ക്രിസ്മസ് എന്നത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും പ്രകാശത്തിന്റെയും ആഘോഷമാണ്. എന്നാൽ ബഹളങ്ങളിൽ നിന്ന് മാറി സമാധാനപരമായി ക്രിസ്മസ് ആഘോഷിക്കുന്നത് യുവാക്കൾക്കിടയിൽ പുതിയ ട്രെൻഡ് ആയി മാറിയിട്ടുണ്ട്. ആർഭാടങ്ങളോ ബഹളങ്ങളോ ഇല്ലാതെ വളരെ ലളിതമായും സമാധാനപരമായും ആഘോഷിക്കുന്ന രീതിയാണിത്. വലിയ പാർട്ടികൾക്കോ ആൾക്കൂട്ടത്തിനോ പകരം സ്വന്തം വീട്ടിൽ പ്രിയപ്പെട്ടവരോടൊപ്പം (കുടുംബാംഗങ്ങൾ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കൾ) മാത്രം സമയം ചെലവഴിക്കുന്ന ഈ രീതി ക്വയറ്റ് ക്രിസ്മസ് (Quiet Christmas) എന്നറിയപ്പെടുന്നു. തിരക്കേറിയ ലോകത്തെ ബഹളങ്ങളിൽ നിന്ന് മാറി നിന്ന് മനസ്സിന് ശാന്തിയും സന്തോഷവും നൽകുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് സഹായിക്കുന്നു. സമ്മാനങ്ങൾ വാങ്ങുന്നതിനോ വിരുന്നുകൾ ഒരുക്കുന്നതിനോ ഉള്ള സാമ്പത്തികവും മാനസികവുമായ സമ്മർദങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഇത് സഹായിക്കുന്നു.
ഒരു ആഘോഷം എങ്ങനെ വേണം എന്നത് പൂർണ്ണമായും ആ വ്യക്തിയുടെ താല്പര്യത്തെയും സാഹചര്യത്തെയും ആശ്രയിച്ചിരിക്കും. സാധാരണയായി ആഘോഷങ്ങൾ എന്ന് പറയുമ്പോൾ ഷോപ്പിങ്, പാചകം, അതിഥികളെ സ്വീകരിക്കൽ എന്നിങ്ങനെ വലിയ തിരക്കായിരിക്കും. ഇത് പലപ്പോഴും വലിയ മാനസിക സമ്മർദമുണ്ടാക്കാറുണ്ട്. എന്നാൽ ശാന്തമായ ആഘോഷം മനസ്സിന് യഥാർത്ഥ വിശ്രമം നൽകുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിൽ ഫോണുകൾ ഒഴിവാക്കി, ക്രിസ്മസ് ട്രീയുടെ വെളിച്ചത്തിൽ ഇരിക്കുകയോ, വീട്ടിലിരുന്ന് ഭക്ഷണം കഴിക്കുകയോ, കുടുംബത്തോടൊപ്പം സിനിമ കാണുകയോ, പുസ്തകങ്ങൾ വായിക്കുകയോ പോലുള്ള ലളിതമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇത് സമ്മർദ്ദം കുറക്കാനും ആഴത്തിലുള്ള സന്തോഷം കണ്ടെത്താനും സഹായിക്കുന്നു. പലപ്പോഴും ഇത് ആത്മപരിശോധനക്കും സ്വയം പരിചരണത്തിനും വേണ്ടിയുള്ള സമയമായി കണക്കാക്കുന്നു.
ലളിതമായ ആഘോഷത്തിൽ കുടുംബാംഗങ്ങളോടോ അടുത്ത സുഹൃത്തുക്കളോടോ ഒപ്പം സമയം ചെലവഴിക്കുമ്പോൾ ബന്ധങ്ങൾ കൂടുതൽ ദൃഢമാകുന്നു. ഹൃദയം തുറന്നുള്ള സംഭാഷണങ്ങൾക്ക് ഇത് അവസരമൊരുക്കുന്നു. അമിതമായ ഭക്ഷണവും ഉറക്കമില്ലാത്ത രാത്രികളും ഒഴിവാക്കാൻ ക്വയറ്റ് ക്രിസ്മസ് സഹായിക്കുന്നു. എല്ലാവർക്കും ഒരുപോലെ അനുയോജ്യമാകണമെന്നില്ല. ഓരോരുത്തരുടെയും സ്വഭാവം, സാഹചര്യം, താല്പര്യം എന്നിവ അനുസരിച്ച് ഇതിന്റെ ഫലം മാറും. കൂടുതൽ ആളുകളെ കാണുന്നതും, സംസാരിക്കുന്നതും, പാർട്ടികളിൽ പങ്കെടുക്കുന്നതുമാണ് ചിലർക്ക് ഊർജ്ജം നൽകുന്നത്. അങ്ങനെയുള്ളവർക്ക് ശാന്തമായ ആഘോഷം ബോറടിക്കാനോ അല്ലെങ്കിൽ ഒറ്റപ്പെട്ടതുപോലെ തോന്നാനോ സാധ്യതയുണ്ട്.
ഇത് നല്ലതാണോ അല്ലയോ എന്നത് നിങ്ങളുടെ മനസ്സിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും. നിങ്ങൾക്ക് സന്തോഷം നൽകുന്നത് ലളിതമായ ആഘോഷമാണെങ്കിൽ അത് തിരഞ്ഞെടുക്കാം. അല്ല ആളുകൾക്കൊപ്പം ആഘോഷിക്കുന്നതാണ് സന്തോഷമെങ്കിൽ അങ്ങനെയും ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.