മാനസികാരോഗ്യ പ്രശ്നങ്ങൾ പലതരത്തിലാകാം. അവ വികാരങ്ങൾ, ചിന്തകൾ, പെരുമാറ്റങ്ങൾ എന്നിവയെ ബാധിക്കും. ലോകാരോഗ്യ സംഘടന നൽകുന്ന നിർവചനമനുസരിച്ച് മാനസികാരോഗ്യം എന്നാൽ മാനസിക രോഗങ്ങളുടെ അഭാവം മാത്രമല്ല അതിലുപരി ഒരു വ്യക്തിയുടെ പൂർണ്ണമായ ക്ഷേമത്തെയാണ് അർഥമാക്കുന്നത്. ഇത് ഒരു വ്യക്തിയുടെ ചിന്തകളെയും, വികാരങ്ങളെയും, പെരുമാറ്റങ്ങളെയും സ്വാധീനിക്കുന്നു. ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. എന്നാല്‍ നിങ്ങള്‍ മാനസികമായി സ്‌ട്രോങ്ങ് ആണെന്ന് മനശാസ്ത്രം പറയുന്നത് എട്ട് കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ്. ഇവ മറികടക്കാൻ സാധിച്ചാൽ ശക്തമായ മനസുമായി, ജീവിതത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ സാധിക്കും.
പെട്ടന്നുള്ള പ്രതികരണം
മനസ്സിന് വിഷമം തോന്നുന്ന രീതിയിൽ ആരെങ്കിലും സംസാരിക്കുകയോ പ്രവൃത്തിക്കുകയോ ചെയ്യുമ്പോൾ ഉടനടി പ്രതികരിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ അത്തരം സന്ദർഭങ്ങളിൽ ക്ഷമയോടെ വികാരത്തെ നിയന്ത്രിക്കാൻ സാധിക്കണം. ഇത് വികാരത്തെ അടിച്ചമർത്തുകയല്ല മറിച്ച് മാനസികമായ ശക്തി നൽകുകയാണ് ചെയ്യുക.
ചെറിയ പ്രശ്‌നങ്ങളെ വലുതായി കാണുക
ചിലർക്ക് ചെറിയ പ്രശ്നങ്ങൾ പോലും കൈകാര്യം ചെയ്യാൻ കഴിയില്ല. അവർ അതിനെ വലിയ പ്രശ്നമായി കണ്ട് ആവലാതിപ്പെടുകയും പരിഭ്രാന്തരാവുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് മനസ് കൂടുതല്‍ സംഘര്‍ഷത്തില്‍ അകപ്പെടുകയും മറ്റുളളവര്‍ക്ക് മുന്നില്‍ നിങ്ങള്‍ ഒരു പ്രശ്‌നക്കാരനായി മാറുകയും ചെയ്യും. അതിന് പകരം ചെറുതും വലുതുമായ കാര്യങ്ങളെ കഴിയുന്നത്ര നിസ്സാരമായി സമീപിക്കുക. ഇത് നിങ്ങളുടെ മനസിന്റെ ശക്തി കൂട്ടാനും മാനസിക പക്വത കൈവരിക്കാനും സഹായിക്കും.
അംഗീകാരം പ്രതീക്ഷിക്കുക
നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മറ്റുളളവര്‍ ശ്രദ്ധിക്കുമെന്നും അവർ അംഗീകരിക്കുമോ എന്നും പ്രതീക്ഷിച്ച് കാത്തിരിക്കാറുണ്ടോ? അവരിൽ നിന്നും പ്രശംസയും നന്ദി വാക്കും കേള്‍ക്കുന്നത് സന്തോഷം തോന്നിക്കുമെങ്കിലും അത് കേള്‍ക്കാന്‍ വേണ്ടി കാത്തിരിക്കുന്നത് അത്ര നല്ലതല്ല. അതുകൊണ്ട് പ്രശംസയും അംഗീകാരവും ശ്രദ്ധിക്കാതെ മുന്നോട്ടുപോകാന്‍ കഴിയണം. അങ്ങനെ ചെയ്യുമ്പോൾ നമുക്ക് സ്വന്തം കഴിവുകള്‍ തിരിച്ചറിയാനും മാനസിക സമർദമില്ലാതെ മുന്നോട്ട് പോകാനും സാധിക്കും.
അസ്വസ്ഥതകള്‍ ഒഴിവാക്കുക
ചില ആളുകള്‍ അവര്‍ക്ക് മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടി മുന്‍കൂട്ടി പല കാര്യങ്ങളും ചെയ്യാറുണ്ട്. ഏതെങ്കിലും കാര്യത്തിൽ എന്തെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അതിനെ നേരിടാന്‍ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ അസ്വസ്ഥതകളും വിമർശനങ്ങളും നേരിട്ട് അവയെ മറികടക്കാൻ സാധിച്ചാലേ വളർച്ചയും പ്രതികൂല സാഹചര്യങ്ങളെ മറികടക്കാനും സാധിക്കുകയുള്ളൂ. അതുകൊണ്ട് വിമർശനങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ നമുക്ക് കഴിയണം.
