പ്രതീകാത്മക ചിത്രം

ജീവിതം ഇല്ലാതാക്കുന്ന അപകര്‍ഷതാബോധം; പരിഹാരമുണ്ടോ?

സിന്ധു (പേര് സാങ്കൽപ്പികം) വിന് ഇളം കറുപ്പ് നിറമാണ്. സാമാന്യം സൗന്ദര്യമൊക്കെയുണ്ടെങ്കിലും ക്ലാസിലെ വെളുത്ത പെൺകുട്ടികളെ അപേക്ഷിച്ച് തനിക്ക് സൗന്ദര്യം ഇല്ലെന്ന തോന്നൽ അവളിൽ വേരൂന്നി. മാത്രമല്ല മറ്റു കുട്ടികൾ പാടുകയും ഡാൻസ് ചെയ്യുന്നതുമൊക്കെ കാണുമ്പോൾ അവൾക്ക് അതിന് കഴിയുന്നില്ലല്ലോ എന്ന തോന്നൽ അവളിൽ അപകർഷത ബോധം ഉളവാക്കി. എന്നാൽ സിന്ധു നന്നായി ചിത്രം വരയ്ക്കും. ചെറിയ ക്ലാസുകളിൽ നന്നായി പഠിച്ചിരുന്ന അവൾ ഇത്തരം അപകർഷത ബോധം നിമിത്തം പഠനത്തിൽ പിന്നോക്കം പോയി. ഒമ്പതാം ക്ളാസിൽ പഠിക്കുമ്പോഴാണ് അവൾക്ക് പരീക്ഷയിൽ തീരെ മാർക്ക് കുറഞ്ഞത് . അവൾ എപ്പോഴും മ്ലാനമായി കാണപ്പെട്ടു. വീട്ടുകാർ കാര്യം തിരക്കി. കാര്യമായ മറുപടിയൊന്നും ലഭിച്ചില്ല. അവർ അവളെ ഒരു മനഃശാസ്ത്ര കൗൺസിലറുടെ അടുത്തു കൊണ്ടുപോയി. പല തവണ കൗൺസിലിങ്ങിനു വിധേയമായ അവൾ അപകർഷത ബോധത്തിൽ നിന്ന് പൂർണമായും മുക്തയായി. പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷനോടെ അവൾ വിജയിച്ചു. അവൾ ഇപ്പോൾ നന്നായി ചിത്രം വരക്കും. പാടും ഡാൻസ് ചെയ്യും.

''ഓരോരുത്തർക്കും ഓരോ കഴിവുകളാണ് ദൈവം നൽകിയിരിക്കുന്നത്. മറ്റുള്ളവരുടെ കഴിവുകൾ കണ്ട് തനിക്കും അതുപോലെ ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന് കുണ്ഠിതപ്പെടരുത്. തന്നിലുള്ള കഴിവുകൾ വളർത്തിയെടുക്കണം. അതിൽ അഭിമാനം കൊള്ളണം. ഞാൻ ആരാണ്? എന്താണ്? എനിക്ക് എന്തൊക്കെ കഴിവുകളുണ്ട്. എന്ന് സ്വയം ചോദിച്ച് ഉത്തരം കണ്ടെത്തണം. അപ്പോൾ നമുക്ക് വിഷമിക്കേണ്ടി വരില്ല."- മനഃശാസ്ത്ര കൗൺസിലറുടെ വാക്കുകൾ അവർക്ക് പ്രചോദനമേകി.

അപകര്‍ഷതാബോധം

സ്വന്തം കഴിവുകേടുകളെപ്പറ്റിയുള്ള അതിബോധം. ഇതു ഭാഗികമായോ പൂര്‍ണമായോ ഒരുവന്റെ അബോധമനസ്സിലാണ് സ്ഥിതിചെയ്യുന്നത്. സ്വന്തം കുറവുകളില്‍ അപകര്‍ഷത തോന്നുക സ്വാഭാവികമാണ്. എന്നാല്‍ ഈ അപകര്‍ഷത നിയന്ത്രിക്കാന്‍ കഴിയാതെവരുമ്പോള്‍ അബോധമനസ്സിലേക്ക് തള്ളപ്പെടുകയും അത് അപകര്‍ഷതാബോധമായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ അര്‍ഥത്തിലാണ് മനഃശാസ്ത്രജ്ഞരും മനോരോഗവിദഗ്ധരും അപകര്‍ഷതാബോധത്തെ മനസ്സിലാക്കുന്നതും വ്യവഹരിക്കുന്നതും. എന്നാല്‍ സ്വാഭാവികമായി തോന്നുന്ന അപകര്‍ഷവിചാരത്തെയാണ് (Inferiority feeling) സാധാരണജനങ്ങള്‍ അപകര്‍ഷതാബോധമെന്ന് പറയാറുള്ളത്.

