കുടലും തലച്ചോറും തമ്മിൽ ബന്ധമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ കുടലും തലച്ചോറും തമ്മിൽ ബന്ധമുണ്ട്. ഇതിനെ 'ഗട്ട്-ബ്രെയിൻ ആക്സിസ്' (Gut-Brain Axis) എന്ന് പറയുന്നു. ഇത് തലച്ചോറും കുടലും തമ്മിലുള്ള ഒരു ദ്വിമുഖ ആശയവിനിമയ ചാനലാണ്. അതായത് തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ കുടലിനെയും (ടെൻഷൻ വരുമ്പോൾ വയറുവേദന വരുന്നത് പോലെ), കുടലിൽ നിന്നുള്ള സിഗ്നലുകൾ തലച്ചോറിനെയും ബാധിക്കും. സുഷുമ്നാ നാഡിയിലെ ന്യൂറോണുകൾക്ക് സമാനമായി ലക്ഷക്കണക്കിന് നാഡീകോശങ്ങൾ കുടലിലുണ്ട്.
നമ്മുടെ ചിന്തകളും വികാരങ്ങളും ദഹനത്തെ സ്വാധീനിക്കുകയും, ദഹനപ്രക്രിയയുടെയും കുടലിലെ ബാക്ടീരിയകളുടെയും ആരോഗ്യം മാനസികാവസ്ഥയെ സ്വാധീനിക്കുകയും ചെയ്യുന്നു. കുടലിൽ 500 ദശലക്ഷത്തിലധികം ന്യൂറോണുകളുള്ള ഒരു നാഡീവ്യൂഹമുണ്ട്. ഇതിനെ 'രണ്ടാമത്തെ മസ്തിഷ്കം'എന്ന് വിളിക്കുന്നു. ഇത് തലച്ചോറിന് പുറത്ത് സ്വതന്ത്രമായി പ്രവർത്തിക്കുമെങ്കിലും തലച്ചോറുമായി നിരന്തരം സംവദിക്കുന്നു. സെറോടോണിൻ പോലുള്ള പല ന്യൂറോട്രാൻസ്മിറ്ററുകളും (സന്തോഷം നൽകുന്ന ഹോർമോണുകൾ) കുടലിലാണ് ഉൽപാദിപ്പിക്കപ്പെടുന്നത്. ഇത് തലച്ചോറിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നു. കുടലിലെ നല്ല ബാക്ടീരിയകൾ തലച്ചോറിന്‍റെ ആരോഗ്യം, മാനസികാവസ്ഥ, പ്രതിരോധശേഷി എന്നിവയെ സ്വാധീനിക്കും.
സമ്മർദം കുടലിനെയും കുടൽ ആരോഗ്യം സമ്മർദത്തെയും ബാധിക്കും. ഉത്കണ്ഠ, വിഷാദം എന്നിവ കുടലിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങൾ കഴിക്കുന്ന ഭക്ഷണമാണ് കുടലിലെ ബാക്ടീരിയകളെ തീരുമാനിക്കുന്നത്. തൈര്, പുളിപ്പിച്ച ഭക്ഷണങ്ങൾ എന്നിവ പോലുള്ള പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും അത് വഴി മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യും. കുടലിലെ സൂക്ഷ്മജീവികൾ രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്നു.
നമ്മുടെ കുടലിൽ കാണപ്പെടുന്ന നാഡീവ്യൂഹത്തെ എന്‍ററിക് നെർവസ് സിസ്റ്റം (Enteric Nervous System - ENS) എന്ന് പറയുന്നു. ദഹനനാളത്തെ പൊതിഞ്ഞ് കാണപ്പെടുന്ന, നൂറ് ദശലക്ഷത്തിലധികം നാഡീകോശങ്ങൾ അടങ്ങിയ വലിയ ശൃംഖലയാണ് എന്‍ററിക് നെർവസ് സിസ്റ്റം (ENS) എന്നറിയപ്പെടുന്ന ദഹനനാളത്തിലെ നാഡീവ്യൂഹം. ഇത് നമ്മുടെ യഥാർത്ഥ തലച്ചോറിലെ സുഷുമ്നാ നാഡിയിലേതിനേക്കാൾ കൂടുതൽ ന്യൂറോണുകൾ ഉള്ള ഒന്നാണ്. ദഹനപ്രക്രിയയെ സ്വയം നിയന്ത്രിക്കാൻ ഇതിന് കഴിയും. അതായത് മസ്തിഷ്കത്തിൽ നിന്നുള്ള നേരിട്ടുള്ള നിർദേശങ്ങളില്ലാതെ തന്നെ ദഹനരസങ്ങൾ പുറപ്പെടുവിക്കാനും, ഭക്ഷണം കടന്നുപോകുന്നതിന്‍റെ വേഗത നിയന്ത്രിക്കാനും ഈ എന്‍ററിക് നെർവസ് സിസ്റ്റം സഹായിക്കും.
വാഗസ് നാഡി തലച്ചോറിനെയും കുടലിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നാഡിയാണ്. കുടലിൽ നിന്നുള്ള മിക്കവാറും എല്ലാ വിവരങ്ങളും (വേദന, വീക്കം, സംതൃപ്തി) ഇതൊക്കെ തലച്ചോറിലേക്ക് എത്തിക്കുന്നത് ഈ നാഡിയാണ്. കുടലിലെ ലക്ഷക്കണക്കിന് ബാക്ടീരിയകളാണ് ഈ ബന്ധത്തിലെ ഒരു പ്രധാന കണ്ണി. ഇവ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കൾ രക്തത്തിലൂടെ തലച്ചോറിലെത്തുകയും അതിന്‍റെ പ്രവർത്തനത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുകയും ചെയ്യും. ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) പോലുള്ള ദഹനപ്രശ്നങ്ങളും ഉത്കണ്ഠയും വിഷാദവും പോലുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും തമ്മിൽ ശക്തമായ ബന്ധമുണ്ട്.
ഇറിറ്റബിൾ ബവൽ സിൻഡ്രോം (IBS) എന്നത് വയറുവേദന, വയറു വീർക്കൽ, മലബന്ധം അല്ലെങ്കിൽ വയറിളക്കം, ഗ്യാസ് എന്നിവ സാധാരണയായി കാണപ്പെടുന്ന ഒരു ദീർഘകാല കുടൽ രോഗമാണ്. ഇത് വൻകുടലിനെ ബാധിക്കുന്നു, എന്നാൽ വൻകുടലിന് ഗുരുതരമായ കേടുപാടുകളോ കാൻസറോ ഉണ്ടാക്കുന്നില്ല. ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങൾ, മരുന്നുകൾ എന്നിവയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കാൻ സാധിക്കും, ഉത്കണ്ഠ പോലുള്ള മാനസിക ഘടകങ്ങളും ഇതിനെ സ്വാധീനിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.