ചുറ്റുമുള്ള കാര്യങ്ങളുമായി താരതമ്യപ്പെടുത്തൽ
സമൂഹമാധ്യമങ്ങളിൽ കാണുന്ന കാര്യങ്ങൾ ജീവിതത്തെ സ്വന്തം ജീവിതവുമായി താരതമ്യപ്പെടുത്തുന്ന പ്രവണത ഇന്നത്തെ തലമുറക്ക് വളരെ കൂടുതലാണ്. മറ്റുള്ളവരുടെ വീട്, വസ്ത്രം, ഭക്ഷണം, ജീവിതം തുടങ്ങിയ കാര്യങ്ങൾ തനിക്ക് ലഭിച്ചില്ലല്ലോ എന്ന് ആലോചിച്ച് വേവലാതിപ്പെടുകയും അസ്വസ്ഥരാവുകയും ചെയ്യുന്നവരാണ് മിക്ക ആളുകളും. കൂടാതെ മറ്റുളളവര്‍ എന്ത് വിചാരിക്കും, സൗഹൃദം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും എന്ന് തുടങ്ങി പല കാര്യങ്ങളെക്കുറിച്ചും അവര്‍ക്ക് ആശങ്കയാണ്. ഇങ്ങനെ സ്വന്തം ജീവിതത്തെ മറ്റൊരാളുടെ ജീവിതവുമായി താരതമ്യപ്പെടുത്താതെ അവരവരുടെ വഴിയേ തന്നെ സഞ്ചരിക്കുന്നവര്‍ മാനസികമായി ശക്തരായിരിക്കും.
ശരീരം നല്‍കുന്ന സിഗ്നലുകള്‍ അവഗണിക്കല്‍
ക്ഷീണിതരാകുമ്പോഴും അസുഖങ്ങളുണ്ടാവുമ്പോഴും ശരീരം നമുക്ക് ചില സിഗ്നലുകള്‍ നല്‍കും. ജോലി പൂര്‍ത്തിയാക്കുന്നതിന് വേണ്ടി അധിക സമയം ഇരിക്കുക, സമയം ഇല്ലാത്തതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കുക തുടങ്ങിയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശരീരം ക്ഷീണിക്കും. വിശപ്പ് , ക്ഷീണം, മാനസിക പിരിമുറുക്കം, അസ്വസ്ഥത ഇവയൊക്കെയുണ്ടാകുമ്പോള്‍ ശരീരം നല്‍കുന്ന സിഗ്നലുകളെ അവഗണിക്കുന്നത് മാരക രോഗങ്ങൾക്ക് കാരണമാകും. പകരം ശരീരം ക്ഷീണിക്കുമ്പോള്‍ വിശ്രമിക്കുകയും വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുകയും ഉറക്കം വരുമ്പോൾ ഉറങ്ങുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ നിങ്ങളെ തന്നെ നന്നായി സൂക്ഷിക്കുന്നു എന്നാണ് അര്‍ഥം.
വികാരങ്ങളെ അടിച്ചമര്‍ത്തുക
പലരുടെയും ചെറുപ്പകാലത്ത് ദേഷ്യപ്പെടരുത്, കരയരുത്, വാശി പിടിക്കരുത് തുടങ്ങി പല തരത്തിലുളള ’പാടില്ല’കൾ കേട്ടിട്ടുണ്ടാകും. ഇങ്ങനെ വികാരങ്ങളെ അടിച്ചമര്‍ത്തി വളര്‍ന്നുവന്നവര്‍ക്ക് പേടിയോടെയേ എല്ലാത്തിനേയും സമീപിക്കാന്‍ സാധിക്കുകയുള്ളൂ. യഥാര്‍ഥത്തില്‍ മാനസിക ശക്തിയുള്ള ആളുകള്‍ എല്ലാ വികാരങ്ങളെയും ഉള്‍ക്കൊണ്ട് അവയെ അഭിമുഖീകരിച്ചാണ് മുന്നോട്ട് പോകുന്നത്. ദു:ഖവും നിരാശയും ഒക്കെ അറിഞ്ഞ് അവയെ ശരിയായ രീതിയിൽ കൈകാര്യം ചെയ്ത് വേണം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍.
തീരുമാനങ്ങളെടുക്കുവാനുള്ള കഴിവ്
മാനസികാരോഗ്യത്തിൽ പ്രധാനപ്പെട്ടതാണ് തീരുമാനങ്ങളെടുക്കാനുള്ള കഴിവ്. നിങ്ങളുടെ തീരുമാനം ശരിയായാലും തെറ്റായാലും അതില്‍ ഉറച്ച് നില്‍ക്കുക എന്നതിലാണ് കാര്യം. സത്യത്തില്‍ ഓരോ മനുഷ്യനും നാം വിചാരിക്കുന്നതിലും ശക്തരാണ്. ആ ശക്തി സ്വയം തിരിച്ചറിയണമെന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.