രാവിലെ 9 മണിക്കുള്ളിൽ ഈ ആറു കാര്യങ്ങൾ ചെയ്യൂ; പക്ഷാഘാതത്തെ പടിക്കു പുറത്താക്കാം

ക്ഷാഘാതം ജീവിതത്തെ മാറ്റിമറിക്കുന്നതും ചിലപ്പോൾ ജീവിതം അവസാനിപ്പിക്കുന്നതുമായ ഒന്നാവാം. ഇന്നിത് സംഭവിക്കുന്നത് പ്രായമായവർക്കു മാത്രമല്ല എന്നത് ആശങ്കയേറ്റുന്ന ഒന്നാണ്. ഒരു ദശാബ്ദം മുമ്പ് പക്ഷാഘാതം ബാധിച്ചവരിൽ 38 ശതമാനം പേരും 65 വയസ്സിന് താഴെയുള്ളവരായിരുന്നു. പ്രമേഹവും ഹൃദ്രോഗവും ചെറുപ്പക്കാരിൽ കൂടുതലായി കാണപ്പെടുന്നതുൾപ്പെടെ വിവിധ ഘടകങ്ങൾ മൂലം അപകട സാധ്യതക്കുള്ള പ്രായം കുറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നാൽ, നിങ്ങളുടെ പക്ഷാഘാത സാധ്യത കുറക്കാൻ സ്വീകരിക്കാവുന്ന നടപടികളുമുണ്ട് എന്നതാണ് നല്ല വാർത്ത. ടെക്സാസ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജി ആൻഡ് കാർഡിയോവാസ്കുലാർ ഗവേഷണ വിഭാഗം മേധാവിയായ ക്രിസ്റ്റി എം. ബാലന്റൈൻ പക്ഷാഘാത സാധ്യത കുറക്കാൻ ഉണരുമ്പോൾ ഏർപെ​ടാവുന്ന ആറ് കാര്യങ്ങൾ ശിപാർശ ചെയ്യുന്നു. അവ എന്തൊക്കെയാണെന്നറിയാം.

1. ഹൃദയ സംബന്ധമായ മരുന്നുകൾ കഴിക്കുക

ഹൃദയാഘാത സാധ്യത കുറക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാർഗങ്ങളിലൊന്ന് ഹൃദയത്തിന്റെ അനാരോഗ്യവുമായി ബന്ധ​പ്പെട്ട് നിഷ്‍കർഷിച്ച മരുന്നുകൾ കഴിക്കുക എന്നതാണ്. ബാലന്റൈൻ പറയുന്നതനുസരിച്ച് മരുന്നിലൂടെ രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കുന്നത് കാര്യമായ വ്യത്യാസങ്ങൾ വരുത്തും. കൂടാതെ ഗുളികകൾ മറന്നുപോകുന്നത് ഉയർന്ന പക്ഷാഘാത സാധ്യതക്ക് വഴിവെക്കുകയും ചെയ്യും. 

ടൂത്ത് ബ്രഷിനടുത്തുതന്നെ കാണാവുന്ന രൂപത്തിൽ ഒരു ഗുളികപ്പെട്ടിയിൽ ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോളിനും ഉള്ള മരുന്നുകൾ സൂക്ഷിച്ചുകൊണ്ട് അവ മറക്കാതിരിക്കാൻ ശ്രദ്ധിക്കാം. രക്തം നേർപ്പിക്കുന്ന ഫലങ്ങൾ കാരണം സ്ട്രോക്കും ഹൃദയാഘാതവും തടയാൻ സഹായിക്കുന്ന ബേബി ആസ്പിരിൻ കഴിക്കുന്നത് പ്രയോജനകരമാകുമോ എന്നതിനെക്കുറിച്ച് ഒരു ഡോക്ടറോട് സംസാരിക്കാനും ക്രിസ്റ്റി ബാലന്റൈൻ ശിപാർശ ചെയ്യുന്നു.

