പ്രതീകാത്മക ചിത്രം
മസ്തിഷ്ക ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് ബംഗളൂരുവിലെ കൺസൾട്ടന്റ് ന്യൂറോ സർജൻ ഡോ. ശിവകുമാർ എച്ച്. ആർ പറയുന്നു.
1. ഓരോ ദിവസവും പൂർത്തീകരിക്കേണ്ട കാര്യങ്ങൾ എഴുതിവെക്കുക. ഇതു കാര്യങ്ങൾ ഓർത്തിരിക്കാൻ തലച്ചോറിനെ സഹായിക്കും.
2. ആറു മുതൽ എട്ടു മണിക്കൂർ വരെ രാത്രി ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഇത് ഓർമകൾ ഏകീകരിക്കാനും സംഭരിച്ച് വെക്കാനും തലച്ചോറിനെ സഹായിക്കുന്നു.
3. പസിലുകൾ, വായന, പുതിയ കാര്യങ്ങൾ പഠിക്കുക തുടങ്ങിയ മാനസിക വ്യായാമങ്ങൾ നാഡികളുടെ സംവേദന ക്ഷമത വർധിപ്പിക്കുന്നു. ജേണലിങ്, യോഗ, മെഡിറ്റേഷൻ എന്നിവ പിന്തുടരുന്നത് വൈകാരിക പ്രതിരോധവും വ്യക്തതയും കൊണ്ടുവരും.
4. കൃത്യമായി ശാരീരിക വ്യായാമങ്ങളിൽ ഏർപ്പെടുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും വൈജ്ഞാനിക ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
5. സമ്മർദം നിയന്ത്രിക്കുന്നത് തലച്ചോറിൽ സ്ട്രെസ് ഹോർമോണുകളുടെ ഉൽപാദനം കുറക്കുന്നതിനാൽ ഓർമശക്തി മെച്ചപ്പെടുത്തും.
6. ആധുനിക ഭക്ഷണക്രമങ്ങളിൽ പലപ്പോഴും കുറവുള്ള ഒമേഗ 3 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം, കോഎൻസൈം ക്യു, വൈറ്റമിൻ ഡി തുടങ്ങിയവയാണ് തലച്ചോറിന് ആവശ്യമായ പോഷകങ്ങൾ നൽകുന്നത്. ഓർമശക്തിയെ പിന്തുണക്കുന്നതിനോടൊപ്പം മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിലും സമ്മർദം നിയന്ത്രിക്കുന്നതിലും ഈ പോഷകങ്ങൾ പ്രധാന പങ്ക് വഹിക്കുന്നു. ഇവയുടെ അഭാവമുള്ളവരിൽ ഉത്കണ്ഠ, ബ്രെയിൻ ഫോഗ്, മറവി എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
7. വിശ്രമം- ജോലിയുടെയും സ്വകാര്യ ജീവിതത്തിലെയും ഒരുപാട് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് നമ്മുടെ തലച്ചോറാണ്. ഇതിനിടയിൽ സ്വസ്ഥമായൊന്ന് വിശ്രമിച്ചില്ലെങ്കിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ താളം തെറ്റും. അതിനാൽ, ഒച്ചപ്പാടും ബഹളവും ഒന്നുമില്ലാത്ത ഡിജിറ്റൽ ലോകത്തിന്റെ കടന്നുകയറ്റമില്ലാത്ത വിശ്രമവേളകൾ അത്യാവശ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.