നിങ്ങൾ ഇയർ ബഡ്‌സ് ഉപയോഗിക്കുന്നവരാണോ? എങ്കിൽ ചെവിയുടെ ആരോഗ്യം അപകടത്തിലാണ്; മുന്നറിയിപ്പുമായി വിദഗ്ധർ

ചെവിക്കുള്ളിൽ ഒരു ചെറിയ അസ്വസ്ഥതയോ ചൊറിച്ചിലോ തോന്നിയാലുടൻ ഒരു കോട്ടൺ ബഡ്‌സ് എടുത്ത് ചെവിയിലിട്ട് തിരിക്കുന്നത് നമ്മളിൽ പലരുടെയും ശീലമാണ്. ചെവിയിലെ അഴുക്ക് നീക്കം ചെയ്യാൻ ബഡ്‌സ് അത്യാവശ്യമാണെന്ന ധാരണയാണ് ഇതിന് പിന്നിൽ. എന്നാൽ, ഈ ശീലം ചെവിയുടെ ആരോഗ്യത്തിന് അത്യന്തം ദോഷകരമാണെന്നും കേൾവിശക്തിയെ വരെ ബാധിക്കുമെന്നുമാണ് അന്താരാഷ്ട്ര പഠനങ്ങളും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കെയർ എക്സലൻസിന്റെ റിപ്പോർട്ടും പ്രമുഖ ഡോക്ടർ മാർട്ടിൻ സ്കറും ഈ അപകടസാധ്യതയെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നുണ്ട്.

യഥാർഥത്തിൽ നമ്മുടെ ചെവികൾ സ്വയം ശുചീകരിക്കാൻ ശേഷിയുള്ള അവയവങ്ങളാണ്. ചെവിക്കുള്ളിൽ രൂപപ്പെടുന്ന മെഴുക് പുറത്തുനിന്നുള്ള പൊടിയും അഴുക്കും പിടിച്ചെടുത്ത് സ്വാഭാവികമായി തന്നെ പുറന്തള്ളപ്പെടേണ്ടതാണ്. ഈ പ്രക്രിയയെ ബഡ്‌സ് ഉപയോഗിച്ച് തടസ്സപ്പെടുത്താൻ ശ്രമിക്കുമ്പോൾ അഴുക്ക് കൂടുതൽ ഉള്ളിലേക്ക് തള്ളപ്പെടുകയും കർണപടത്തിന് ഗുരുതരമായ പരിക്കുകൾ സംഭവിക്കുകയും ചെയ്യും. ഇത്തരത്തിലുണ്ടാകുന്ന ചെറിയ പരിക്കുകൾ പോലും വലിയ രീതിയിലുള്ള കേൾവി തകരാറുകൾക്ക് കാരണമാകാമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ചെവിയിലെ വിട്ടുമാറാത്ത ചൊറിച്ചിലിന്റെ പ്രധാന കാരണം 'എക്സിമാറ്റസ് ഓട്ടൈറ്റിസ് എക്സ്റ്റേണ' എന്ന അവസ്ഥയാണ്. ചെവിക്കുള്ളിലെ ചർമം വരണ്ടുപോകുന്ന ഒരുതരം അലർജി ആണിത്. ബഡ്‌സുകളുടെ അമിത ഉപയോഗം ചെവിക്കുള്ളിലെ മൃദുവായ തൊലിയിൽ മുറിവുകളുണ്ടാക്കുകയും ചൊറിച്ചിൽ വർധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ, കുളിക്കുമ്പോൾ ഉപയോഗിക്കുന്ന ഷാംപൂവിന്റെ അംശം ചെവിക്കുള്ളിൽ കടക്കുന്നതും ഇത്തരത്തിൽ ചൊറിച്ചിലും വീക്കവും ഉണ്ടാക്കാൻ കാരണമാകാറുണ്ട്.

ചെവിയിലെ അസ്വസ്ഥതകൾ മാറാൻ ലളിതമായ ചില മാർഗങ്ങളും വിദഗ്ധർ നിർദേശിക്കുന്നു. ചെവിയുടെ പുറംഭാഗത്ത് അമിതമായ വരൾച്ചയുണ്ടെങ്കിൽ വിരൽത്തുമ്പിൽ അൽപം വാസ്‍ലിനോ ഒലിവ് ഓയിലോ പുരട്ടുന്നത് ആശ്വാസം നൽകും. ചൊറിച്ചിൽ അസഹനീയമാണെങ്കിൽ ബഡ്‌സ് ഉപയോഗിച്ച് സ്വയം ചികിത്സക്ക് മുതിരാതെ ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കണം. ബഡ്‌സുകൾ പൂർണമായും ഒഴിവാക്കി ചെവിയുടെ സ്വാഭാവിക പ്രവർത്തനത്തെ സംരക്ഷിക്കുന്നതാണ് ആരോഗ്യത്തിന് ഉചിതമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Are you a user of earbuds? If so, your ear health is at risk; Experts warn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.