ജോലിക്കിടയിൽ എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം അല്ലേ..? വില്ലനായ 'റാറ്റ് സ്നാക്കിങ്' ശീലത്തെക്കുറിച്ച് അറിയാം

ജോലി ചെയ്യുന്നതിനിടയിൽ പാക്കറ്റിലുള്ള ലഘുഭക്ഷണങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്ന ശീലമുള്ളവരല്ലേ നിങ്ങളിൽ പലരും. വിശപ്പില്ലെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോഴും ടി.വി കാണുമ്പോഴുമെല്ലാം ചിപ്സ്, ബിസ്ക്കറ്റ്, മധുരപാനീയങ്ങൾ തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ നിരന്തരം വായിലിട്ട് കൊറിക്കുന്ന ആ ശീലം അത്ര നല്ലതല്ല കെട്ടോ.. ഇടതടവില്ലാതെ ഈ ഭക്ഷണ പദാർഥങ്ങൾ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇതിനെ 'റാറ്റ് സ്നാക്കിങ്' എന്നാണ് വിളിക്കപ്പെടുന്നത്.

എന്താണ് 'റാറ്റ് സ്നാക്കിങ്'?

യഥാർഥ വിശപ്പില്ലാതെ, ദിവസം മുഴുവൻ വളരെ ചെറിയ അളവിൽ ആവർത്തിച്ച് ഭക്ഷണം കഴിക്കുന്ന ശീലമാണിതെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ദീപ്തി ഖതുജ വ്യക്തമാക്കുന്നു. സമീകൃതാഹാരം കൃത്യസമയത്ത് കഴിക്കുന്നതിന് പകരം നിരന്തരം എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്ന രീതിയാണിത്. കടുത്ത ജോലിത്തിരക്ക്, മാനസിക സമ്മർദ്ദം, വിരസത, വൈകാരികമായ അസ്വസ്ഥതകൾ എന്നിവ അനുഭവിക്കുന്നവരിലാണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. ശരീരത്തിന്റെ സ്വാഭാവിക വിശപ്പിനെ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുത്തുന്ന ഈ ശീലം അമിതവണ്ണത്തിലേക്കും ദഹനക്കേടിലേക്കും മറ്റ് മെറ്റബോളിക് രോഗങ്ങളിലേക്കും നയിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ആരോഗ്യത്തിന് ഭീഷണി

തുടർച്ചയായുള്ള ഈ കൊറിക്കൽ വഴി ശരീരത്തിൽ അമിതമായി കലോറി എത്തുന്നതായി മാരെംഗോ ഏഷ്യ ഹോസ്പിറ്റൽസിലെ ചീഫ് ഡയറ്റീഷ്യൻ പാരുൾ യാദവ് പറയുന്നു. ചിപ്സ്, ചോക്ലറ്റ്, ബിസ്ക്റ്റ് എന്നിവയിലടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവ ആരോഗ്യത്തിന് ദോഷകരമാണ്. കൂടാതെ, ദഹനപ്രക്രിയ കൃത്യമായി നടക്കാൻ ആമാശയത്തിന് ആവശ്യമായ വിശ്രമം ലഭിക്കാതെ വരുന്നത് വയറെരിച്ചിൽ, ഗ്യാസ്, അസിഡിറ്റി എന്നിവയ്ക്ക് കാരണമാകും. ദിവസം മുഴുവൻ ലഘുഭക്ഷണം കഴിക്കുന്നത് വഴി പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ എന്നിവയടങ്ങിയ പോഷകാഹാരങ്ങൾ പലരും ഒഴിവാക്കുന്നു. ഇത് ശരീരത്തിന് ക്ഷീണവും ശ്രദ്ധക്കുറവും ഉണ്ടാക്കും.

മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഏകാന്തത, ഉറക്കക്കുറവ്, വിരസത എന്നിവയാണ് പലരെയും ഈ ശീലത്തിലേക്ക് നയിക്കുന്നത്. സമ്മർദമുള്ള സമയങ്ങളിൽ ലഘുഭക്ഷണങ്ങൾ താൽക്കാലികമായി സന്തോഷം നൽകുമെങ്കിലും ഇത് പിന്നീട് ഒരു ലഹരിയായി മാറുന്നു. ഉറക്കക്കുറവ് വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ തെറ്റിക്കുന്നതും അമിത കൊറിക്കലിന് കാരണമാകുന്നുണ്ട്.

ഈ ശീലം എങ്ങനെ മാറ്റാം?

  • കൃത്യമായ ഇടവേളകളിൽ പോഷകസമൃദ്ധമായ ആഹാരം കഴിക്കുക.
  • മുട്ട, പനീർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, തൈര് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് ദീർഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാൻ സഹായിക്കും.
  • പ്രോസസ് ചെയ്ത ഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ, വറുത്ത മഖാന, നട്സ് എന്നിവ ശീലമാക്കുക.
  • പലപ്പോഴും നിർജലീകരണം ഉണ്ടാകുമ്പോൾ ശരീരം അതിനെ വിശപ്പായാണ് തെറ്റായി ധരിക്കുന്നത്. അതിനാൽ ആവശ്യത്തിന് വെള്ളം കുടിക്കുക.
  • ടി.വിയോ ഫോണോ നോക്കാതെ ഭക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് സാവധാനം ചവച്ചരച്ച് കഴിക്കുക.

വല്ലപ്പോഴും ലഘുഭക്ഷണം കഴിക്കുന്നത് സ്വാഭാവികമാണെങ്കിലും, അത് നിരന്തരമുള്ള ശീലമാക്കാതെ ശരീരത്തിന് ആവശ്യമായ പോഷണം നൽകുന്നതിലായിരിക്കണം ശ്രദ്ധയെന്ന് ആരോഗ്യവിദഗ്ധർ ഓർമിപ്പിക്കുന്നു.

Tags:    
News Summary - You have to eat something while working, right? Learn about the villainous 'rat snacking' habit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.