കുട്ടിക്കാല ട്രോമകൾ മാനസിക ആരോഗ്യത്തെ ബാധിക്കും; മാതാപിതാക്കൾ ശ്രദ്ധിക്കാതെ പോകരുതേ

ഏറ്റവും നിഷ്കളങ്കമായാണ് കുട്ടിക്കാലത്തെ കാണുന്നത്. അതുകൊണ്ട് തന്നെ സംരക്ഷിക്കപ്പെടേണ്ട ഒരു കാലം കൂടിയാണിത്. എന്നാൽ ഭയം, അവഗണന, വൈകാരിക സമ്മർദങ്ങൾ എന്നിവ കുട്ടികളെ സാരമായി ബാധിക്കും. ആഘാതകരമായ അനുഭവങ്ങളും ആദ്യകാല മാനസിക മുറിവുകളും കാലക്രമേണ കുട്ടികളുടെ മാനസികാരോഗ്യത്തിനെ തകിടം മറിക്കും. കുട്ടിക്കാലത്തെ ട്രോമകൾ എന്നാൽ വലിയ അപകടങ്ങളോ ദുരന്തങ്ങളോ മാത്രമല്ല. സുരക്ഷിതത്വവും സംരക്ഷണവും നഷ്ടപ്പെടുത്തുന്നതും ഒരു കുട്ടിയെ നിസ്സഹായനാക്കുന്നതുമായ എല്ലാ അനുഭവങ്ങളും ഇതിൽ ഉൾപ്പെടാം. 'അഡ്വേഴ്സ് ചൈൽഡ്ഹുഡ് എക്സ്പീരിയൻസസ്' (ACEs) എന്നാണ് കുട്ടിക്കാലത്തെ ട്രോമകൾ അറിയപ്പെടുന്നത്. ഈ അനുഭവങ്ങൾ തലച്ചോറിന്‍റെ വികാസത്തെയും സമ്മർദത്തോട് പ്രതികരിക്കുന്ന രീതിയേയും തകരാറിലാക്കാം.

കുട്ടിക്കാലത്ത് ഉണ്ടാകുന്ന വേദന കാലകാലങ്ങളോളം കുട്ടിയെ വേട്ടയാടും. പോരാട്ടം അല്ലെങ്കിൽ ഒളിച്ചോട്ടം തുടങ്ങിയ പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറാണ്. തുടർച്ചയായ ട്രോമാറ്റിക് അനുഭവങ്ങൾ ഇതിനെ അമിതമായി സജീവമാക്കുകയും സാധാരണ സാഹചര്യങ്ങളിൽ പോലും വലിയ ഭയവും ഉത്കണ്ഠയും ഉണ്ടാക്കുകയും ചെയ്യും. ഓർമകളെയും സമ്മർദ നിയന്ത്രണത്തെയും സഹായിക്കുന്ന ഭാഗമാണ് ഹിപ്പോകാമ്പസ്. ട്രോമ കാരണം ഉണ്ടാകുന്ന ഉയർന്ന അളവിലുള്ള സ്ട്രെസ് ഹോർമോണുകൾ ഈ ഭാഗത്തിന്‍റെ വലുപ്പം കുറക്കാനും പ്രവർത്തനങ്ങളെ തകരാറിലാക്കാനും ഇടയാക്കും. ഇത് ഓർമക്കുറവിനും വിഷാദത്തിനും കാരണമാവാം.

അവഗണനയോ അബ്യൂസിവ് പെരുമാറ്റങ്ങളോ സുരക്ഷിതമായ ബന്ധങ്ങൾ രൂപപ്പെടുത്താനുള്ള കഴിവിനെ തടസ്സപ്പെടുത്തുകയും വളരുന്തോറും മറ്റുള്ളവരെ വിശ്വസിക്കുന്നതിനോ ആരോഗ്യകരമായ ബന്ധങ്ങൾ നിലനിർത്തുന്നതിനോ ബുദ്ധിമുട്ടാക്കുകയും ചെയ്യും. ഈ വൈകാരിക വെല്ലുവിളികൾ വിഷാദം, സ്വയം ഉപദ്രവിക്കൽ എന്നിവക്കും കാരണമായേക്കാം. ട്രോമ അനുഭവിച്ച കുട്ടികൾക്ക് ചെറിയ സമ്മർദങ്ങൾ പോലും കടുത്ത വൈകാരിക പ്രതികരണങ്ങളിലേക്ക് നയിച്ചേക്കാം. വിട്ടുമാറാത്ത വൈകാരിക ക്ലേശങ്ങൾ ശാരീരിക ആരോഗ്യത്തെയും സ്വാധീനിക്കും. ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, ദുർബലമായ പ്രതിരോധശേഷി തുടങ്ങിയ അവസ്ഥകൾക്കുള്ള സാധ്യത വർധിപ്പിക്കും. മാതാപിതാക്കൾ കുട്ടികളുടെ ശാരീരിക-മാനസിക പ്രശ്നങ്ങളെ പരിഗണിക്കാതെ പോകരുത്. ഒരു കുട്ടിയെ ട്രോമയിൽ നിന്ന് സംരക്ഷിക്കാനും അതിനെ മറികടക്കാൻ സഹായിക്കാനും മാതാപിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരക്ഷിതത്വമുള്ള അന്തരീക്ഷം: കുട്ടിയുടെ വീട് എന്നത് സ്നേഹവും സുരക്ഷിതത്വവും നിറഞ്ഞ ഒരിടമായി നിലനിർത്തുക. വീട്ടിൽ വഴക്കുകളും അക്രമങ്ങളും പരമാവധി ഒഴിവാക്കുക.

തുറന്ന ആശയവിനിമയം: കുട്ടിയുമായി സൗഹൃദപരമായ ബന്ധം സ്ഥാപിക്കുക. അവർക്ക് എന്ത് പ്രശ്നമുണ്ടെങ്കിലും നിങ്ങളോട് തുറന്ന് സംസാരിക്കാനുള്ള സ്വാതന്ത്ര്യം നൽകുക. വികാരങ്ങളെ അടിച്ചമർത്തരുത്.

ശ്രദ്ധ: കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കുക. പെട്ടെന്നുള്ള ദേഷ്യം, ഒറ്റപ്പെടാനുള്ള ഇഷ്ടം, ഉറക്കമില്ലായ്മ, സ്കൂളിലെ പ്രകടനത്തിലെ കുറവ് എന്നിവ ട്രോമയുടെ ലക്ഷണങ്ങളാകാം.

അനുഭാവപൂർവ്വമായ പ്രതികരണം: കുട്ടി ഭയമോ സങ്കടമോ പ്രകടിപ്പിക്കുമ്പോൾ അതിനെ തള്ളിക്കളയാതെ, അവരുടെ വികാരങ്ങളെ അംഗീകരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുക.

പ്രൊഫഷണൽ സഹായം: ട്രോമയുടെ ലക്ഷണങ്ങൾ കണ്ടാൽ ഒരു മാനസികാരോഗ്യ വിദഗ്ധന്‍റെ സഹായം തേടാൻ മടിക്കരുത്. കുട്ടികൾക്കായുള്ള പ്ലേ തെറാപ്പി, ട്രോമ ഫോക്കസ്ഡ് തെറാപ്പി എന്നിവ ലഭ്യമാണ്. 

Tags:    
News Summary - Childhood traumas can affect mental health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.