.mdm-story-date-cover > div { display: none !important; }

തലച്ചോറിൽ സ്വാഭാവികമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വൈദ്യുത സ്പന്ദനങ്ങളിലെ ആകസ്മികമായ വ്യതിയാനത്തെയാണ് അപസ്മാരമെന്ന് വിളിക്കുന്നത്. വിവിധ സംസ്കാരങ്ങളുടെയോ നാഗരികതയുടെതോ ആയി കണ്ടെടുത്ത പുരാതന ചികിത്സാരേഖകളിൽ പോലും അപസ്മാരത്തെപ്പറ്റി പരാമർശിക്കുന്നുണ്ട്. അന്ന് അതീന്ദ്രിയ ശക്തികളുടെ പരകായപ്രവേശമായി ഈ ലക്ഷണങ്ങളെ വിലയിരുത്തിയതിനെത്തുടർന്ന് അവർക്ക് സമൂഹത്തിൽ നിന്നും ഒറ്റപ്പെടലും മാറ്റിനിറുത്തലും ഏറെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

അന്നത്തെ സാഹചര്യത്തിൽ നിന്ന് നാം ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. അപസ്മാരമെന്നത് തലച്ചോറിലെ അനേക ലക്ഷം മസ്തിഷ്‌ക കോശങ്ങൾക്കിടയിൽ സദാ സമയവും നേർത്ത വൈദ്യുത സ്പന്ദനങ്ങളിലുള്ള മാറ്റമാണ്, ഇത് ശരിയായ സമയത്ത് ചികിത്സിച്ചാൽ സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചുവരാവുന്ന അവസ്ഥയുണ്ട്. ശൈശവാസ്ഥമുതൽ വാർധക്യം വരെ ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഏത് പ്രായക്കാരിലും വരാവുന്ന അസുഖമാണിതെന്നും നമുക്കറിയാം.

അപസ്മാരം ഒരേ വിധമല്ല

അപസ്മാരമുണ്ടാകുന്ന ലക്ഷണങ്ങൾ ഏതു തരത്തിലുള്ളതാണ് എന്നതിന്റെ അടിസ്ഥാനത്തിൽ രോഗത്തെ പല തരത്തിൽ തിരിക്കാറുണ്ട്. എവിടെ നിന്നാണ് അപസ്മാര ബാധ എന്നു തിരിച്ചറിയുന്ന കാര്യത്തിലും ചികിത്സ നിശ്ചയിക്കുന്ന കാര്യത്തിലും ഇത് പ്രധാനമാണ്. ജെനറലൈസ്ഡ് എപിലെപ്സി എന്നു പറയുന്നത് നമ്മുടെ തലച്ചേറിന്റെ രണ്ട് അർധപാളികളെയും ഒരേ സമയം ബാധിക്കുന്നതാണ്. തലച്ചോറിലെ പ്രത്യേക ഭാഗത്തെ മാത്രം കേന്ദ്രീകരിക്കുന്ന അപസ്മാര ബാധയും ഉണ്ട്. ഇതിനെ ഫോക്കൽ എപിലെപ്സി എന്ന് വിളിക്കുന്നു. എവിടെ നിന്നാണ് അപസ്മാര ബാധ എന്നു തിരിച്ചറിയുന്ന കാര്യത്തിലും ചികിത്സ നിശ്ചയിക്കുന്ന കാര്യത്തിലും ഇവ തിരിച്ചറിയുന്നത് പ്രധാനമാണ്. തലച്ചോറിൽ അപസ്മാര കാരണമായ സ്ഥലം എവിടെയാണ് എന്നതിനെ ആശ്രയിച്ചാണ് ഒരാൾക്ക് ലക്ഷണങ്ങൾ പ്രകടമാകുക. ചിലർ പൊടുന്നനെ ബോധംകെട്ട് വെട്ടിയിട്ടതു പോലെ വീണുപോവും.

കൈകാലുകൾ വിലക്ഷണമായി ചലിപ്പിച്ചു കൊണ്ടിരിക്കാറുണ്ട്. പെട്ടെന്നുണ്ടാകുന്ന ഞെട്ടിവിറയ്ക്കലുകൾ, കൈകാലുകളുടെയും മുഖപേശികളുടെയും അനിയന്ത്രിതമായ ചലനങ്ങൾ, വിചിത്രമായ തോന്നലുകൾ, തുറിച്ചുനോട്ടങ്ങൾ തുടങ്ങിയ അവസ്ഥകളിലേക്കും ഇത് രോഗികളെ കൊണ്ടെത്തിക്കും.