2. ധ്യാനം അല്ലെങ്കിൽ ഒരു നല്ല ആ​ശ്ലേഷം പങ്കിടുക

ദിനം മുഴുവൻ സമ്മർദം കുറഞ്ഞിരിക്കുന്നത് നിങ്ങളുടെ പക്ഷാഘാത സാധ്യത കുറക്കാൻ സഹായിക്കും. അതിനാൽ ധ്യാനത്തിന് ഏതാനും മിനിറ്റ് എടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ധ്യാനം രക്തസമ്മർദം കുറക്കാൻ സഹായിക്കുമെന്നും അത് നിങ്ങളുടെ പക്ഷാഘാത സാധ്യത കുറക്കുമെന്നും ഗവേഷണങ്ങൾ കാണിക്കുന്നു. അത് അതീന്ദ്രിയ ധ്യാനമായിരിക്കണമെന്നില്ല എന്നും പ്രാർത്ഥനയോ പ്രചോദനാത്മകമായ ഉദ്ധരണികൾ വായിക്കുകയോ ആവാമെന്നും ഇത് രക്തസമ്മർദം കുറക്കാൻ സഹായിക്കുമെന്നും ബാലന്റൈൻ കൂട്ടിച്ചേർക്കുന്നു.

മനഃസമ്മർദവും രക്തസമ്മർദവും കുറക്കുന്നതിനുള്ള മറ്റൊരു ലളിതമായ മാർഗമാണ് ഒരു ആലിംഗനം നൽകുകയോ സ്വീകരിക്കുകയോ ചെയ്യുക എന്നത്. അത് കുടുംബാംഗമോ സുഹൃത്തോ നിങ്ങളുടെ വളർത്തുമൃഗമോ ആയിക്കോട്ടെ.  അത്തരമൊരു ശാരീരിക സ്പർശം സമ്മർദത്തിലാഴ്ത്തുന്ന കോർട്ടിസോളിന്റെ അളവ് കുറക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇനി നിങ്ങൾ ആലിംഗനം ചെയ്യുന്ന ആളല്ലെങ്കിൽ പരസ്പര ബന്ധത്തിന്റെ പ്രാധാന്യം ഉയർത്തിക്കാണിച്ചുകൊണ്ട് ഒരു സുഹൃത്തിന് മെസേജ് ടൈപ്പ് ചെയ്യാനോ വിളിക്കാനോ ബാലന്റൈൻ ശിപാർശ ചെയ്യുന്നു.

3. കൃത്രിമ മധുരം ഒഴിവാക്കുക

നിങ്ങളുടെ കഫീൻ ഉപഭോഗം 400 മില്ലിഗ്രാമിൽ താഴെയായി നിലനിർത്തുന്നിടത്തോളം രാവിലെ കുടിക്കുന്ന കഫീൻ ഒഴിവാക്കേണ്ട ആവശ്യമില്ലെന്ന് ബാലന്റൈൻ പറയുന്നു. എന്നാൽ സോർബിറ്റോൾ, സൈലിറ്റോൾ പോലുള്ള അംശം അടങ്ങിയ കൃത്രിമ മധുരം കാപ്പിയോടൊപ്പം കഴിക്കുന്നതിൽ ബാലന്റൈൻ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് സൈലിറ്റോൾ രക്തം കട്ടപിടിക്കുന്നതിനും പക്ഷാഘാതം പോലുള്ള പ്രശ്നങ്ങൾക്കും സാധ്യത വർധിപ്പിക്കുന്നു.

4. ചലനാത്മകമാവുക

ജോലിക്ക് പോകുന്നതിന് മുമ്പ് വ്യായാമം ചെയ്യുന്നത് ഉത്തമമാണ്.  ദിനേന ചുരുങ്ങിയത് 15 മിനി​റ്റെങ്കിലും അതിന് മാറ്റിവെക്കാം. പക്ഷ, എല്ലാവർക്കും അതിനു കഴിഞ്ഞുകൊള്ളണമെന്നില്ല. പകരം, ജോലിസ്ഥലത്തേക്ക് പോവുന്ന വാഹനം ഓഫിസ് കെട്ടിടത്തിൽ നിന്ന് കൂടുതൽ അകലെ പാർക്ക് ചെയ്യുക, ലിഫ്റ്റിന് പകരം പടികൾ കയറുക എന്നിങ്ങനെ നിങ്ങളുടെ പ്രഭാതത്തിൽ കൂടുതൽ ചലനങ്ങൾ ഉൾപ്പെടുത്താനുള്ള വഴികൾ കണ്ടെത്താൻ ബാലന്റൈൻ ശിപാർശ ചെയ്യുന്നു.

