എട്ടുപേരിൽ ഒരാൾക്ക് മാനസിക പ്രശ്നമെന്ന് ലോകാരോഗ്യ സംഘടന

ലോകം നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നായി മാറുകയാണ് മാനസികാരോഗ്യം. ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്നം അനുഭവിക്കുന്നണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വർഷങ്ങളോളം വൈകല്യവുമായി ജീവിക്കേണ്ടി വരുന്നതിന് മാനസിക പ്രശ്നങ്ങളും പ്രധാന കാരണമാണെന്നും ആഗോള തലത്തിൽ ആറിൽ ഒരാൾ ഇങ്ങനെ ജീവിക്കുന്നവരാണെന്നും ലോകാരോഗ്യ സംഘടന മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

മാനസികാരോഗ്യ സംരക്ഷണത്തിനായി അടിയന്തര നടപടികൾ ആവശ്യപ്പെടുന്ന കണ്ടെത്തലുകളാണ് വെള്ളിയാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലുള്ളത്.

കോവിഡ് മഹാമാരിയാണ് ആളുകളിൽ മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്ന ആരോപണങ്ങളെ റിപ്പോർട്ട് തള്ളിക്കളയുന്നു. കോവിഡിനു മുമ്പും 2019ൽ 100 കോടിയോളം പേർ മാനസിക ബുദ്ധിമുട്ടുകളുമായാണ് ജീവിച്ചത്. കോവിഡ് കാലത്ത് അത് കൂടിയെന്ന് മാത്രം. കോവിഡ് കാലത്ത് 14 ശതമാനം കൗമാരക്കാരും മാനസിക പ്രശ്നങ്ങൾ നേരിട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന്റെ ആദ്യവർഷം സാധാരണ മാനസിക ബുദ്ധിമുട്ടുകളായ വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളുടെ എണ്ണം 25 ശതമാനത്തിലേറെ ഉയർന്നിരുന്നു.

ലോകം മുഴുവൻ മാനസിക പ്രശ്നം രൂക്ഷമാകുമ്പോഴും ഇതിനെ കൈകാര്യം ചെയ്യുന്നത് വളരെ അപരിഷ്കൃതമായാണ്. ആരോഗ്യ ബജറ്റിന്റെ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് രാജ്യങ്ങൾ മാനസികാരോഗ്യത്തിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് ത​ന്നെ വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ചുരുങ്ങിയ ചിലവിൽ ഗുണമേൻമയുള്ള ചികിത്സ ലഭിക്കുന്നത്.

ബുദ്ധിമുട്ടുകൾ നേരിടുന്നവരോടുള്ള സമീപനങ്ങളിൽ മാറ്റം വരുത്താനും മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള നടപടികൾ സ്വീകരിക്കാനും റിപ്പോർട്ട് ആവശ്യപ്പടുന്നു.

മാനസിക പ്രശ്നങ്ങളുള്ളവർ അപമാനമാണെന്ന് കരുതുന്നതും അവരോട് വിവേചനം കാണിക്കുന്നതും അവരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്നതും അവസാനിപ്പിക്കണം. 20 ഓളം രാജ്യങ്ങളിൽ ഇപ്പോഴും ആത്മഹത്യാശ്രമം കുറ്റകൃത്യമാണ്. പല മാനസിക സംഘർഷങ്ങളിൽപ്പെട്ട് അവ താങ്ങാനാകാതെ ആകുമ്പോഴാണ് പലരും ആത്മഹത്യക്ക് ശ്രമിക്കുന്നത്. അവർക്ക് വേണ്ട മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുന്നതിന് പകരം ​കേസെടുത്ത് കുറ്റക്കാരാക്കുകയാണ് ചെയ്യുന്നത്.

ആഗോള തലത്തിൽ ഓരോ മരണം നടക്കുമ്പോഴും 20 ആത്മഹത്യാശ്രമങ്ങൾ നടക്കുന്നുണ്ട്. അതേസമയം, ഓരോ100 മരണങ്ങളിലും ഒന്നിൽ കൂടുതൽ എണ്ണം ആത്മഹത്യയാണ്. യുവ ജനങ്ങളുടെ മരണത്തിന്റെ പ്രധാനകാരണവും ആത്മഹത്യയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മാനസികാരോഗ്യ സംരക്ഷണത്തിനായുള്ള ചെലവുകൾ എല്ലാവരുടെയും നല്ല ജീവിതത്തിനും ഭാവിക്കും വേണ്ടിയുള്ള നിക്ഷേപങ്ങളാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. മാനസികാരോഗ്യ സംരക്ഷണത്തിനായി എല്ലാ രാജ്യങ്ങളും അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനാ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - The World Health Organization (WHO) says one in eight people live with mental disorder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.