ വേഗത്തിൽ ക്ഷീണിപ്പിക്കുന്നു. മറുവശത്ത്, ചോക്ലറ്റുകളിൽ കൊക്കോയിൽനിന്നുള്ള കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഇത് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കുകയും കൂടുതൽ ഊർജം പുറത്തുവിടുകയും ചെയ്യുന്നു.
കുട്ടികളിലെ ദന്തക്ഷയം
കടുപ്പമുള്ളതും ഒട്ടിപ്പിടിക്കുന്നതുമായ മിഠായികൾ പല്ലുകളിൽ ഇനാമലിനെ നശിപ്പിക്കുന്ന ആസിഡുകൾ ഉൽപാദിപ്പിക്കുന്നു. എന്നാൽ, ഡാർക്ക് ചോക്ലറ്റുകൾ, വേഗത്തിൽ അലിയുന്നതും കഴുകിക്കളയാൻ എളുപ്പവുമാണ്. ഇത് വല്ലപ്പോഴും കഴിക്കുന്നത് പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഒരു ചെറിയ കഷണം ചോക്ലറ്റിന് മധുരപലഹാരങ്ങളോടുള്ള ആസക്തി കുറക്കാനും സംതൃപ്തി തോന്നിപ്പിക്കാനും കഴിയും. പഞ്ചസാരയും സിന്തറ്റിക് രാസവസ്തുക്കളും മാത്രമാണ് മിഠായികളിലുള്ളത്. എന്നാൽ, ബുദ്ധിപൂർവം ചോക്ലറ്റുകൾ തിരഞ്ഞെടുത്ത് മിതമായി കഴിക്കുന്നത് കുട്ടികളിലെ മിഠായി പ്രിയത്തിന് ഒരു പരിഹാരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.