ആല്‍ഫ്രഡ് ആഡ്ലറാണ് അപകര്‍ഷതാബോധത്തെപ്പറ്റി കൂടുതല്‍ പഠനം നടത്തിയ മനഃശാസ്ത്രജ്ഞന്‍. എല്ലാവരിലും അപകര്‍ഷതാബോധം ഉടലെടുക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പരസഹായം തേടേണ്ടിവരുന്ന ശിശുവിനു അപകര്‍ഷതാബോധം ഉണ്ടാകും. കഴിവുകള്‍ ക്രമേണ വികസിക്കുകയും മറ്റുള്ളവരെ ആശ്രയിക്കാതെ തന്നെ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ പ്രാപ്തിയുണ്ടാവുകയും ചെയ്യുമ്പോള്‍ ഇതിന് ഏറെക്കുറെ മാറ്റമുണ്ടാകുന്നു. ശാരീരിക മാനസികവൈകല്യങ്ങള്‍, ജനനമുറ, താണ സാമൂഹ്യസ്ഥിതി, പരാജയങ്ങള്‍ തുടങ്ങി അനേകകാര്യങ്ങള്‍ ഒരുവനില്‍ അപകര്‍ഷതാബോധമുളവാക്കാന്‍ പര്യാപ്തമാകുന്നു. ഇവ പരിഹരിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുന്നു. ലൈംഗികജീവിതത്തിലുള്ള തകരാറുകള്‍ പലപ്പോഴും അപകര്‍ഷതാബോധത്തില്‍നിന്നും ഉളവാകുന്നവയാണ്. അപകര്‍ഷതാബോധം ലഘുമനോരാഗങ്ങള്‍, വിഷാദരോഗം, ഉന്മാദം എന്നിവയ്ക്കെല്ലാം കാരണമാകാം. അഗാധമായ അപകര്‍ഷതാബോധം ചിലരെ ആത്മഹത്യയ്ക്കും പ്രേരിപ്പിക്കാറുണ്ട്.

വിവിധ പ്രായങ്ങളിലുള്ളവർക്ക് അപകർഷതാബോധം പിടികൂടാം. അപകർഷത സങ്കീർണമാകാതിരിക്കാൻ സ്വയം പരിചരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നെഗറ്റീവ് ചിന്താ രീതികളെ വെല്ലുവിളിക്കുക, മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തുക. നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക, നിങ്ങളെ പിന്തുണയ്ക്കുന്ന ആളുകളുമായി സഹകരിക്കുക, ജേണലിങ് പോലുള്ള രീതികളിലൂടെ നിങ്ങളുടെ സ്വന്തം ശക്തികളും നേട്ടങ്ങളും തിരിച്ചറിയുക. സ്ഥിരമായ വികാരങ്ങൾക്ക്, കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (CBT) പോലുള്ള ചികിത്സകളിലൂടെ പ്രൊഫഷണൽ സഹായം തേടുന്നത് വളരെ ഫലപ്രദമായിരിക്കും. നന്നായി ഭക്ഷണം കഴിക്കുന്നതിലൂടെയും, വ്യായാമം ചെയ്യുന്നതിലൂടെയും, നിങ്ങൾ ഇഷ്ടപ്പെടുന്ന ഹോബികളിൽ ഏർപ്പെടുന്നതിലൂടെയും വ്യാപരിക്കുക. ആത്മാഭിമാനം വളർത്തുന്നതിന് നിങ്ങളുടെ മനസ്സിനും ആത്മാവിനും വേണ്ടിയുള്ള സ്വയം പരിചരണം അത്യാവശ്യമാണ്.

മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് അന്യായമാണെന്ന് തിരിച്ചറിയുക, കാരണം എല്ലാവർക്കും വ്യത്യസ്ത പശ്ചാത്തലങ്ങളും അവസരങ്ങളുമുണ്ട്. നിങ്ങളുടെ സ്വന്തം യാത്രയിലും അതുല്യമായ ഗുണങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നെഗറ്റീവ് സ്വയം സംസാരം, പ്രത്യേകിച്ച് "എല്ലാം അല്ലെങ്കിൽ ഒന്നുമില്ല" എന്ന ചിന്തയെ തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക. നിങ്ങളുടെ തെറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നിങ്ങളുടെ ശക്തികളിലും മൂല്യങ്ങളിലും പോസിറ്റീവ് കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ഡയറി സൂക്ഷിച്ച് നിങ്ങൾ നന്ദിയുള്ള കാര്യങ്ങൾ പതിവായി എഴുതുന്നത് നിങ്ങൾക്ക് ഇല്ലാത്തതിൽ നിന്ന് മറ്റുള്ളവരുടെ സ്നേഹവും കരുതലും ഉൾപ്പെടെ നിങ്ങൾക്കുള്ളതിലേക്ക് ശ്രദ്ധ മാറ്റാൻ സഹായിക്കും.

നിങ്ങളുടെ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തിലെ വികാരങ്ങൾ, നിർദ്ദേശങ്ങൾ, ആശങ്കകൾ എന്നിവ പങ്കിടാൻ ഭയപ്പെടരുത്. അപകർഷത ബോധമുള്ള വ്യക്തികളെ ഒപ്പമുള്ളവർ തിരിച്ചറിഞ്ഞ് അവരുടെ കഴിവുകളിൽ പ്രകീർത്തിച്ചും ആത്മ സംതൃപ്തി നൽകുന്ന സംസാരങ്ങളിലൂടെയും ഒരു പരിധി വരെ മാറ്റിയെടുക്കാവുന്നതാണ്. മൈൻഡ്ഫുൾനെസ് ഉൾപ്പെടുന്ന ഡയലക്റ്റിക്കൽ ബിഹേവിയർ തെറാപ്പി (DBT), അല്ലെങ്കിൽ മുൻകാല അനുഭവങ്ങൾ പര്യവേക്ഷണം ചെയ്യുന്ന സൈക്കോഡൈനാമിക് തെറാപ്പി പോലുള്ള മറ്റ് ചികിത്സാ സമീപനങ്ങളും ഗുണം ചെയ്യും. നേട്ടബോധം വളർത്തിയെടുക്കുന്നതിന് നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വ്യക്തമായ രൂപരേഖകൾ സൃഷ്ടിക്കുക. മൈൻഡ്ഫുൾനെസും ധ്യാനവും പരിശീലിക്കുക വഴി സമ്മർദ്ദം കുറയ്ക്കാനും നെഗറ്റീവ് വികാരങ്ങൾ കൈകാര്യം ചെയ്യാനും വർത്തമാന നിമിഷത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും കഴിയും.


Tags:    
News Summary - Inferiority Complex

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.