ലക്ഷണങ്ങൾ പ്രകടമാകുന്നതിനു മുമ്പുതന്നെ രക്തപരിശോധനയിലൂടെ അൽഷിമേഴ്സ് പ്രവചിക്കാമെന്ന് പുതിയ പഠനം

നമ്മുടെ ജീവിതത്തിന്റെതന്നെ താളംതെറ്റിക്കുന്ന ഒരു രോഗമാണ് അൽഷിമേഴ്സ്. 65 കഴിഞ്ഞ ഒമ്പതിൽ ഒരാൾ അൽഷിമേഴ്സ് എന്ന മറവി രോഗത്തിന്റെ പിടിയിലാണെന്ന് ആരോഗ്യ രംഗത്തെ ഗവേഷകർ പറയുന്നു. ഈ രോഗവുമായി ബന്ധപ്പെട്ട സുപ്രധാന കണ്ടെത്തലാണ് നിലവിൽ ഗവേഷകർ വെളിപ്പെടുത്തിയിരിക്കുന്നത്.

ലക്ഷണങ്ങൾ പ്രകടമാകുന്നതിന് ഏറെക്കാലം മുമ്പുതന്നെ രക്തപരിശോധനയിലൂടെ അൽഷിമേഴ്സ് പ്രവചിക്കാനാകുമെന്നതാണ് ആ പുതിയ പഠനം. പ്രശസ്ത മെഡിക്കൽ ജേണലായ 'ദി ലാൻസെറ്റ്' ൽ ആണ് ഇത് പ്രസിദ്ധീകരിച്ചത്. ഗവേഷണ യുനൈറ്റഡ് സ്റ്റേറ്റ്സിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ ഉൾപ്പെട്ട സംഘമാണ് ഈ സുപ്രധാന പഠനത്തിന് പിന്നിൽ. അമേരിക്കയിലെ 61 വയസ്സ് ശരാശരി പ്രായമുള്ള, നിലവിൽ മറവിരോഗ ലക്ഷണങ്ങളില്ലാത്ത 1,350 മുതിർന്ന വ്യക്തികളിലാണ് ഗവേഷകർ പഠനം നടത്തിയത്.

തലച്ചോറിലെ 'ടാവു' (tau), അമലോയ്ഡ്-ബീറ്റ (amyloid-beta) എന്നീ പ്രോട്ടീനുകളുടെ അളവ് രക്തത്തിൽ വർധിക്കുന്നത് വഴി ഭാവിയിലെ മാനസിക-ബൗദ്ധിക ശേഷിക്കുറവും പെട്ടെന്നുള്ള ഓർമക്കുറവും പ്രവചിക്കാൻ സാധിക്കുമെന്ന് പഠനം പറയുന്നു. സാധാരണ നിലയിൽ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ ഈ പ്രോട്ടീനുകൾ അമിതമായി അടിഞ്ഞുകൂടുമ്പോൾ തലച്ചോറിലെ കോശങ്ങളുടെ നാശത്തിന് കാരണമാവുകയും രോഗാവസ്ഥയിലേക്ക് നയിക്കുകയുമാണ് ചെയ്യുന്നത്.

ഇവരുടെ രക്തത്തിലെ 'Aβ42', 'Aβ40', 'p-tau217' എന്നീ ബയോമാർക്കറുകളുടെ അളവ് പരിശോധിച്ചതിൽ ആറ് ശതമാനം (86 പേർ) ആളുകളിൽ അൽഷിമേഴ്സിന് കാരണമാകുന്ന ഉയർന്ന അളവിലുള്ള പ്രോട്ടീനുകൾ കണ്ടെത്തി. ഈ പ്രോട്ടീനുകൾ ഉയർന്ന അളവിലുള്ളവരിൽ ആസൂത്രണ മികവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശേഷി, വേഗത്തിലുള്ള ചിന്താശേഷി എന്നിവ കുറവാണെന്നും അഞ്ച് വർഷത്തെ നിരീക്ഷണത്തിൽ ഇവരുടെ ഓർമശക്തി വേഗത്തിൽ ക്ഷയിക്കുന്നതായും കണ്ടെത്തി.

രോഗം നേരത്തെ തിരിച്ചറിയുന്നത് വഴി ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗബാധയെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. വ്യായാമമില്ലായ്മ, പുകവലി, ഉറക്കക്കുറവ്, ശ്രവണ വൈകല്യങ്ങൾ എന്നിവ പരിഹരിക്കുന്നതിലൂടെയും ശരിയായ മരുന്നുകളിലൂടെയും രോഗലക്ഷണങ്ങൾ പ്രകടമാകുന്നത് ഒരു പരിധി വരെ വൈകിപ്പിക്കാൻ സാധിക്കും.

അതേസമയം, രോഗലക്ഷണങ്ങളില്ലാത്ത ചെറുപ്പക്കാരിൽ ഇത്തരം രക്തപരിശോധനകൾ നടത്തുന്നത് ചിലപ്പോൾ തെറ്റായ ഫലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് സ്വീഡനിലെ കരോലിൻസ്ക ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ലാൻസെറ്റ് ജേണലിന്റെ ന്യൂറോളജി പ്രത്യേക പതിപ്പിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Tags:    
News Summary - New study suggests blood test could predict Alzheimer's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.