തിരുവനന്തപുരം: പ്രതിരോധം ലംഘിച്ച് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ ചികിത്സ മാർഗനിർദേശങ്ങൾ പരിഷ്കരിക്കാൻ ആലോചന. രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരിലും പുതുതായി രോഗം സ്ഥിരീകരിക്കുന്നവരിലും കാണുന്ന ലക്ഷണങ്ങൾ പലതായതാണ് പുതിയ നടപടികൾ ആലോചിക്കാൻ ആരോഗ്യവകുപ്പിനെ പ്രേരിപ്പിക്കുന്നത്. വെള്ളത്തിൽനിന്നാണ് രോഗബാധയെന്ന് ആരോഗ്യവകുപ്പ് ഇപ്പോഴും പറയുന്നു.
എന്നാൽ, അത്തരം സാഹചര്യത്തിൽ ഇടപഴകാത്തവർക്കും രോഗം ബാധിക്കുന്നു. രോഗത്തിന്‍റെ ഉറവിടം അജ്ഞാതമായി തുടരുന്നത് ആശങ്ത്‍യുണ്ടാക്കുന്നു. ഈവർഷം ഇതുവരെ 129 പേർക്കാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ചവരെയുള്ള കണക്ക് പ്രകാരം 26പേർ മരിച്ചു. ഈമാസം 18 ദിവസത്തിനിടെ 41 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതിൽ അഞ്ച് മരണവും റിപ്പോർട്ട് ചെയ്തു.
നേരത്തെ വടക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിരുന്ന രോഗം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം 22 പേരോളം ചികിത്സയിലുണ്ട്. ഇവർക്ക് ഓരോരുത്തർക്കും വെവ്വേറെ രോഗലക്ഷണങ്ങളാണ്. ഇത് ഡോക്ടർമാരെയും ആരോഗ്യ വകു പ്പിനെയും കുഴക്കുന്നു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ മരിച്ച ഒമ്പത് വയസ്സുകാരിക്ക് ആദ്യ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തിയിരുന്നു.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വൈറൽ ന്യുമോണിയയെന്നാണ് കണ്ടെത്തിയത്. ചികിത്സക്ക് മുമ്പും ശേഷവും കാണുന്ന രോഗലക്ഷണങ്ങളിലെ മാറ്റം വെല്ലുവിളിയാകുന്നു. നിരന്തരം മാറുന്ന അമീബയുടെ ഘടനാവ്യത്യാസം ലക്ഷണങ്ങളിലും പരിശോധനകളിലും ആശയക്കുഴപ്പമുണ്ടാക്കുന്നെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വടക്കൻ ജില്ലകളിൽ റിപ്പോർട്ട് ചെയ്ത അമീബിക് കേസുകളിൽ രോഗകാരണം കൂടുതലും നേഗ്ലെറിയ ഫൗലേറി ആണെങ്കിൽ തെക്കൻ ജില്ലകളിൽ അക്കാന്ത അമീബ വിഭാഗത്തിൽപെട്ടവയാണ്. ഇത്തരം ഘട്ടത്തിൽ ഏകീകൃത ചികിത്സ പ്രോട്ടോകോൾ പ്രയോഗികമല്ലെന്നാണ് വിലയിരുത്തൽ. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ചികിത്സ പ്രോട്ടോകോൾ പരിഷ്കരിക്കാൻ ആലോചിക്കുന്നത്. നീന്തൽകുളങ്ങളിലും മറ്റും പാലിക്കേണ്ട ശുചിത്വ മുൻകരുതൽ അടങ്ങിയ മാർഗനിർദേശങ്ങളും പുതുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.