ലോകത്ത് ഏകാന്തതയിൽ ഇന്ത്യ രണ്ടാമത്; മാനസികമായ ഒറ്റപ്പെടൽ വർധിക്കുന്നെന്ന് റിപ്പോർട്ട്

ലോകത്തെ ഏറ്റവും ഏകാന്തമായ രണ്ടാമത്തെ രാജ്യമായി ഇന്ത്യയെ കണ്ടെത്തി. 'ജെ.ബി.കോം' (JB.com) എന്ന ഡിജിറ്റൽ എന്റർടൈൻമെന്റ് പ്ലാറ്റ്‌ഫോം പുറത്തുവിട്ട ആഗോള പഠന റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ കണ്ടെത്തലുകൾ ഉള്ളത്. 36 രാജ്യങ്ങളിലെ ജനങ്ങളുടെ വൈകാരിക ക്ഷേമത്തെയും സാമൂഹിക ഒറ്റപ്പെടലിനെയും അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

തുർക്കി, ഇന്ത്യ, ബ്രസീൽ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് കിങ്ഡം, അമേരിക്ക, ആസ്‌ട്രേലിയ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളത്. സാമ്പത്തികമായി മുന്നിട്ടുനിൽക്കുന്ന അമേരിക്ക, യു.കെ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ പോലും ഏകാന്തതാ സൂചികയിൽ ആദ്യ പത്തിൽ വരുന്നു എന്നത് ആശങ്കാജനകമാണ്. ശാരീരികമായി മറ്റുള്ളവർക്ക് നടുവിൽ ആയിരിക്കുമ്പോഴും മാനസികമായി തങ്ങൾ ഒറ്റപ്പെട്ടവരാണെന്ന് കരുതുന്നവരുടെ എണ്ണം ലോകമെമ്പാടും വർധിച്ചുവരുന്നു എന്നതാണ് ഈ റിപ്പോർട്ട് നൽകുന്ന വലിയ മുന്നറിയിപ്പ്.

ഇന്ത്യയിൽ 58 ശതമാനം ആളുകളും തങ്ങൾ ഏകാന്തത അനുഭവിക്കുന്നതായി സമ്മതിക്കുന്നു. 34 ശതമാനം ആളുകൾ സാമൂഹികമായി ഒറ്റപ്പെട്ടവരാണെന്ന് കരുതുന്നു. ഇന്ത്യയിലെ 37 ശതമാനം ആളുകൾ പതിവായി സങ്കടം അനുഭവിക്കുന്നുണ്ടെന്നും, പഠനത്തിൽ ഉൾപ്പെട്ട ആദ്യ അഞ്ച് രാജ്യങ്ങളിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കാണിതെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ ഭൂരിഭാഗം പേരും കുടുംബാംഗങ്ങൾക്കൊപ്പമാണ് ജീവിക്കുന്നത് എന്നതാണ് പ്രത്യേകത. രാജ്യത്തെ വെറും 3.7 ശതമാനം വീടുകളിൽ മാത്രമാണ് ഒരാൾ മാത്രമായി താമസിക്കുന്നത്. ശരാശരി ഒരു വീട്ടിൽ നാലിലധികം അംഗങ്ങളുണ്ട്. ശാരീരികമായ ഒറ്റപ്പെടലിനേക്കാൾ ഉപരിയായി, വൈകാരികമായ അകൽച്ചയാണ് ഇന്ത്യയിൽ ഏകാന്തതക്ക് പ്രധാന കാരണമെന്ന് പഠനം വ്യക്തമാക്കുന്നു.

100 പോയിന്റ് സ്‌കോറുമായി തുർക്കിയാണ് പട്ടികയിൽ ഒന്നാമത്. 89 പോയിന്റോടെ ഇന്ത്യ രണ്ടാമതും, 78 പോയിന്റുമായി ബ്രസീൽ മൂന്നാമതുമുണ്ട്. ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ എന്നിവയാണ് ആദ്യ അഞ്ചിലുള്ള മറ്റ് രാജ്യങ്ങൾ. ഉസ്ബെക്കിസ്താൻ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഏറ്റവും കുറഞ്ഞ ഏകാന്തത അനുഭവിക്കുന്നവർ. ഏകാന്തത, ഒറ്റപ്പെടൽ, സങ്കടം, സന്തോഷം, വിഷാദരോഗം, ഒറ്റക്ക് താമസിക്കുന്നവരുടെ എണ്ണം, ശരാശരി കുടുംബാംഗങ്ങളുടെ എണ്ണം തുടങ്ങി വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് 'ലോൺലിനെസ് സ്‌കോർ' തയാറാക്കിയത്.

Tags:    
News Summary - Top 10 loneliest countries in the world: India ranks second

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.