രോഗ നിർണ്ണയവും പരിശോധനയും

ഇ.ഇ.ജി (ഇലക്ട്രോ എൻസെഫലോഗ്രഫി) പരിശോധയിലൂടെയും ലക്ഷണങ്ങളെ വിലയിരുത്തിയുമാണ് ഒരാൾക്ക് ഏത് തരം അപസ്മാരമാണെന്ന് നിശ്ചയിക്കുക.

ഘടനാപരമായ കാരണങ്ങളാലോ (മുഴകൾ, പക്ഷാഘാതം, മസ്തിഷ്കത്തിലുണ്ടായ മുറിവ്, തലച്ചോറിന്റെ ഘടനാവ്യത്യസം), ജനിതകപരമായ കാരണങ്ങൾകൊണ്ടോ അണുബാധകാരണമോ പോഷണ പ്രശ്നങ്ങളാലോ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളാലോ അപസ്മാരമുണ്ടാകാം. ഇതാണ് തിരിച്ചറിയേണ്ടത്. ഇതിന് പുറമെ മൂന്നിലൊന്ന് രോഗികളിലും കാരണങ്ങൾ കണ്ടെത്താനാകുന്നില്ലെന്നത് വെല്ലുവിളിയാണ്. ചില രോഗികളെ ദിവസങ്ങളോളം സമ്പൂർണ്ണ നിരീക്ഷണത്തിൽ വച്ച് രോഗബാധ പൂർണ്ണമായും ചിത്രീകരിച്ചും തലച്ചോറിലുണ്ടാകുന്ന പ്രതികരണങ്ങൾ രേഖപ്പെടുത്തിയുമാണ് ആധുനിക അപസ്മാര ചികിത്സാ കേന്ദ്രങ്ങളിൽ രോഗനിർണ്ണയത്തിലേക്ക് എത്തിച്ചേരുന്നത്. ഇതിനായി രക്ത പരിശോധനക്ക് പുറമെ തലച്ചോറിന്റെ എം.ആർ.ഐ, പെറ്റ്, സ്പെക്ട് പരിശോധനകൾ രോഗനിർണ്ണയം എളുപ്പമാക്കും.

ചികിത്സ

അപസ്മാരത്തിന് ഹേതു എന്താണ് എന്ന് തിരിച്ചറിഞ്ഞാൽ മരുന്ന് കഴിച്ചുതുടങ്ങാം. 70 ശതമാനം രോഗികളിലും മരുന്ന് ഫലം ചെയ്യാറുണ്ട്. അവരെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാൻ ആധുനിക ചികിത്സ കൊണ്ടാകുന്നുണ്ട്. ഇന്ന് ലഭ്യമായ പുതുമരുന്നുകൾക്ക് പാർശ്വഫലങ്ങൾ കുറവാണ് എന്നതും ആശ്വാസകരമാണ്. ബാക്കി മരുന്ന് ഫലം ചെയ്യാത്ത 30 ശതമാനം രോഗികളെ തുടർപരിശോധനക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് ശസ്ത്രക്രിയക്കായി പരിഗണിക്കണോ എന്ന് തീരുമാനിക്കുക. എല്ലാ രോഗികൾക്കും ശസ്ത്രക്രിയ ഫലം ചെയ്യണമെന്നില്ല. രോഗബാധയുടെ പ്രഭവകേന്ദ്രം ഇ.ഇ.ജി, എം. ആർ. ഐ പോലുള്ള പരിശോധനകളിലൂടെ തിരിച്ചറിഞ്ഞതിനു ശേഷമുള്ള ശസ്ത്രക്രിയകൾ ഫലം ചെയ്യാറുണ്ട്. രോഗത്തിന്റെ സ്വഭാവം, രോഗബാധയുടെ പ്രഭവകേന്ദ്രം തുടങ്ങിയവ കൃത്യമായി നിർണ്ണയിച്ച ശേഷം തലച്ചോറു തുറന്ന് രോഗകേന്ദ്രത്തിൽ ശസ്ത്രക്രിയ നടത്തുകയാണ് ചെയ്യുക.