ദിവസത്തിന്റെ ഭൂരിഭാഗവും ഇരുന്ന് ചെലവഴിക്കുന്നത് നിങ്ങളെ പക്ഷാഘാത സാധ്യത വർധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇതിനെ മറികടക്കാൻ രാവിലെ ഒരു സുഹൃത്തിനൊപ്പം നടക്കാനിറങ്ങാം. ഇങ്ങനെ പ്രതിദിനം കുറഞ്ഞത് 7,000 ചുവടുകളോ അതിൽ കൂടുതലോ ലക്ഷ്യമിടാൻ ബാലന്റൈൻ ശിപാർശ ചെയ്യുന്നു. 

5. പുകവലി ഉപേക്ഷിക്കുക

പക്ഷാഘാത സാധ്യതയുടെ കാര്യത്തിൽ പുകവലി ഏറ്റവും ദോഷകരമായ കാര്യങ്ങളിൽ ഒന്നാണെന്ന് ബാലന്റൈൻ പറയുന്നു. സിഗരറ്റ് ഉപയോഗവും പക്ഷാഘാതവും തമ്മിലുള്ള ശക്തമായ ബന്ധം കാണിക്കുന്ന പഠനങ്ങൾ ഈ ആശങ്കകളെ സാധൂകരിക്കുന്നു.

പുകവലി ഉപേക്ഷിക്കുന്നത് നിങ്ങൾക്ക് വരുത്താൻ കഴിയുന്ന ഏറ്റവും സ്വാധീനമുള്ള മാറ്റങ്ങളിൽ ഒന്നാണ്. എന്നാൽ, അത് അത്ര എളുപ്പമായിക്കൊള്ളണമെന്നില്ല. എങ്ങനെ ഈ ശീലം ഉപേക്ഷിക്കാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകൾക്ക് ഒരു ആരോഗ്യ സംരക്ഷണ വിദഗ്ദ്ധനുമായി സംസാരിക്കുക. ഈ മാറ്റത്തിലൂടെ പക്ഷാഘാത സാധ്യത കുറക്കാനും പ്രിയപ്പെട്ടവരുമൊത്ത് കൂടുതൽ കാലം ചെലവഴിക്കാനും സഹായിക്കും.

6. സമീകൃതമായ പ്രഭാതഭക്ഷണം 

നിങ്ങളുടെ പ്രഭാത ദിനചര്യയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് പക്ഷാഘാത സാധ്യത കുറക്കുന്നതിന് വളരെയധികം സഹായിക്കും. പഴങ്ങൾ, ഫ്ളാക്സ് സീഡുകൾ എന്നിവ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഫ്ളാക്സ് സീഡുകളിൽ സസ്യാധിഷ്ഠിത ഒമേഗ 3 ഫാറ്റി ആസിഡുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തക്കുഴലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നവയാണ്. മറ്റ് നിരവധി സമീകൃത പ്രഭാതഭക്ഷണ വഴികൾ ഉണ്ട്.

ബാലന്റൈൻ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് പഞ്ചസാര കൂടുതലുള്ള പ്രഭാതഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. ഇത് പ്രമേഹ സാധ്യത വർധിപ്പിക്കും. സ്ട്രോക്കിനുള്ള മറ്റൊരു പ്രധാന അപായ ഘടകമാണിത്.

Tags:    
News Summary - 6 Things to Do Before 9 A.M. to Reduce Your Stroke Risk, According to Experts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.