സംസ്ഥാനത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കുറയുന്നു

സംസ്ഥാനത്ത് എയ്ഡ്സ് രോഗികള്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കുറയുന്നതായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനം ആചരിക്കുമ്പോള്‍ ആശ്വാസമേകുന്ന വാര്‍ത്തയാണിത്. 2005 മുതലുള്ള കണക്കുപ്രകാരം ഏറ്റവും കുറവ് എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഈ വര്‍ഷമാണ്. ഈ വര്‍ഷം ഇതുവരെ 1199 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

കഴിഞ്ഞ വര്‍ഷം 1494 പേരിലാണ് പുതുതായി എയ്ഡ്സ് കണ്ടത്തെിയത്. 2005ല്‍ ഇത് 2627 പേരായിരുന്നു. 2007ലാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് -3972 പേര്‍.

അതേസമയം, എയ്ഡ്സ് രോഗപരിശോധനക്ക് വിധേയമാവുന്നവരുടെ എണ്ണത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നല്ല വര്‍ധനയുണ്ടായെന്നത് ശ്രദ്ധേയമാണ്.

ഏറ്റവും കൂടുതല്‍ ആളുകള്‍ എച്ച്.ഐ.വി പരിശോധനക്ക് വിധേയമായത് 2014ലാണ്. 5,12,001 പേരാണ് ആ വര്‍ഷം പരിശോധനക്ക് വിധേയമായത്. എന്നാല്‍, ഈ വര്‍ഷം ഒക്ടോബര്‍ വരെ 5,02,377 പേര്‍ പരിശോധന നടത്തി.

ഡിസംബറിലെ ദിനാചരണത്തിന്‍െറ ഭാഗമായി എണ്ണത്തില്‍ വര്‍ധനയുണ്ടാവും. 2005ല്‍ 30,596 പേര്‍ പരിശോധനക്ക് വിധേയമായപ്പോള്‍ 2627 പേരിലാണ് രോഗം കണ്ടത്തെിയത്. കൂടുതല്‍ രോഗം സ്ഥിരീകരിച്ച 2007ല്‍ 1,52,895 പേരാണ് പരിശോധനക്ക് വിധേയമായത്.

സംസ്ഥാനത്ത് പുരുഷന്മാരിലാണ് എയ്ഡ്സ് രോഗം കൂടുതലായി കാണപ്പെടുന്നത്. താരതമ്യേന സ്ത്രീരോഗികളുടെ എണ്ണം എല്ലാവര്‍ഷവും പുരുഷന്മാരെക്കാള്‍ കുറവാണ്. ഇത്തവണ 763 പുരുഷന്മാര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 436 സ്ത്രീകളില്‍ മാത്രമാണ് രോഗം കണ്ടത്തെിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2007ല്‍ തന്നെയാണ് കൂടുതല്‍ സ്ത്രീരോഗികളെയും കണ്ടത്തെിയത് -1725 പേര്‍.

അതേസമയം, പുരുഷന്മാരെക്കാള്‍ കൂടുതല്‍ എച്ച്.ഐ.വി പരിശോധനക്ക് വിധേയമാവുന്നത് സ്ത്രീകളാണെന്നതാണ് യാഥാര്‍ഥ്യം. 2005 മുതല്‍ 2011 വരെ ഏകദേശം പുരുഷന്മാരുടെ എണ്ണത്തെക്കാള്‍ ഇരട്ടി സ്ത്രീകള്‍ പരിശോധനക്ക് വിധേയമായിരുന്നു. എന്നാല്‍, പിന്നീടുള്ള വര്‍ഷങ്ങളെക്കാള്‍ സ്ത്രീപുരുഷ അനുപാതം കുറഞ്ഞുവരുന്നുണ്ടെങ്കിലും പരിശോധനയുടെ കാര്യത്തില്‍ സ്ത്രീകള്‍തന്നെയാണ് മുന്നില്‍. ഈ വര്‍ഷം ഒക്ടോബര്‍ വരെ 2,95,426 സ്ത്രീകളാണ് എച്ച്.ഐ.വി പരിശോധനക്ക് വിധേയമായത്.

 

 ലോക എയ്ഡ്സ് ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍

കണ്ണൂര്‍: ലോക എയ്ഡ്സ് ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ ഒന്നിന് കണ്ണൂരില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍  ഡോ.കെ. നാരായണ നായിക് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ‘കൈ ഉയര്‍ത്താം എച്ച്.ഐ.വി പ്രതിരോധത്തിനായി’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. വൈകീട്ട് ഏഴിന് ടൗണ്‍ സ്ക്വയറില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. എസ്.ബി.ടി പഠനസഹായ വിതരണം പി.കെ. ശ്രീമതി എം.പിയും അവാര്‍ഡ് ദാനം കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലതയും നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് ദിനാചരണ സന്ദേശം നല്‍കും. ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.

 

Tags:    
News Summary - number of aids patients are decreases in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.