ശസ്ത്രക്രിയ സാധ്യമല്ലാത്ത രോഗികളിൽ കഴുത്തിലൂടെ തലച്ചോറിലേക്ക് സഞ്ചരിക്കുന്ന വാഗസ് ഞരമ്പിനെ ഉത്തേജിപ്പിക്കുന്ന വാഗസ് നെർവ് സ്റ്റിമുലേഷൻ അല്ലെങ്കിൽ തലച്ചോറിനുള്ളിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ എന്ന പ്രക്രിയ എന്നിവ പ്രയോജനപ്രദമായേക്കാം. ഭക്ഷണത്തിൽ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറച്ച് കൊഴുപ്പും പ്രോട്ടീനും വർദ്ധിപ്പിക്കുന്ന കീറ്റോജനിക് ഡയറ്റ് ചില രോഗികളിൽ വളരെ ഫലപ്രദമായി കാണപ്പെടുന്നു. ഇവ അപസ്മാരം ഉണ്ടാകുന്ന തവണകൾ കുറയ്ക്കാൻ സഹായകമാകും.

അപസ്മാരമുണ്ടാകുന്ന ഘട്ടങ്ങളിൽ ചികിത്സ ആവശ്യമില്ലെങ്കിലും ശ്രദ്ധ വേണ്ടതുണ്ട്. ഏതാനും മിനിട്ടുകൾ മാത്രമേ അപസ്മാരം നിൽക്കുകയുള്ളൂ. ഈ സമയം രോഗിയുടെ തല എവിടെയെങ്കിലും ചെന്നിടിക്കുകയും ഗുരുതര പരിക്കേൽക്കുകയും ചെയ്യുന്നത് ഒഴിവാക്കാനാവുന്നത് ചെയ്യണം. അവരെ ഒരു വശത്തേക്ക് ചരിച്ചു കിടത്തണം. എന്നാൽ തുടർച്ചയായി അപസ്മാര ലക്ഷണങ്ങൾ കാണിച്ചാൽ സ്റ്റാറ്റസ് എപിലെപ്റ്റിക്കസ് എന്ന അവസ്ഥയാണെന്ന് മനസ്സിലാക്കണം. ഈ അവസ്ഥ ഗുരുതരമാകയാൽ ഇത്തരക്കാരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കുകയും വേണം. 

മാറ്റിനിറുത്തേണ്ടവരല്ല അവർ

ഇന്ന് ദേശീയ അപസ്മാര ദിനമാണ്. ഈ ദിനത്തിൽ അപസ്മാരമുള്ളയാളെ ജോലിയിൽ നിന്നോ സാധാരണ സാമൂഹിക ജീവിതത്തിൽ നിന്നോ മാറ്റിനിർത്തേണ്ട കാര്യമില്ലെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഈ അസുഖത്തെ ചികിത്സിക്കാൻ കഴിയുന്ന ഒരു സാധാരണ രോഗമായി കരുതണം. അപസ്മാരം ഭാവിയിൽ ഉണ്ടാകാതിരിക്കാൻ ലക്ഷണങ്ങളറിഞ്ഞ് മികച്ച ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുകയാണ് വേണ്ടത്. അദ്ദേഹം നിർദ്ദേശിക്കുന്ന മരുന്നുകൾ കൃത്യമായി കഴിച്ച്, പരിശോധന നടത്തി അവസ്ഥ തിരിച്ചറിയണം. ആവശ്യത്തിന് ഉറക്കം, ടെൻഷനുകളിൽ നിന്ന് പരമാവധി മാറിനിൽക്കൽ എന്നിവയും ശ്രദ്ധിച്ചാൽ അപസ്മാരം കൂടുതൽ ഗുരുതരമാകുന്നത് ഒഴിവാക്കാനാകും. അപസ്മാരരോഗികൾക്ക് കൂടുതൽ ശുഭകരമായ ഭാവി ജീവിതം ഈ ദിനത്തിൽ പ്രതീക്ഷിക്കാം.

ഡോ. പൂർണ്ണിമ നാരായണൻ നമ്പ്യാർ
കൺസൾട്ടൻറ് ന്യൂറോളജിസ്റ്റ്, സെൻറർ ഫോർ ന്യൂറോ സയൻസസ്,
മേയ്ത്ര ഹോസ്പിറ്റൽ, കോഴിക്കോട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.