കിഡ്നി തകർക്കുമോ സ്കിൻ ക്രീമുകളി​ലെ മെർക്കുറി? രാജ്യത്ത് എട്ട് ബ്രാൻഡുകളിൽ അനുവദനീയമായതിന്റെ ആയിരം മട​ങ്ങെന്ന് പഠനം, മുന്നറിയിപ്പ്

ന്യൂഡൽഹി: ​ ഓൺലൈൻ പ്ളാറ്റ്ഫോമുകളിൽ വിൽപ്പന പൊടിപൊടിക്കുന്ന സ്കിൻ ക്രീമുകളിൽ പലതിന്റെയും ഉപയോഗം ജീവൻ തന്നെ അപകടത്തിലാ​ക്കിയേക്കാമെന്ന് മുന്നറിയിപ്പ്. മാനദണ്ഡങ്ങൾ പ്രകാരം നിഷ്‍കർഷിച്ചതിനേക്കാൾ 1000 മടങ്ങ് വരെ അധികമാണ് പല ക്രീമുകളിലെയും മെർക്കുറിയുടെ അളവ്. ഇത് കിഡ്നി തകരാറടക്കം ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് വ​ഴി​വെച്ചേക്കുമെന്ന് ആരോഗ്യവിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

മെർക്കുറി വിഷബാധയിൽ നിന്ന് പ്രകൃതിയെയും ജീവജാലങ്ങളെയും സംരക്ഷിക്കാൻ ലക്ഷ്യമിടുന്ന സീറോ മെർക്കുറി വർക്കിങ് ഗ്രൂപ് പുറത്തുവിട്ട റിപ്പോർട്ടിലാണ് മുന്നറിയിപ്പുള്ളത്. അന്താരാഷ്ട്രതലത്തിൽ വിപണികളിൽ ലഭ്യമായ അപകടകരമായ വിധം മെർക്കുറി അടങ്ങിയിരിക്കുന്ന സ്കിൻ ക്രീമുകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്.

പരിശോധനക്ക് വിധേയമാക്കിയ 31 ക്രീമുകളിൽ 25 എണ്ണത്തിലും നിയമപരമായി അനുവദനീയമായ 1 പാർട്സ് പർ മില്യൺ (പി.പി.എം) എന്ന അളവിനേക്കാൾ ആയിരം മടങ്ങോളമാണ് മെർക്കുറിയുടെ സാന്നിധ്യ​മെന്ന് കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു. ഇന്ത്യയിലെ വിവിധ ബ്രാൻഡുകൾ വിപണിയിലെത്തിക്കുന്ന എട്ട് ക്രീമുകളിൽ ഇത് 7331 മുതൽ 27,431 പി.പി.എം വരെയാണെന്നാണ് കണ്ടെത്തൽ.

‘ഇന്ത്യയിലെ മുഖ്യധാര ബ്രാൻഡുകൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെങ്കിലും, വിദേശ, അസംഘടിത മേഖലയിലെ നിർമ്മാതാക്കൾ ഓൺലൈൻ വിപണികളിൽ ഉയർന്ന മെർക്കുറി സാന്നിധ്യമുള്ള ക്രീമുകൾ വിൽക്കുന്നത് തുടരുകയാണ്. ഇത് ദേശീയ തലത്തിൽ നിലവിലുള്ള മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനമാണ്. മഹാരാഷ്ട്ര അകോലയിലെ ഒരു കുടുംബത്തിലെ മൂന്ന് സ്ത്രീകൾക്ക് മെർക്കുറി അടങ്ങിയ ക്രീമുകളുടെ ഉപയോഗത്തെ തുടർന്ന് വൃക്ക തകരാറിലായത് ദേശീയതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ വാർത്തയായിരുന്നു,’ ടോക്സിക്സ് ലിങ്ക് അസോസിയേറ്റ് ഡയറക്ടർ സതീഷ് സിൻഹ പറഞ്ഞു. രാജ്യത്തുടനീളം ഘന ലോഹ, വിഷ മലിനീകരണത്തെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് ഡൽഹി കേന്ദ്രീകരിച്ച്  പ്രവർത്തിക്കുന്ന സംഘടനയാണ് ടോക്സിക്സ് ലിങ്ക്.

മെർക്കുറി അടങ്ങിയ ക്രീമുകൾ അത്ര അപകടകാരികളോ?

