കൊച്ചി: കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിൽ 1,13,711 ക്ഷയരോഗികൾ ചികിത്സ തേടിയെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. നിലവിൽ 12,403 രോഗികൾ ചികിത്സ തേടുന്നുമുണ്ട്. സംസ്ഥാനത്ത് ഇവർക്കായി പ്രത്യേക റിഹാബിലിറ്റേഷൻ സെന്ററുകളൊന്നും പ്രവർത്തിക്കുന്നില്ല. അതേസമയം സർക്കാർ തലത്തിൽ ക്ഷയരോഗ ചികിത്സ പൂർണമായും സൗജന്യവുമാണ്.
എന്നാൽ, രോഗികൾക്ക് നൽകിവരുന്ന സാമ്പത്തിക സഹായത്തിൽ കോടികളാണ് ഇനിയും നൽകാൻ ബാക്കിയുള്ളത്. നീക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന മുറക്ക് ചികിത്സ കാലയളവിൽ പോഷകാഹാരത്തിനായി പ്രതിമാസം 1000 രൂപയാണ് ബാങ്ക് അക്കൗണ്ടിലേക്ക് നൽകേണ്ടത്. ചികിത്സ കാലയളവിൽ പ്രതിമാസം ആയിരം രൂപ ടി.ബി പെൻഷനായി റവന്യൂ വകുപ്പിൽനിന്ന് വിതരണം ചെയ്യുന്നുമുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ പോഷകാഹാരത്തിനായി നൽകാനുള്ളത് 4,63,34,500 രൂപയാണ്.
അഞ്ച് വർഷത്തിനിടെ 1949 കുഷ്ഠരോഗികളും ചികിത്സ തേടിയിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 30ലെ കണക്കുകൾ പ്രകാരം 483 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കുഷ്ഠരോഗികൾക്കായി സംസ്ഥാനത്ത് മൂന്ന് റീഹാബിലിറ്റേഷൻ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ചികിത്സയും സൗജന്യമായാണ് നൽകുന്നത്. നിർധനരായ കുഷ്ഠരോഗികൾക്ക് പ്രതിമാസം 1000 രൂപ നിരക്കിൽ സാമ്പത്തിക സഹായം നൽകുന്നുണ്ട്.
തുടർചികിത്സയിലുള്ളവരും പുതുതായി രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ രോഗികൾക്കും വാർഷിക വരുമാനം ഒരുലക്ഷത്തിൽ താഴെയുള്ളവർക്കുമാണ് ധനസഹായത്തിന് അർഹത. ഒന്നുമുതൽ അഞ്ച് വരെ കലകൾ ഉള്ളതോ നാഡികളെ ബാധിക്കാത്തതോ അല്ലെങ്കിൽ ഒരു നാഡിയെ ബാധിച്ചതോ ആയ പോസി ബാസില്ലറി ചികിത്സയിലുള്ളവർക്ക് ആറ് മാസവും ആറോ അതിലധികമോ കലകൾ, ഒന്നിൽ കൂടുതൽ നാഡികളെ ബാധിക്കുന്നതുമായ മൾട്ടി ബാസില്ലറി ചികിത്സയിലുള്ളവർക്ക് 12 മാസവും ചികിത്സ ധനസഹായം നൽകുന്നു.
2025 മാർച്ച് 31 വരെ എല്ലാവർക്കും ചികിത്സ ധനസഹായം അനുവദിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം ആരോഗ്യവകുപ്പിൽനിന്ന് ലഭിച്ച മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.