ഇന്ന് ലോക മാനസികാരോഗ്യ ദിനം; മനസ്സ് തുറക്കാം, മടിക്കാതെ

ലോകത്താകമാനമുള്ള കുട്ടികൾ ഇന്ന് വിവിധ തരത്തിലുള്ള മാനസിക സമ്മർദങ്ങളും വെല്ലുവിളികളും നേരിടുന്നുണ്ട്. ഉത്കണ്ഠ, വിഷാദം, ശ്രദ്ധക്കുറവ്, ഹൈപ്പർ ആക്ടിവിറ്റി, പെരുമാറ്റവൈകല്യങ്ങൾ എന്നിവ കുട്ടികളിൽ സാധാരണയായി കണ്ടുവരുന്നു. സ്ക്രീനുകൾക്ക് മുന്നിൽ അധികസമയം ചെലവഴിക്കുന്നത് കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യത്തെ സാരമായി ബാധിക്കുന്നു. സമൂഹമാധ്യമങ്ങളിലെ തെറ്റായ സന്ദേശങ്ങൾ കൗമാരക്കാരെ എളുപ്പത്തിൽ വഴിതെറ്റിക്കാനും ലഹരിക്കും മോശം കൂട്ടുകെട്ടുകൾക്കും അടിമകളാക്കാനും ഇടയാക്കുന്നുണ്ട്. പഠനഭാരം, കുടുംബപ്രശ്നങ്ങൾ, സാമ്പത്തികപ്രതിസന്ധികൾ എന്നിവയും അവരെ ബാധിക്കുന്നു.

പരസ്പരസ്നേഹവും തുറന്ന ആശയവിനിമയവുമുള്ള അന്തരീക്ഷത്തിനേ ഇതിനൊരു പരിഹാരം കണ്ടെത്താൻ സാധിക്കൂ. നാളത്തെ പൗരരായ കുട്ടികളുടെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് അവർക്ക് കൃത്യമായ പിന്തുണ നൽകേണ്ടത് നമ്മുടെ കടമയാണ്. കുട്ടികൾ തങ്ങളുടെ വിഷമങ്ങൾ മാതാപിതാക്കളോടും അധ്യാപകരോടും മടിക്കാതെ തുറന്നുപറയാൻ തയ്യാറാകണം.

മാതാപിതാക്കൾക്ക് ചെയ്യാവുന്നത്

കുട്ടികൾക്കൊപ്പം കളിക്കാനും അവരുടെ വിശേഷങ്ങൾ കേൾക്കാനും ദിവസവും സമയം കണ്ടെത്തുക.കുട്ടികളുമായി സൗഹൃദത്തോടെയും തുറന്ന മനസ്സോടെയും സംസാരിക്കുക.മറ്റു കുട്ടികളുമായി നിരന്തരം താരതമ്യം ചെയ്യുന്നത് പൂർണമായും ഒഴിവാക്കുക. കൃത്യമായ ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവ കുട്ടികളിൽ ഉറപ്പാക്കുക.

അധ്യാപകരുടെയും സമൂഹത്തിന്റെയും പങ്ക്

കുറ്റപ്പെടുത്തലുകൾ ഒഴിവാക്കുക: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ നിരന്തരം കുറ്റപ്പെടുത്താതെ, അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുക. വീണുപോയേക്കുമെന്ന് കരുതിയ ലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതം അധ്യാപകരുടെ പരിശ്രമവും പ്രോത്സാഹനവും വഴി മെച്ചപ്പെട്ട നിലയിലേക്ക് മാറിയിട്ടുണ്ട്. അതേസമയം, വിദ്യാർഥികൾ മാനസികമായി തകരുന്നതിനും ജീവിതം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനും അധ്യാപകരുടെ മോശം പെരുമാറ്റങ്ങൾ കാരണമായ നിരവധി സംഭവങ്ങളുമുണ്ട്. അമിതപ്രതീക്ഷകൾ അടിച്ചേൽപ്പിക്കാതിരിക്കുക, കുട്ടികളുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകി അവരെ സ്വതന്ത്രമായി ചിന്തിക്കാനും വളരാനും അനുവദിക്കുക.

മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള മാർഗങ്ങൾ:

മാനസികസമ്മർദം കുറയ്ക്കാനും ഏകാഗ്രത നിലനിർത്താനും വിദ്യാർഥികൾ ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങണം. കായികവിനോദങ്ങൾ, നടത്തം, നീന്തൽ, ഓട്ടം അല്ലെങ്കിൽ യോഗ എന്നിവയിൽ ദിവസവും അരമണിക്കൂറെങ്കിലും ഏർപ്പെടുക. ഇത് സന്തോഷം നൽകുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കാനും മനസ്സിന് ഉന്മേഷം പകരാനും സഹായിക്കും.വായന, സംഗീതം, ചിത്രരചന, ചെസ്സ് തുടങ്ങിയ ഇഷ്ടവിനോദങ്ങൾക്കായി സമയം മാറ്റിവെക്കുക. ഇത് മാനസികസമ്മർദം കുറയ്ക്കാൻ മികച്ച മാർഗമാണ്. പഠനം കൃത്യമായി ആസൂത്രണം ചെയ്യുകയും ടൈംടേബിൾ ക്രമീകരിക്കുകയും ചെയ്യുക. ഇത് പരീക്ഷാഭീതി ഒഴിവാക്കാൻ ഉപകരിക്കും. പരാജയഭീതി മാറ്റിനിർത്തി, ‘‘എനിക്ക് ഇതിന് സാധിക്കും’’ എന്ന ശുഭാപ്തിവിശ്വാസം വളർത്തിയെടുക്കുക.ജങ്ക് ഫുഡുകൾ പരമാവധി ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.

സാമൂഹിക പിന്തുണയും ആശയവിനിമയവും

തുറന്നു സംസാരിക്കുക: വിഷമങ്ങളോ പഠനഭാരമോ ഉണ്ടാകുമ്പോൾ അത് ഉള്ളിലൊതുക്കാതെ മാതാപിതാക്കളോടോ വിശ്വസ്തരായ അധ്യാപകരോടോ സുഹൃത്തുക്കളോടോ പങ്കുവെക്കുക. അമിതമായ സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ അനാവശ്യമായ താരതമ്യങ്ങൾക്കും വിഷാദത്തിനും കാരണമാകും. അതിനാൽ സ്ക്രീൻ സമയം പരിമിതപ്പെടുത്തുക.

മാനസിക ബുദ്ധിമുട്ടുകൾ സ്വയം നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെയോ അംഗീകൃത കൗൺസിലറുടെയോ സഹായം തേടാൻ ഒട്ടും മടിക്കരുത്. മാനസികാരോഗ്യത്തിനായി വിദഗ്ധസഹായം തേടുന്നത് ബലഹീനതയല്ല, മറിച്ച് സ്വയം കരുത്തുറ്റവരാകാനുള്ള ശരിയായ ചുവടുവെപ്പാണ്.

Tags:    
News Summary - Parenting Tips for Student Mental Health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.