ഓൺലൈൻ വിപണികളിൽ ചൂടപ്പം പോലെ വിറ്റഴിയുന്ന പല സ്കിൻ ക്രീമുകളിലും അനുവദനീയമായതിലധികം മെർക്കുറി അടങ്ങിയിട്ടുണ്ട്. ശരീരത്തിന്റെ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നതടക്കം മെർക്കുറി അമിതമായി ശരീരത്തിലെത്തുന്നതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നിരവധിയാണ്. വൃക്കയും കരളും തകരാറിലാവുന്നതിനും ഇത് കാരണമാവും. തൊലിയുടെ നിറത്തിന് കാരണമാകുന്ന മെലാനിൻ ഉത്പാദനം കുറക്കാൻ സഹായിക്കുന്നത് കൊണ്ടാണ് മെർക്കുറി ഇത്തരം ക്രീമുകളിൽ ചേർക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ചില ക്രീമുകൾ കേടുകൂടാതെ സൂക്ഷിക്കാനും മെർക്കുറി ചേർക്കുന്നതായി ഡെൽഹി ഇന്ദ്ര​പ്രസ്ഥ അപ്പോളോ ആശുപത്രി മുതിർന്ന ചർമ്മരോഗ വിദഗ്ദനായ ഡോ. ഡി.എം മഹാജൻ പറയുന്നു.

ഇത്തരം ക്രീമുകൾ ശീലമുണ്ടാക്കുമെന്ന് അറിയാതെയാണ് പല ഉപഭോക്താക്കളും ഉപയോഗിച്ചുതുടങ്ങുന്നതെന്ന് ഡോ. മഹാജൻ പറയുന്നു. ഇവ ഉപയോഗിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഫലം കണ്ടുതുടങ്ങും. നിറുത്തിയാൽ വീണ്ടും തൊലി ഇരുളും, ചി​ലപ്പോൾ ചുവന്നുതടിപ്പും, ചൊറിച്ചിലും അസ്വസ്ഥതയുമുണ്ടാവും. ചില സാഹചര്യത്തിൽ മുടികൊഴിയുന്നതിനും ഇത് കാരണമാവാറുണ്ട്. റിവേഴ്സ് പ്രതിഭാസമെന്നാണ് ഈ സാഹചര്യം അറിയപ്പെടുന്നതെന്നും ഡോ. മഹാജൻ പറയുന്നു.

പാർശ്വഫലമുയർത്തുന്ന ആശങ്ക

തൊലിക്ക് പുറമെ, ഇത്തരം ക്രീമുകളുടെ ഉപയോഗത്തിലുടെ ശരീരത്തിലെത്തുന്ന മെർക്കുറി നെഫ്രോട്ടിക് സിൻഡ്രോം എന്ന സാഹചര്യത്തിനും കാരണമായേക്കാം. കിഡ്നികൾ അധിക പ്രോട്ടീൻ മൂത്രം വഴി പുറന്തള്ളുന്ന സാഹചര്യമാണിത്. ഇത് കാലക്രമേണ കിഡ്നിയുടെ പ്രവർത്തനം തകരാറിലാക്കുന്നതിലേക്ക് വഴിതെളിക്കും. വായിൽ പുണ്ണുണ്ടാവുന്നതിനും നാഡീവ്യവസ്ഥയിൽ പ്രശ്നങ്ങളുണ്ടാവുന്നതിനും അമിതമായി ശരീര​ത്തിലെത്തുന്ന മെർക്കുറി വഴിതെളിക്കുമെന്നും ഡോ. മഹാജൻ പറയുന്നു.

ഉപയോഗം എങ്ങനെ ഒഴിവാക്കാം?

ലോകാരോഗ്യ സംഘടനയുടെ (ഡബ്ള്യു.എച്ച്.ഒ) മുന്നറിയിപ്പനുസരിച്ച്, കാലോമെൽ, സിന്നബാരിസ്, ഹൈഡ്രാർഗൈറി ഓക്സിഡം റബ്രം അല്ലെങ്കിൽ ക്വിക്ക്‌സിൽവർ എന്നിങ്ങനെ ഉൽപ്പന്നത്തിലെ ലേബലിലുള്ള വിവരങ്ങൾ മെർക്കുറി സാന്നിധ്യം വ്യക്തമാക്കുന്നതാണ്. ചേരുവകളുടെ പട്ടികയിൽ ‘മെർക്കുറി’ അല്ലെങ്കിൽ ‘മെർക്കുറിക്’ എന്ന വാക്ക് കണ്ടാൽ, അതിനർത്ഥം ഉൽപ്പന്നത്തിൽ മെർക്കുറി അടങ്ങിയിരിക്കുന്നു എന്നാണ്.

ഉൽപ്പന്നം വെള്ളി, സ്വർണ്ണം, റബ്ബർ, അലുമിനിയം, ആഭരണങ്ങൾ എന്നിവയിൽ നിന്ന് അകറ്റി സൂക്ഷിക്കണമെന്ന മുന്നറിയിപ്പും ​മെർക്കുറിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നതാവും. ചർമസംബന്ധമായ പ്രശ്നങ്ങൾക്ക് സ്വയം പ്രതിവിധി കണ്ടെത്തുന്നതിന് പകരം ഒരു ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുക. വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്രീമുകളാണെങ്കിൽ, യു.എസ് എഫ്.ഡി.എ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരമുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും ഡോ. മഹാജൻ ഉപദേശിക്കുന്നു. 

Tags:    
News Summary - Is kidney damage linked to mercury in skin-lightening creams bought online?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.