കുട്ടികളുടെ മാനസികാരോഗ്യം; മലയാളത്തിലും സേവനം

അബൂദബി: ആരോഗ്യ സേവന ശൃംഖലയായ പ്യുവര്‍ ഹെല്‍ത്ത് കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി പ്രത്യേക മാനസികാരോഗ്യ പരിചരണ പദ്ധതി ‘സക്കീന ഫോര്‍ ചില്‍ഡ്രന്‍’ അബൂദബിയില്‍ ആരംഭിച്ചു. 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലുള്ള സക്കീന പദ്ധതിക്കൊപ്പം പുതിയതുകൂടി വ്യാപിപ്പിച്ചിരിക്കുന്നത്. ഒരേസമയം ഒട്ടേറെ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

പ്രതിമാസം 500ഓളം കുട്ടികള്‍ക്ക് പ്രത്യേക ചികിത്സാ പരിപാടികളിലൂടെ പിന്തുണ നല്‍കാന്‍ സക്കീന ഫോര്‍ ചില്‍ഡ്രന്‍ ശൃംഖലക്ക്​ ശേഷിയുണ്ട്. മലയാളം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നീ അഞ്ച് ഭാഷകളില്‍ ഈ സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നത് എമിറേറ്റിലെ പ്രവാസി സമൂഹങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും. 34 സാറ്റലൈറ്റ് ക്ലിനിക്കുകള്‍, രണ്ട് മെന്‍റല്‍ ഹെല്‍ത്ത് ഹബ്ബുകള്‍, രണ്ട് സൈക്യാട്രിക് ഇന്‍പേഷ്യന്‍റ്​ സെന്‍ററുകള്‍, രണ്ട് ന്യൂറോഡൈവേഴ്സിറ്റി സെന്‍ററുകള്‍, പ്രമുഖ ആശുപത്രികളിലെ ഒമ്പത്​ സംയോജിത ക്ലിനിക്കുകള്‍ എന്നിവയുള്‍പ്പെടുന്ന വിപുലമായ സക്കീന ശൃംഖല വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുക. 500ലധികം ആരോഗ്യവിദഗ്ദ്ധരും 77 ഭരണനിര്‍വഹണ ജീവനക്കാരും ഈ ശൃംഖലയില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

ക്ലിനിക്കല്‍ സേവനങ്ങള്‍ക്ക് പുറമെ, സ്‌കൂളുകളുമായും സാമൂഹിക സംഘടനകളുമായും സഹകരിച്ച് കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികളും വര്‍ക്ക്ഷോപ്പുകളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.

കുട്ടികളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരത്തെ തന്നെ കണ്ടെത്താനുള്ള പ്രോഗ്രാമുകള്‍, ഒ.പി. സേവനങ്ങള്‍, പ്രത്യേക കിടത്തിച്ചികിത്സാ സൗകര്യങ്ങള്‍ എന്നിവയെല്ലാം ഇതിന് കീഴില്‍ ലഭ്യമാക്കും. കുട്ടികളുടെയും കൗമാരക്കാരുടെയും സൈക്യാട്രി, ഡെവലപ്മെന്‍റല്‍ പീഡിയാട്രിക്സ്, ഒക്യുപേഷനല്‍ തെറാപ്പി, സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പി, ബിഹേവിയറല്‍ ഇന്‍റര്‍വെന്‍ഷന്‍, കുടുംബങ്ങള്‍ക്കുള്ള മനശാസ്ത്ര പിന്തുണ എന്നിവയുള്‍പ്പെടെയുള്ള വിപുലമായ രോഗനിര്‍ണയ-ചികിത്സാ സേവനങ്ങളും ഉറപ്പാക്കും.

കുട്ടികളുടെ ആരോഗ്യത്തിന് തങ്ങള്‍ ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നതെന്നും സക്കീന ഫോര്‍ ചില്‍ഡ്രന്‍ പോലുള്ള പദ്ധതികള്‍ സുരക്ഷിതമായ അന്തരീക്ഷത്തില്‍ സമഗ്ര പരിചരണം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അബൂദബി ആരോഗ്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. നൂറ ഖമീസ് അല്‍ ഗൈതി പറഞ്ഞു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ കൂടുതല്‍ കരുത്തുറ്റ തലമുറയെ വാര്‍ത്തെടുക്കാനാണ് പ്യുവര്‍ ഹെല്‍ത്ത് ലക്ഷ്യമിടുന്നതെന്ന് പ്യുവര്‍ ഹെല്‍ത്ത് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ശാഇസ്ത ആസിഫ് വ്യക്തമാക്കി.

കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യ പാതകളെ കൂടുതല്‍ മികച്ച രീതിയില്‍ സംയോജിപ്പിക്കാനാണ് പുതിയ സംരംഭത്തിലൂടെ ശ്രമിക്കുന്നതെന്ന് സക്കീന ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡോ. സൈന്‍ അലി അല്‍ യാഫായിയും കൂട്ടിച്ചേര്‍ത്തു.

ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍, കോഗ്‌നിറ്റീവ് - ഹൈപര്‍ ആക്റ്റിവിറ്റി നിര്‍ണയം തുടങ്ങിയവയ്ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള രോഗ പരിചരണ സംവിധാനങ്ങളാണ് ചികിത്സയ്ക്കായി ഇവിടെ ഉപയോഗിക്കുന്നത്. അത്യാധുനിക ഒക്യുപേഷനല്‍-സ്പീച്ച് തെറാപ്പി മുറികള്‍, സെന്‍സറി-ഡിജിറ്റല്‍ തെറാപ്പി ഇടങ്ങള്‍, കളിക്കളങ്ങള്‍, കൗമാരക്കാരുടെ മാനസിക പ്രശ്‌നങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക കിടത്തിച്ചികിത്സാ യൂനിറ്റുകള്‍ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്.

Tags:    
News Summary - Children's mental health; Service in Malayalam too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.