നിറങ്ങളുടെ ഉത്സവമായ ഹോളി ഇന്ത്യയിലെ ഏറ്റവും സന്തോഷകരമായ ആഘോഷങ്ങളിലൊന്നാണ്. ഹോളി കഴിഞ്ഞെങ്കിലും ചിലയിടങ്ങളിൽ സൗകര്യമനുസരിച്ച് പല ദിവസങ്ങളിലായി നടക്കാറുണ്ട്. എന്നാൽ, വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ നിറങ്ങളിൽ പലപ്പോഴും ലെഡ് ഓക്സൈഡ്, കോപ്പർ സൾഫേറ്റ്, മൈക്ക, അസ്ബെസ്റ്റോസ്, പൊടിച്ച ഗ്ലാസ് തുടങ്ങിയ വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളിൽ അസ്വസ്ഥതകൾ ഉണ്ടാക്കാൻ കാരണമാകും.
അലർജിക് കൺജങ്ക്റ്റിവിറ്റിസ്: കണ്ണിൽ അമിതമായ ചുവപ്പ്, ചൊറിച്ചിൽ, നീറ്റൽ എന്നിവ അനുഭവപ്പെടാം.
കോർണിയൽ അബ്രേഷൻ: കണ്ണിന്റെ ഉപരിതലത്തിൽ ചെറിയ പോറലുകൾ വീഴുകയും കഠിനമായ വേദനയും വെള്ളം വരികയും ചെയ്യാം.
കെമിക്കൽ ഇഞ്ചുറി: നിറങ്ങളിലെ ആസിഡ് അല്ലെങ്കിൽ ആൽക്കലി ഘടകങ്ങൾ കോർണിയക്ക് കേടുപാടുകൾ വരുത്തുകയും കാഴ്ച നഷ്ടപ്പെടാൻ വരെ കാരണമാകുകയും ചെയ്യാം.
ബ്ലണ്ട് ഇഞ്ചുറി: വെള്ളം നിറച്ച ബലൂണുകൾ കണ്ണിൽ എറിയുന്നത് കണ്ണിന് പരിക്കേൽക്കാനും, ലെൻസിന് സ്ഥാനചലനം സംഭവിക്കാനും സാധ്യതയുണ്ട്.
ഹോളി കളിക്കുമ്പോൾ കോൺടാക്റ്റ് ലെൻസ് ഒഴിവാക്കുന്നതാണ് ഏറ്റവും ഉചിതം. നിറങ്ങൾ ലെൻസിനുള്ളിൽ തങ്ങിനിൽക്കുന്നത് അണുബാധക്ക് കാരണമാകും. ലെൻസ് ഉപയോഗിക്കാതിരിക്കാൻ കഴിയാത്തവരാണെങ്കിൽ, നിറം കണ്ണിൽ കയറിയാൽ ഉടൻ തന്നെ ലെൻസ് എടുത്തുമാറ്റി കണ്ണുകൾ വൃത്തിയുള്ള വെള്ളത്തിൽ കഴുകുക.
കണ്ണിനെ സംരക്ഷിക്കാൻ സൺഗ്ലാസുകൾ ഉപയോഗിക്കുക. നിറം കണ്ണിൽ കയറിയാൽ ഒരിക്കലും തിരുമ്മരുത്. ഇത് മുറിവുകൾക്ക് കാരണമാകും. വെള്ളം നിറച്ച ബലൂണുകൾ കണ്ണിലേക്കും തലയിലേക്കും എറിയുന്നത് ഒഴിവാക്കുക.
ആദ്യം പരിഭ്രാന്തരാകാതെ ശാന്തമായിരിക്കുക. കോൺടാക്റ്റ് ലെൻസ് ഉണ്ടെങ്കിൽ ഉടൻ തന്നെ അഴിച്ചുമാറ്റുക. വൃത്തിയുള്ള കുടിവെള്ളം കൈവെള്ളയിലെടുത്ത് കണ്ണുകൾ മെല്ലെ കഴുകുക. കണ്ണുകൾ ഇടയ്ക്കിടെ ചിമ്മി വെള്ളം ഉള്ളിലെത്താൻ സഹായിക്കുക. നേരിട്ട് കണ്ണിലേക്ക് വെള്ളം ശക്തിയായി തെറിപ്പിക്കരുത്. ഷവറിലോ ടാപ്പിലോ ഉള്ള സൗമ്യമായ ജലപ്രവാഹത്തിന് കീഴിൽ കണ്ണുകൾ കഴുകുന്നതും നല്ലതാണ്. പ്രശ്നം ഗുരുതരമാണെങ്കിൽ ഉടൻ തന്നെ വൈദ്യസഹായം തേടുക. ഹോളിക്ക് ശേഷം കണ്ണിന് ചുറ്റുമുള്ള ഭാഗങ്ങൾ മൃദുവായി മസാജ് ചെയ്ത് നിറങ്ങൾ നീക്കം ചെയ്യുക. മോയിസ്ചറൈസർ ഉപയോഗിച്ച് ചർമം ഈർപ്പമുള്ളതാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.