കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരവും മരണവും വർധിക്കുന്നതിനിടെ കണക്കുകളിൽ സർക്കാർ വ്യക്തത വരുത്താത്തത് വിമർശനത്തിനിടയാക്കിയതോടെ എണ്ണത്തിൽ കൃത്യതവരുത്തി ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പിന്റെ വെബ് സൈറ്റിൽ വെള്ളിയാഴ്ച വൈകീട്ട് അപ്ഡേറ്റ് ചെയ്ത കണക്കുകളിലാണ് സംശയങ്ങൾ തീർത്ത് കൃത്യതവരുത്തിയത്. ഈ മാസം 12 വരെ സംസ്ഥാനത്ത് 66 പേർക്ക് രോഗം സ്ഥിരീകരിച്ചതായും 17 പേർ രോഗം പിടിപെട്ട് മരിച്ചതായും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. രോഗം സംശയിക്കുന്നവർ, സംശയ മരണങ്ങൾ എന്നീ കോളത്തിൽനിന്ന് നമ്പറുകൾ ഒഴിവാക്കുകയും ചെയ്തു.
ഈ മാസം 10 വരെ ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ 42 പേർക്ക് രോഗ സംശയം, 14 സംശയ മരണം, രോഗം സ്ഥിരീകരിച്ചവർ 18, സ്ഥിരീകരിച്ച മരണങ്ങൾ രണ്ട് എന്നിങ്ങനെയായിരുന്നു നൽകിയിരുന്നത്. പി.സി.ആർ ടെസ്റ്റിൽ രോഗം സ്ഥിരീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് ബഹുഭൂരിഭാഗം കേസുകളെയും സംശയത്തിന്റെ പട്ടികയിലേക്ക് ഉൾപ്പെടുത്തിയിരുന്നത്. ഇത് ‘മാധ്യമം’ കഴിഞ്ഞദിവസം വാർത്തയാക്കുകയും സർക്കാർ കണക്കുകൾ വ്യക്തമാക്കാത്തത് വിമർശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.
രോഗിയുടെ നട്ടെല്ലിൽനിന്ന് എടുക്കുന്ന സ്രവം വെറ്റ്മൗണ്ട് പരിശോധനക്ക് വിധേയമാക്കിയാണ് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ രോഗിക്ക് ചികിത്സ ആരംഭിക്കുകയും ചെയ്യും. വെറ്റ്മൗണ്ട് പരിശോധനയിൽ അമീബയെ കാണാമെന്നിരിക്കെ രോഗം സ്ഥിരീകരിക്കാമെന്നും അമീബ ഏത് ഇനത്തിൽപ്പെട്ടതാണെന്ന് വ്യക്തമാവാനാണ് പി.സി.ആർ പരിശോധനയെ ആശ്രയിക്കുന്നതെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലും അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ, സാപ്പിനിയ, ബാലമുത്തിയ വെര്‍മമീബ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചെളിയിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധയുണ്ടായാല്‍ ഒന്നുമുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും.
തീവ്രമായ തലവേദന, പനി, ഛർദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ, രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് എന്നിവ കാണാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ അറിയിക്കുക.
അമീബയുടെ സാന്നിധ്യമുള്ള വെള്ളത്തില്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെയാണ് രോഗാണു തലച്ചോറില്‍ പ്രവേശിക്കുന്നത്. മുങ്ങിയും ചാടിയും കുളിക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദത്തില്‍ ജലാശയങ്ങളിലെ വെള്ളം മൂക്കിലൂടെ നെയ്സല് മ്യൂകോസ വഴി മൂക്കിനും തലച്ചോറിനും ഇടയിലെ നേര്‍ത്ത ക്രിബ്രിഫോം പ്ലേറ്റിലെ ചെറിയ വിള്ളലിലൂടെ തലച്ചോറിലേക്കു കടക്കുന്നു. കുട്ടികളില്‍ ക്രിബ്രിഫോം പ്ലേറ്റ് വളരെ നേര്‍ത്തതും പൂര്‍ണമായും അടയാത്തതുമാവാം കൂടുതലും കുട്ടികളെ ബാധിക്കാന്‍ കാരണം. തലച്ചോറിനെ നേരിട്ട് ബാധിക്കുന്നതുകൊണ്ട് നേരത്തെ ഇത് ബ്രെയിന്‍ ഈറ്റിങ് അമീബ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.